DCBOOKS
Malayalam News Literature Website

‘കശ്മീര്‍ ഇന്ത്യയില്‍ അല്ല’: ബീഹാറിലെ ചോദ്യപേപ്പര്‍

പട്‌ന: ബീഹാര്‍ വിദ്യാഭ്യാസ വകുപ്പ് കശ്മീര്‍ ഇന്ത്യയിലല്ലെന്ന് സൂചിപ്പിക്കുന്ന പരീക്ഷാ ചോദ്യപേപ്പര്‍ പുറത്തിറക്കി. പൊതു വിദ്യാഭ്യാസ വകുപ്പിന്റെ ഏഴാം ക്ലാസ്സിലേയ്ക്കുള്ള ചോദ്യപേപ്പറിലാണ് ഇന്ത്യയ്ക്കു പുറത്തുള്ള മറ്റൊരു രാജ്യമാണ് കശ്മീരെന്ന് സൂചനയുള്ള ചോദ്യമുള്ളത്.

ഇന്ത്യയെപ്പോലെ മറ്റൊരു രാജ്യമാണ് കശ്മീരും എന്ന് കാണിക്കുന്നതാണ് ചോദ്യം. ‘ചൈന, നേപ്പാള്‍, ഇംഗ്ലണ്ട്, കശ്മീര്‍, ഇന്ത്യ എന്നീ രാജ്യങ്ങളിലെ ജനങ്ങള്‍ ഏതു പേരുകളിലാണ് അറിയപ്പെടുന്നത്’ എന്നതായിരുന്നു ചോദ്യം. വൈശാലി ജില്ലയിലെ ഒരു സ്‌കൂളില്‍ പരീക്ഷയെഴുതിയ വിദ്യാര്‍ഥികളിലൊരാളാണ് തെറ്റ് കണ്ടെത്തിയത്. തുടര്‍ന്ന് വിദ്യാഭ്യാസ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരെ അറിയിക്കുകയായിരുന്നു.

ബീഹാര്‍ എഡ്യൂക്കേഷന്‍ പ്രൊജക്ട് കൗണ്‍സിലിന്റെ മേല്‍നോട്ടത്തില്‍ സര്‍വ്വശിക്ഷാ അഭിയാനാണ് പരീക്ഷ നടത്തുന്നത്. പരീക്ഷകള്‍ ഒക്ടോബര്‍ അഞ്ചിന് ആരംഭിച്ച് 11ന് ആണ് അവസാനിക്കുന്നത്. അച്ചടി തകരാറാണ് ഇത്തരമൊരു തെറ്റു സംഭവിക്കാനിടയാക്കിയതെന്നും സംഭവം വളരെ ഗുരുതരമായ പിഴവാണെന്നും ബിഇപിസി പ്രോഗ്രാം ഓഫീസര്‍ പ്രേം ചന്ദ്ര പറഞ്ഞു. സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

Comments are closed.