DCBOOKS
Malayalam News Literature Website

കേരള ലിറ്ററേച്ചര്‍ ഫെസ്​റ്റിവലിന് സ്ഥിരംവേദി കോഴിക്കോട് ഒരുങ്ങുന്നു

klf

കോഴിക്കോട്: ഡി.സി കിഴക്കേമുറി ഫൗ‍ണ്ടേഷൻ സംഘടിപ്പിക്കുന്ന കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന് കോഴിക്കോട് കടപുറത്ത് സ്ഥിരം വേദി ഒരുങ്ങുന്നു. എല്ലാ വർഷവും ഫെബ്രുവരിയില്‍ നടന്നുവരുന്ന ഫെസ്റ്റിവലിന്റെ മൂന്നാമത്തെ പതിപ്പ് പുതിയ വേദിയില്‍ നടത്തുന്ന രീതിയില്‍ നിര്‍മാണം പൂര്‍ത്തിയാക്കാനാണ് തീരുമാനം. ഇതിനായി നാലുകോടിയുടെ പ്രോജക്ടിന് സംസ്ഥാന ടൂറിസം വകുപ്പിന്റെ അംഗീകാരം ലഭിച്ചതായി ജില്ല കലക്ടര്‍ യു.വി. ജോസ് അറിയിച്ചു. വിനോദ സഞ്ചാരം, സാംസ്കാരികം തുടങ്ങിയ മേഖലകളില്‍ ശ്രദ്ധേയമായ കോഴിക്കോട് കടപ്പുറത്തെ സമഗ്രമായി സൗന്ദര്യവത്കരിക്കുന്നതിനുള്ള പദ്ധതിയിലാണ് ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ വേദി ഉള്‍പ്പെടുത്തിയത്. കഴിഞ്ഞ ബജറ്റില്‍ ഇത് പ്രഖ്യാപിച്ചിരുന്നു.

നഗരത്തിന്റെ ചരിത്രവും പാരമ്പര്യവും വിളിച്ചോതുന്ന തരത്തില്‍ ഒരു ‘സാംസ്കാരിക കടപ്പുറ’മാക്കി കോഴിക്കോട് ബീച്ചിനെ മാറ്റുകയെന്നതാണ് ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ വേദി നിര്‍മാണത്തോടൊപ്പം ലക്ഷ്യമിടുന്നത്. 2016 ഫെബ്രുവരിയിലാണ് ഡി.സി കിഴക്കേമുറി ഫൗ‍ണ്ടേഷന്റെ നേതൃത്വത്തില്‍ സാഹിത്യ-സാംസ്കാരിക ചര്‍ച്ചകള്‍ക്കും സംവാദങ്ങള്‍ക്കും ഇടമൊരുക്കിക്കൊണ്ട് കോഴിക്കോട് കടപ്പുറത്ത് ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ തുടങ്ങിയത്. സാംസ്കാരിക പരിപാടികള്‍ക്കും സംഗമങ്ങള്‍ക്കും മാത്രമായി ഒതുക്കാതെ കടല്‍കാണാനെത്തുന്നവര്‍ക്കെല്ലാം ഉപയോഗിക്കാവുന്ന രീതിയിലായിരിക്കും പുതിയ നിര്‍മാണ പ്രവര്‍ത്തനങ്ങളെന്ന് നിര്‍മാണ ചുമതലയുള്ള ആര്‍കിടെക്ടറ്റ് വിനോദ് സിറിയക് പറഞ്ഞു.

മൂന്നാമത് ഫെസ്റ്റിവല്‍ 2018 ഫെബ്രുവരി എട്ടിന് തുടക്കമാവും.  കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ തുറന്ന വേദികളിലാണ് തീ പാറുന്ന ചിന്തകളും വിഭിന്ന പ്രത്യയശാസ്ത്രങ്ങളും കണ്ണിനും മനസ്സിനും കുളിര്‍മയേകുന്ന കലാകാഴ്ചകളുമായി ഇരുന്നൂറില്‍പരം എഴുത്തുകാരും സാമൂഹികസാംസ്‌കാരിക പ്രവര്‍ത്തകരും തുറന്ന സംഭാഷണത്തിലേര്‍പ്പെടുന്നത്. സാഹിത്യപ്രേമികള്‍ക്കും വായനക്കര്‍ക്കും സാംസ്‌കാരിക പ്രവര്‍ത്തകര്‍ക്കും ഇതില്‍ പങ്കാളികളാകാം.

Comments are closed.