DCBOOKS
Malayalam News Literature Website

കൂപശാസ്ത്ര പ്രവേശികയെക്കുറിച്ച് എം വി വിഷ്ണുനമ്പൂതിരി എഴുതിയ വായനാനുഭവം

ഭൂഗര്‍ഭജലത്തിന്റെ ലഭ്യതയെക്കുറിച്ചും കിണറിന്റെ സ്ഥാനങ്ങളെക്കുറിച്ചുമുള്ള ആധികാരിക അറിവ് പകര്‍ന്നുനല്‍കുന്ന പുസ്തകമാണ് ഡോ സേതുമാധവന്‍ കോയിത്തട്ട എഴുതിയ കൂപശാസ്ത്ര പ്രവേശിക. സംസ്‌കൃതഗ്രന്ഥങ്ങളായ ‘ബൃഹത് സംഹിത’യും ‘മയമത’വും ‘മനുഷ്യാലയ ചന്ദ്രിക’യുമെല്ലാം പഠനവിഷയമാക്കിയിട്ടുള്ള ഈ ഗ്രന്ഥത്തിന് വി എം വിഷ്ണുനമ്പൂതിരി എഴുതിയ വായനാനുഭവം..

നീരറിവിന്റെ ശാസ്ത്രം

നമ്മുടെ ശരീരത്തില്‍ നിമ്‌നോന്നതസ്ഥിതിയിലുള്ള നാഡീവ്യൂഹങ്ങളിലൂടെ രക്തം സഞ്ചരിക്കുന്നതുപോലെയാണ് ഭൂമിക്കുള്ളിലും ജല ധാരകളുണ്ടാകുന്നത്. അത് കണ്ടെണ്ടത്താന്‍ കഴിയുന്നത് ബാഹ്യലക്ഷണങ്ങളിലൂടെയാണ്. ഈ ജലപരിജ്ഞാനം, വംശീയമായി പകര്‍ന്ന പാരമ്പര്യവിജ്ഞാനമെന്ന നിലയില്‍, നാടന്‍ ആശാരിമാരുടെ ജലവിജ്ഞാന (നാട്ടറിവ്) മായിത്തീര്‍ന്നിരിക്കുകയാണ്. നീരൊഴുക്ക് പുറമേ കാണപ്പെടാത്ത സ്ഥലങ്ങളില്‍ കുഴിച്ചാല്‍ ജലം ലഭിക്കുമോ എന്നറിയുന്നത് ബാഹ്യമായ നിരീക്ഷണത്തിലൂടെയാണ്. കടമ്പുവൃക്ഷം സ്ഥിതിചെയ്യുന്ന ദിക്കില്‍ പടിഞ്ഞാറുവശം മൂന്നു കോല്‍മാറി ഒന്നര ആള്‍ ആഴത്തില്‍ കുഴിച്ചാല്‍ ജലം ലഭിക്കുമെന്ന് ജലപരിജ്ഞാനമുള്ള ആശാരിമാര്‍ പറയാറുണ്ടണ്ട്. മേല്പറഞ്ഞലക്ഷണമുള്ളിടത്ത് അര ആള്‍ ആഴത്തില്‍ കുഴിച്ചാല്‍ വെളുത്ത തവളയെയും പിന്നെ മഞ്ഞ നിറമുള്ള മണ്ണും അതിനടിയില്‍ വെട്ടുപാറയും അതിനടിയില്‍ വെള്ളവും കാണുമെന്നാണ് ശാസ്ത്രവിധി. ഞാവല്‍ വൃക്ഷമുള്ളിടത്തുനിന്നു മൂന്നു കോല്‍ വടക്ക് രണ്ടണ്ടാള്‍ ആഴത്തില്‍ ജലം കാണാമത്രേ. ബാഹ്യമായി ജലം കാണാത്തിടത്ത് കരിനൊച്ചിയും അതിനടുത്ത് മണ്‍പുറ്റും കാണുകയാണെങ്കില്‍ മൂന്നുകോല്‍ തെക്കോട്ടുമാറി, രണ്ടുണ്ടേകാല്‍ ആഴത്തില്‍ കുഴിച്ചാല്‍സമൃദ്ധമായി ജലം ലഭിക്കുമത്രേ. ലന്തമരം, അത്തി, താന്നി, ഉങ്ങ്, മൈലെള്ള്, വരമഞ്ഞള്‍, അമ്പഴം, നീര്‍മാതളം, നെന്മേനിവാക തുടങ്ങിയ ചില വൃക്ഷങ്ങളുടെ സമീപത്തായാണ് പുറ്റുകാണുകയാണെങ്കില്‍ അവയുടെ സമീപം നിശ്ചിത ദൂരത്ത് കുഴിയെടുത്താല്‍ നിശ്ചിത ആഴത്തില്‍ ജലം കാണാമെന്നാണ് ലക്ഷണം പറയാറുള്ളത്.

പൂര്‍വ്വികര്‍ അനുഭവജ്ഞാനത്തിലൂടെ നേടിയ അറിവുകള്‍ പൂര്‍ണമായും വര്‍ത്തമാനാവസ്ഥകളുമായി ചിലപ്പോള്‍ യോജിച്ചില്ലെന്നുവരാം. നീരറിവിനെ സംബന്ധിച്ച് ഇത്രയും പ്രസ്താവിച്ചത് വാസ്തുശാസ്ത്രത്തില്‍ പരിണത പ്രജ്ഞനായ ഡോ. സേതുമാധവന്റെ കൂപശാസ്ത്രപ്രകാശിക എന്ന ഗ്രന്ഥം മുന്നില്‍ കണ്ടുകൊണ്ടാണ്. ഈ വസ്തുതതന്നെ വാസ്തുവിദ്യയിലും ഭൂഗര്‍ഭജല വിജ്ഞാനത്തിലും അദ്ദേഹത്തിനു സ്വായത്തമായ പരിജ്ഞാനത്തിന്റെ ആഴമറിയുവാന്‍ പര്യാപ്തമാണ്. കിണര്‍ എന്ന വിഷയത്തിന്റെ നാനാവശങ്ങളെയും സംശയലേശമന്യേ പരിചയപ്പെടുത്തുന്ന ഒരു ആധികാരിക കൃതിയാണിത്. കിണര്‍ കുഴിക്കേണ്ട സ്ഥാനം, അതിന്റെ ഫലങ്ങള്‍, കിണറുകളെക്കുറിച്ചുള്ള കേട്ടറിവുകളും അനുഭവങ്ങളും, കിണറുകളുടെ സുരക്ഷ, കിണറുകളില്‍നിന്നു വെള്ളം കോരിവന്നിരുന്ന ചില മാര്‍ഗ്ഗങ്ങള്‍, ഭൂഗര്‍ഭജല സ്രോതസ്സുകള്‍ കണ്ടെത്തുവാനുള്ള ഉപകരണങ്ങള്‍, കൂപശാസ്ത്ര പ്രതിപാദകമായ തത്ത്വങ്ങളനുസരിച്ച് ഭൂഗര്‍ഭജലം കണ്ടെത്തിയ ഗ്രന്ഥകാരന്റെ അനുഭവങ്ങള്‍ എന്നിവ പരിചയപ്പെടുവാന്‍ കഴിയുന്നു.

ഭൂഗര്‍ഭജലസ്രോതസ്സുകള്‍ കണ്ടെത്തുവാനും കൂപസ്ഥാന നിര്‍ണയത്തിനും ഗവേഷണബുദ്ധിയോടെ ഗ്രന്ഥകാരന്‍ നടത്തിയ അനുഭവങ്ങളുടെ ഊഷ്മളത ഈ ഗ്രന്ഥത്തില്‍ആദ്യന്തം ദര്‍ശിക്കാം. വിഷയത്തിന്റെനൂതനമായ ആവിഷ്‌കരണശൈലിആകര്‍ഷകമാണ്. വര്‍ത്തമാനകാലത്തിന് ഏറെ പ്രയോജനംചെയ്യുന്നതാണ് ഈ ഗ്രന്ഥമെന്നതില്‍ സംശയിക്കേണ്ടതില്ല.

 

Comments are closed.