fbpx
DCBOOKS
Malayalam News Literature Website

കേരള രാഷ്ട്രീയ ചരിത്രത്തിലെ ഒരേ ഒരു ലീഡര്‍

karunakaran

കണ്ണോത്ത് കരുണാകരന്‍ മാരാര്‍ എന്ന കെ. കരുണാകരന്‍.. കേരള രാഷ്ട്രീയ ചരിത്രത്തിലെ ഒരേ ഒരു ലീഡര്‍. ഇന്ന് അദ്ദേഹത്തിന്റെ 100-ാം ജന്മദിനമാണ്, 1918 ജൂലൈ 5ന് തെക്കേടത്ത് രാമുണ്ണി മാരാരുടെയും കണ്ണോത്ത് കല്യാണി അമ്മയുടെയും മൂന്നാമത്തെ മകനായി കണ്ണൂരിലെ ചിറക്കലിലാണ് കരുണാകരന്റെ ജനനം. വടകര ലോവര്‍ പ്രൈമറി സ്‌കൂളിലാണ് വിദ്യാഭ്യാസം ആരംഭിച്ചത്, പിന്നീട് അണ്ടല്ലൂരിലും ചിറക്കല്‍ രാജാസ് ഹൈസ്‌ക്കൂളിലും അദ്ദേഹം പഠിച്ചു. രാജാസ് ഹൈസ്‌കൂളില്‍ നിന്ന് മെട്രിക്കുലേഷന്‍ ജയിച്ചതിനു ശേഷം തൃശ്ശൂര്‍ ആര്‍ട്‌സ് കോളേജില്‍ കരുണാകരന്‍ ചിത്രമെഴുത്തും ഗണിതശാസ്ത്രവും ചെയ്തിരുന്നു. സ്വാതന്ത്ര്യസമര കാലഘട്ടത്തിലാണ് കരുണാകരന്റെ രാഷ്ട്രീയപ്രവേശനം. കൊച്ചി രാജ്യപ്രജാ മണ്ഡലത്തിലെ ഒരു പ്രവര്‍ത്തകനായി തുടങ്ങിയ കരുണാകരന്‍ പിന്നീട് തൃശ്ശൂര്‍ മുനിസിപ്പല്‍ കൗണ്‍സില്‍ അംഗമായി 1945 മുതല്‍ 1947 വരെ സേവനം അനുഷ്ഠിച്ചു.

കൗശലക്കാരനായ നേതാവായി എതിരാളികള്‍ വിലയിരുത്തുമ്പോഴും, അദ്ദേഹത്തിന്റെ ദീര്ഘവീക്ഷണത്തെയും വികസനോന്മുഖതയെയും എല്ലാവരും അംഗീകരിച്ചു. ഐക്യ ജനാധിപത്യ മുന്നണിയുടെ മുഖ്യ ശില്പിയുമായിരുന്നു ലീഡര്‍ നാലുതവണ കേരള മുഖ്യമന്ത്രിയുമായി. സാധാരണപ്രവര്‍ത്തകനായി തുടങ്ങി സവിശേഷമായ തന്ത്രവും സാമര്‍ത്ഥ്യവും കൊണ്ട് കോണ്‍ഗ്രസ്സിന്റെ നെടുംതൂണുകളില്‍ ഒന്നായി കരുണാകരന്‍ മാറി. രാഷ്ട്രീയത്തിലെ സംഭവബഹുലമായ ജീവിതത്തിന് കര്‍മ്മസാക്ഷി ആയിരുന്നു അദ്ദേഹം. മുന്‍പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ വിശ്വസ്തനായി അറിയപ്പെട്ടിരുന്നു. അടിയന്തരാവസ്ഥാ കാലത്തെ പ്രതിസന്ധിഘട്ടത്തില്‍, പാര്‍ട്ടിയെ ഇന്ദിരക്കുമൊപ്പം നിന്ന് നയിച്ചു. കേരള രാഷ്ട്രീയത്തിലെ ഏറ്റവും വിവാദപുരുഷനും വാര്‍ത്തകളില്‍ നിറഞ്ഞുനിന്നതുമായ വ്യക്തിയായിരുന്നു അദ്ദേഹം. രാജന്‍ കേസും പാമോലിന്‍ അഴിമതിയാരോപണവും രാഷ്ട്രീയ ജീവിതത്തിലെ കറുത്ത പൊട്ടുകളായി. ഐഎസ്ആര്‍ഒ ചാരക്കേസിന്റെ പേരില്‍ മുഖ്യമന്ത്രിസ്ഥാനം നഷ്ടപ്പെട്ട് കേന്ദ്രത്തിലേക്കു ചുവടു മാറ്റിയ കരുണാകരന്‍ തുടര്‍ന്ന് രാജീവ് ഗാന്ധിയുടെ മരണശേഷം കനത്ത വീഴ്ചയില്‍നിന്നും കോണ്‍ഗ്രസിനെ രക്ഷിച്ചു. നേതൃത്വനിരയില്‍ ദേശീയതലത്തില്‍ ക്ഷാമം നേരിട്ട ഘട്ടത്തിലാണ്, പി വി നരസിംഹറാവുവിനെപ്പോലുള്ള പ്രാദേശിക നേതാവിനെ പ്രധാനമന്ത്രിപദത്തിലേക്കുയര്‍ത്തിക്കാട്ടി പുതിയൊരു അധ്യായത്തിന് തുടക്കമിട്ടത്. ഇതോടെ കിങ് മേക്കര്‍ എന്ന സ്ഥാനവും കരുണാകരനു നല്കപ്പെട്ടു. അവസാനഘട്ടത്തില്‍ കോണ്‍ഗ്രസില്‍ നിന്ന് അകന്ന അദ്ദേഹത്തിന് പുതിയൊരു പാര്‍ട്ടിയുണ്ടാക്കേണ്ട സ്ഥിതിയുണ്ടായി. എന്നാല്‍ അന്ത്യഘട്ടത്തില്‍ പാര്‍ട്ടി പിരിച്ചുവിട്ട് തറവാട്ടിലേക്കു മടങ്ങുന്നതും കേരളം കണ്ടു…! പതറാതെ മുന്നോട്ട് എന്ന ആത്മകഥ രചിച്ചിട്ടുണ്ട്. 2010 ഡിസംബര്‍ 23 ന് 92-ാമ വയസ്സില്‍ അദ്ദേഹം അന്തരിച്ചു.

കെ കരുണാകരന്റെ ജന്മശതാബ്തിയോടനുബന്ധിച്ച് ഒരു വര്‍ഷം നീളുന്ന പരിപാടിക്കാണ് സംസ്ഥാനത്ത് തുടക്കമിട്ടിരിക്കുന്നത്. ‘കെ. കരുണാകരന്റെ കേരളം’ വിഷയത്തില്‍ തിരുവനന്തപുരം, കൊച്ചി, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ എന്നിവിടങ്ങളില്‍ ദേശീയ നേതാക്കളെ പങ്കെടുപ്പിച്ച് സെമിനാറുകളും സംഘടിപ്പിക്കും. 1948 മുതല്‍ 1995 വരെയുള്ള കെ. കരുണാകരന്റെ നിയമസഭാപ്രസംഗം ജന്മശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി പുസ്തകരൂപത്തില്‍ പുറത്തിറക്കും. സ്‌കൂള്‍കോളജ് വിദ്യാര്‍ഥികള്‍ക്കായി സംസ്ഥാനതലത്തില്‍ ചിത്രരചന മത്സരവും നടത്തും. കെ. കരുണാകരന്റെ പേരിലുള്ള ബെസ്റ്റ് അഡ്മിനിസ്‌ട്രേറ്റര്‍ ഇന്‍ ഇന്ത്യ അവാര്‍ഡും ഇക്കാലയളവില്‍ പ്രഖ്യാപിക്കും.

Comments are closed.