fbpx
DCBOOKS
Malayalam News Literature Website

കാണുന്നതല്ല കാഴ്ചകള്‍

kanamarayathe

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെപ്പോലും കാമക്കണ്ണുകളോടെ മാത്രം നോക്കാന്‍ ശീലിച്ച ലോകത്ത്, ഇരയുടെ കുടുംബത്തിന്റെ കണ്ണുകളിലൂടെയുള്ള കാഴ്ചകളിലേക്ക് മനസ്സ് തുറന്ന് യു.കെ.കുമാരന്‍ രചിച്ച നോവലാണ് കാണുന്നതല്ല കാഴ്ചകള്‍. കാലത്തിനുമുന്നേ സഞ്ചരിച്ച ഈ നോവല്‍ 2014 ഫെബ്രുവരിയിലാണ് പ്രസിദ്ധീകരിച്ചത്. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി പാഠപുസ്തകമായും തിരഞ്ഞെടുത്ത നോവലിന്റെ എട്ടാമത് പതിപ്പ് ഇപ്പോള്‍ പുറത്തിറങ്ങി.

കാണുന്നതിനും കേള്‍ക്കുന്നതിനും അപ്പുറമുള്ള ദൃശ്യശബ്ദ ചാരുതകള്‍ തികഞ്ഞ അവധാനതയോടെ അവതരിപ്പിക്കുന്ന കാണുന്നതല്ല കാഴ്ചകള്‍ നന്മയുടെ തിരിനാളം മനസ്സില്‍ സൂക്ഷിക്കുന്ന ഒരു സാധാരണക്കാരന്റെ ജീവിതമാണ് പറയുന്നത്. നല്ലൊരു വായനക്കാരനും തീവണ്ടിയില്‍ പുസ്തകം വില്‍ക്കുന്നയാളുമായ നന്ദന്‍ ഭാര്യ രേണുകയും ഒമ്പതാം ക്ലാസ്സില്‍ പഠിക്കുന്ന മകള്‍ മാളവികയുമൊത്ത് സന്തുഷ്ട ജീവിതം നയിച്ചു വരികയായിരുന്നു. സുഹൃത്തായിരുന്ന കാര്‍ബ്രോക്കര്‍ സുഗുണന്റെ ക്രൂരത നന്ദനെ പീഡനത്തില്‍ കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ അച്ഛനാക്കി മാറ്റി. തന്റെ ജീവിതം വീണ്ടെടുക്കാന്‍ അയാള്‍ നടത്തുന്ന ശ്രമങ്ങളിലൂടെ കാണുന്നതല്ല കാഴ്ചകള്‍ വികസിക്കുന്നു. ഭര്‍ത്താവിന്റെ ക്രൂരപീഡനങ്ങള്‍ക്കിരയാകുന്ന മെര്‍ലിന്റെ കഥയും ഇതിനു സമാന്തരമായി നോവലില്‍ കടന്നുവരുന്നു.

വിലയേറിയതെല്ലാം നഷ്ടപ്പെട്ട നന്ദനും രേണുകയ്ക്കും മെര്‍ലിനും ഇടയില്‍ യാദൃച്ഛികമായി തന്റെ അച്ഛനെ കണ്ടെത്തുന്ന സര്‍ക്കസ് കലാകാരി തനൂജയും, മാതാപിതാക്കളിലേക്കു തിരിച്ചെത്തുന്ന തമിഴ്‌നാട്ടുകാരനായ കുട്ടിയും അപ്രതീക്ഷിതമായ മഴയുടെ സാന്നിധ്യത്തില്‍ പ്രണയം സഫലമാകുന്ന കാമുകീ കാമുകന്മാരും ഉണ്ട്. കാണാപ്പുറത്തെ കാഴ്ചകളില്‍ ദുരന്തങ്ങള്‍ മാത്രമല്ല ഉള്ളത് എന്ന ചിന്ത കൂടി പകര്‍ന്നുതരാന്‍ ഇതിലൂടെ യു.കെ.കുമാരന് കഴിഞ്ഞിരിക്കുന്നു.

KANUNNATHALLAറയില്‍പാളത്തില്‍ ഒരു കുടുംബം ധ്യാനിക്കുന്നു, ഒരാളെ തേടി ഒരാള്‍, ഒറ്റയ്‌ക്കൊരു സ്ത്രീ ഓടുന്നതിന്റെ രഹസ്യമെന്ത്?, ഒരു ബന്ധു കാത്തിരിക്കുന്നു, എല്ലാം കാണുന്ന ഞാന്‍, ഓരോ വിളിയും കാത്ത്, വിരലടയാളങ്ങള്‍ ഇല്ലാത്തവരുടെ നഗരം, ഒറ്റവാക്കില്‍ ഒരു ജീവിതം, തക്ഷന്‍കുന്ന് സ്വരൂപം തുടങ്ങിയവ അടക്കം നാല്പതോളം കൃതികള്‍ രചിച്ച യു.കെ.കുമാരന്റെ കാണുന്നതല്ല കാഴ്ചകള്‍ ഡി സി സാഹിത്യോത്സവത്തില്‍ ഉള്‍പ്പെടുത്തിയാണ് പ്രസിദ്ധീകരിച്ചത്.

എസ്.കെ.പൊറ്റെക്കാട്ട് അവാര്‍ഡ്, എസ്.ബി.ഐ സാഹിത്യ പുരസ്‌കാരം, രാജീവ്ഗാന്ധി സദ്ഭാവനാ അവാര്‍ഡ്, കെ.എ.കൊടുങ്ങല്ലൂര്‍ പുരസ്‌കാരം, അപ്പന്‍ തമ്പുരാന്‍ പുരസ്‌കാരം, വൈക്കം ചന്ദ്രശേഖരന്‍ നായര്‍ പുരസ്‌കാരം, സാഹിത്യ അക്കാദമി പുരസ്‌കാരം, ബാല്യകാലസഖി പുരസ്‌കാരം തുടങ്ങി നിരവധി അംഗീകാരങ്ങള്‍ യു.കെ.കുമാരന്‍ നേടിയിട്ടുണ്ട്.

Comments are closed.