DCBOOKS
Malayalam News Literature Website

കേരളത്തിന് ഇന്ത്യാ ടുഡെയുടെ ദേശീയ പുരസ്കാരം

ഭരണരംഗത്തെ നേട്ടങ്ങൾ വിലയിരുത്തി ഇന്ത്യാ ടുഡെ നൽകുന്ന ദേശീയ പുരസ്കാരം കേരളത്തിന് ലഭിച്ചു. ഡല്‍ഹി ഗ്രാന്‍ഡ് ഹോട്ടലില്‍ സംഘടിപ്പിച്ച ചടങ്ങില്‍ കേരളത്തിനു വേണ്ടി മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിഥിന്‍ ഗഡ്കരിയില്‍ നിന്ന് ഏറ്റുവാങ്ങി.

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ഉയർന്ന സ്ത്രീ പ്രാതിനിദ്ധ്യം, അധികാര വികേന്ദ്രീകരണം, മികച്ച ഇ- സേവനങ്ങൾ, മികച്ച ഡിജിറ്റൽ സേവനങ്ങൾ, നാലുലക്ഷത്തിൽപ്പരം ആളുകൾക്ക് വീട്, ആർദ്രം മിഷൻ, പൊതുവിദ്യാഭ്യാസ യജ്ഞം, ഹരിത കേരളം തുടങ്ങിയവ അടിസ്ഥാനമാക്കിയാണ് കേരളത്തിന് അവാർഡ് ലഭിച്ചത്. മൊത്തത്തിലുളള പ്രവര്‍ത്തനത്തിന് ഹിമാചല്‍ പ്രദേശിനാണ് ബിഗ് സ്റ്റേറ്റ് പുരസ്കാരം.

ഹിമാചൽ മുഖ്യമന്ത്രി വീരഭദ്ര സിംഗ്, ഹരിയാന മുഖ്യമന്ത്രി മനോഹർലാൽ ഖട്ടർ, പുതുച്ചേരി മുഖ്യമന്ത്രി വി. നാരായണസ്വാമി, കേരളത്തിൽ നിന്ന് ചീഫ് സെക്രട്ടറി ഡോ. കെ.എം. എബ്രഹാം, മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി വി.എസ്. സെന്തിൽ, കേരള ഹൗസ് റെസിഡന്റ് കമ്മിഷണർ ഡോ. വിശ്വാസ് മേത്ത തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.

പൊതുസേവനങ്ങളിൽ ഏറ്റവും ഉയർന്ന നിലവാരം ഉറപ്പുവരുത്തുമെന്നും വികസനത്തിന്റെ രാഷ്ട്രീയം കാത്തുസൂക്ഷിക്കുമെന്നും പുരസ്കാരം ഏറ്റുവാങ്ങിയ ശേഷം മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. വികസന പന്ഥാവിലൂടെ നവകേരള സൃഷ്ടിയാണ് സർക്കാരിന്റെ ലക്ഷ്യം. ഇന്ത്യയിലെ ഏറ്റവും വികസിത സംസ്ഥാനമാണു കേരളം. എല്ലാക്കാലത്തും എല്ലാരംഗത്തും കേരളം ഉയർന്ന നേട്ടങ്ങളാണ് കൈവരിച്ചിട്ടുള്ളതിന്ന് അദ്ദേഹം പറഞ്ഞു.

Comments are closed.