DCBOOKS
Malayalam News Literature Website

പിഎസ്‌സി ഫെയ്‌സ് ബുക്ക് പേജ് തുടങ്ങുന്നു

ഉദ്യോഗാര്‍ഥികള്‍ക്ക് സഹായകമാകുംവിധം പിഎസ്‌സി ഫെയ്‌സ് ബുക്ക് പേജ് തുടങ്ങുന്നു. വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കുന്ന വിവരങ്ങള്‍, അറിയിപ്പുകള്‍, വിജ്ഞാപനങ്ങള്‍, ഇന്റര്‍വ്യൂ കലണ്ടര്‍, പരീക്ഷാകലണ്ടര്‍, ബുള്ളറ്റിന്‍ കവര്‍പേജ് തുടങ്ങിയവ പേജിലുണ്ടാകും. അടിയന്തര അറിയിപ്പുകള്‍ ഫേസ്ബുക് പേജിലൂടെ അപ്‌ഡേറ്റ് ചെയ്യും. തിങ്കളാഴ്ചചേര്‍ന്ന പിഎസ്സി യോഗമാണ് ഈ തീരുമാനമെടുത്തത്. വിവരണാത്മക പരീക്ഷകളുടെ മൂല്യനിര്‍ണയത്തിന് സോഫ്‌റ്റ്വെയര്‍ വികസിപ്പിക്കാന്‍ സിഡിറ്റിനെ ഏല്‍പ്പിക്കാനും ഉത്തരക്കടലാസുകള്‍ ഓണ്‍സ്‌ക്രീന്‍ മാര്‍ക്കിങ് മാതൃകയില്‍ തയ്യാറാക്കാനും തീരുമാനിച്ചു. ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പിലെ അസിസ്റ്റന്റ് ഇന്‍ഫര്‍മേഷന്‍ ഓഫീസറടക്കം ഏഴ് തസ്തികയിലേക്ക് ഉടന്‍ അപേക്ഷ ക്ഷണിക്കും.

ഇന്‍ഷുറന്‍സ് മെഡിക്കല്‍ സര്‍വീസസ് വകുപ്പില്‍ അസിസ്റ്റന്റ് ഇന്‍ഷുറന്‍സ് മെഡിക്കല്‍ ഓഫീസര്‍ (പട്ടികജാതി/വര്‍ഗക്കാര്‍ക്കുള്ള പ്രത്യേക നിയമനം), മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ ഓഫ്താല്‍മിക് അസ്സിസ്റ്റന്റ് ഗ്രേഡ്2, കയര്‍ വികസന കോര്‍പറേഷനില്‍ സിസ്റ്റം അനലിസ്റ്റ് (പട്ടികവര്‍ഗക്കാര്‍ക്ക് മാത്രം), ദേശീയ എംപ്‌ളോയ്‌മെന്റ് സര്‍വീസില്‍ (കേരള) എംപ്‌ളോയ്‌മെന്റ് ഓഫീസര്‍ (പട്ടികജാതി/വര്‍ഗം), വിവിധ വകുപ്പുകളില്‍ കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ് ഗ്രേഡ്2 (പട്ടികജാതി/വര്‍ഗം), ഹോമിയോപ്പതി വകുപ്പില്‍ അറ്റന്‍ഡര്‍ ഗ്രേഡ്2 (പട്ടികവര്‍ഗം) എന്നീ തസ്തികകളിലേക്കും അപേക്ഷ ക്ഷണിക്കും.

മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ സീനിയര്‍ ലക്ചറര്‍ (അനാട്ടമി)എന്‍സിഎഒഎക്‌സ്.(365/2011) തസ്തികയ്ക്ക് രണ്ട് തവണ വിജ്ഞാപനംചെയ്തിട്ടും യോഗ്യരായവരെ ലഭിക്കാത്തതിനാല്‍ ഈ ഒഴിവുകള്‍ മാതൃറാങ്ക്പട്ടികയില്‍നിന്ന് ചട്ടപ്രകാരം നികത്തും. വിവിധ കമ്പനി/കോര്‍പറേഷനിലെ എല്‍ഡി ടൈപ്പിസ്റ്റ് തസ്തികയുടെ യോഗ്യത സിവില്‍ സപ്ലെസ് കോര്‍പറേഷനിലെ ടൈപ്പിസ്റ്റ് തസ്തികയ്ക്കും ബാധകമാക്കാനും പിഎസ്സി യോഗം തീരുമാനിച്ചു.

 

Comments are closed.