DCBOOKS
Malayalam News Literature Website

താജ്മഹല്‍ ഇന്ത്യയുടെ അഭിമാനമാണെന്ന് കേരള ടൂറിസം

താജ്മഹലിനെച്ചൊല്ലി ഉത്തര്‍പ്രദേശിലും ബി.ജെ.പി സര്‍ക്കാരിലും തര്‍ക്കങ്ങളും ഇകഴ്ത്താനുള്ള ശ്രമങ്ങളും നടന്നുകൊണ്ടിരിക്കെയാണ് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയെ പരിഹസിക്കുകയാണോ എന്ന് തോന്നുന്ന വിധത്തില്‍ കേരള ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ താജ്മഹലിന് അഭിവാദ്യം അര്‍പ്പിച്ചിരിക്കുന്നത്.

‘ഇന്ത്യയെ കണ്ടെത്താന്‍ ദശലക്ഷക്കണക്കിന് പേരെ പ്രചേദിപ്പിച്ച താജ്മഹലിന് ദൈവത്തിന്റെ സ്വന്തം നാടിന്റെ പേരില്‍ അഭിവാദ്യങ്ങള്‍’ എന്നാണ് കേരള പ്രമോഷന്‍ കൗണ്‍സിലിന്റെ ഫേസ്ബുക്, ട്വിറ്റര്‍ അക്കൗണ്ടുകളില്‍ കുറിച്ചിരിക്കുന്നത്.

ലോകത്തെ ഏഴ് അദ്ഭുതങ്ങളില്‍ ഒന്നായ താജ്മഹല്‍ ഇന്ത്യയുടെ ചരിത്രത്തിന്റെയും അഭിമാനത്തിന്റെയും ഭാഗമായാണ് കണക്കാക്കപ്പെട്ടിരുന്നത്. എന്നാല്‍ ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍ പുറത്തിറക്കിയ ‘ഉത്തര്‍ പ്രദേശ് അപാര്‍ പര്യടന്‍’ എന്ന ബുക്ലെറ്റില്‍ നിന്നും താജ്മഹല്‍ ഒഴിവായതാണ് വിവാദത്തിന് തിരികൊളുത്തിയത്. നേരത്തെ, സംഗീത് സോം, വിനയ് കത്യാര്‍ എന്നീ ബി.ജെ.പി നേതാക്കള്‍ താജ് മഹലിനെ അപമാനിക്കുന്ന പ്രസ്താവനകള്‍ നടത്തിയതും കോളിളക്കമുണ്ടാക്കി. ഇതിന് പുറകെയാണ് ഇന്ത്യാക്കാരുടെ വിയര്‍പ്പുകൊണ്ട് പടുത്തുയര്‍ത്തിയതാണ് താജ്മഹല്‍ എന്ന പ്രസ്താവനയുമായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തന്നെ രംഗത്തെത്തിയത്.

എന്നാല്‍, ജനരക്ഷായാത്രക്കായി കേരളത്തിലെത്തിയ യോഗി ആദിത്യനാഥും പിണറായി വിജയനും തമ്മില്‍ നടന്ന ട്വിറ്റര്‍ യുദ്ധങ്ങളും ജനശ്രദ്ധ പിടിച്ചുപറ്റി. ഇതിനിടയില്‍ താജ് മഹലിനെക്കുറിച്ചും പിണറായി ചോദ്യങ്ങളുന്നയിച്ചിരുന്നു. ഇതിന് പിറകെയാണ് കേരള ടൂറിസം ഡിപ്പാര്‍ട്ട്‌മെന്റ് താജ്മഹലിന് അഭിവാദ്യമാര്‍പ്പിച്ചിരിക്കുന്നത്.

Comments are closed.