DCBOOKS
Malayalam News Literature Website

ഗൗരി ലങ്കേഷിന്റെ ഘാതകരെ ഉടന്‍ പിടികൂടണമെന്ന് സഹോദരി

മാധ്യമപ്രവര്‍ത്തകയും ആക്ടിവിസ്റ്റുമായിരുന്ന ഗൗരി ലങ്കേഷിന്റെ ഘാതകരെ ഉടന്‍ പിടികൂടണമെന്ന് സഹോദരിയും സംവിധായികയുമായ കവിതാ ലങ്കേഷ്. കൊലപാതകത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്‍പ്പെടെയുള്ളവര്‍ അപലപിക്കണമായിരുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ഇത്തരം കൊലപാതകങ്ങളെ രാഷ്ട്രീയം നോക്കാതെ അപലപിക്കാനാകാത്ത, പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ളവരാണ് മരണം ആഘോഷിക്കുന്നവരുടെ പിന്‍ബലമെന്നും കവിത ചൂണ്ടിക്കാട്ടി. ഒരു സ്വാകാര്യ ചാനലിനോട് പ്രതികരിക്കുകയായിരുന്നു കവിത.

പുരോഗമന ആശയങ്ങളെ എതിര്‍ക്കുന്ന തീവ്രവാദ സ്വാഭാവമുള്ളവരാണ് ഗൗരിയുടെ കൊലപാതകത്തിനു പിന്നിലെന്ന് ആവര്‍ത്തിച്ച കവിത കര്‍ണാടക പോലീസിന്റെ അന്വേഷണത്തില്‍ തൃപ്തി രേഖപ്പെടുത്തി. കേരളം ഗൗരിയുടെ കുടുംബത്തിന് നല്‍കുന്ന മാനസിക പിന്തുണ വളരെ വലുതാണ്. ഗൗരിയുടെ ഘാതകരെ കണ്ടെത്തി ശിക്ഷിക്കുന്നത് രാജ്യത്തെ മാധ്യമപ്രവര്‍ത്തകര്‍ക്ക് നിര്‍ഭയരായി പ്രവര്‍ത്തിക്കാന്‍ മനോവീര്യം നല്‍കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. സെപ്റ്റംബര്‍ അഞ്ചിനായിരുന്നു ഗൗരി കൊല്ലപ്പെട്ടത്. ഇതുവരെ പ്രതികളെ പിടികൂടാനായിട്ടില്ല.

Comments are closed.