DCBOOKS
Malayalam News Literature Website

ദലിത് ചിന്തകന്‍ കാഞ്ച ഐലയ്യക്ക് നേരെ ആക്രമണം

എഴുത്തുകാരനും ചിന്തകനുമായ കാഞ്ച ഐലയ്യക്ക് നേരെ ആക്രമണം. തെലുങ്കാനയിലെ വാറങ്കലില്‍ ഒരു സാംസ്‌കാരിക പരിപാടിയില്‍ പങ്കെടുക്കാന്‍ പോവുന്നതിനിടെ ശനിയാഴ്ചയാണ് ആക്രമണം നടന്നത്. നാല് പേര്‍ചേര്‍ന്ന് തന്റെ കാറിന് നേരെ കല്ലും ചെരുപ്പുമെടുത്ത് എറിയുകയും കൊല്ലാന്‍ ശ്രമിച്ചുവെന്നും വാറങ്കല്‍ പോലീസിന് നല്‍കിയ പരാതിയില്‍ കാഞ്ച ഐലയ്യ ചൂണ്ടിക്കാട്ടുന്നു.

ഐലയ്യയുടെ കോളത്തൊള്ളു സാമാജിക സ്മഗളരു (വൈശ്യാസ് ആര്‍ സോഷ്യല്‍ സ്മഗ്‌ളഴ്‌സ്) എന്ന പുസ്തകം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഇദ്ദേഹത്തിനെതിരെ വിവിധ വൈശ്യ സംഘടനകള്‍ തെലുങ്കാനയുടെയും ആന്ധ്രാപ്രദേശിന്റെയും പല ഭാഗത്ത് പ്രതിഷേധ പരിപാടികള്‍ നടത്തിവരികയായിരുന്നു. ഐലയ്യ ആക്രമിക്കപ്പെട്ടതിന് 200 മീറ്റര്‍ അപ്പുറത്തും ഒരു പ്രതിഷേധ പരിപാടി നടക്കുന്നുണ്ടായിരുന്നു. ഇത് വഴി പോവുന്നതിനിടെ പ്രതിഷേധക്കാര്‍ കാര്‍ തടയുകയും ചെരുപ്പും കല്ലും കാറിന് നേരെ വലിച്ചെറിയുകയുമായിരുന്നു.

ഐലയ്യ ഉടന്‍ തന്നെ വാഹനം തിരിച്ച് പോലീസ് സ്‌റ്റേഷനിലേക്ക് സുരക്ഷയ്ക്കായി ഓടിക്കയറുകയുമായിരുന്നുവെന്ന് വാറങ്കല്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ ജെ.നരസിംഹാളു പി.ടി.ഐയോട് പറഞ്ഞു. പ്രതിഷേധക്കാര്‍ പിരിഞ്ഞ് പോയതിന് ശേഷമാണ് ഐലയ്യ ഹൈദരാബാദിലേക്ക് തിരിച്ച് പോയത്.

പുസ്തകത്തിലെ പല പരാമര്‍ശങ്ങള്‍ ഒരു വിഭാഗത്തെ ആക്ഷേപിക്കുന്നതാണെന്നും അത് പിന്‍വലിക്കാന്‍ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് വൈശ്യ അസോസിയേഷനും പോലീസില്‍ പരാതി നല്‍കിയിരുന്നു. പുസ്തകം പിന്‍വലിക്കാന്‍; തയ്യാറാവാതിരുന്നതോടെയാണ് ഐലയ്യക്കെതിരെ പ്രതിഷേധ പരിപാടികള്‍ ശക്തമാക്കിയത്.

പുസ്തകം പിന്‍വലിച്ചില്ലെങ്കില്‍ നാക്ക് അരിഞ്ഞ് തള്ളുമെന്ന് പറഞ്ഞ് ഐലയ്യക്കെതിരെ സെപ്തംബര്‍ ആദ്യം ഭീഷണിയുണ്ടായിരുന്നു. ഭീഷണിക്കെതിരെ ഇദ്ദേഹം ഒസ്മാനിയ സര്‍വകലാശാല പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു. തന്റെ ജീവന് എന്തെങ്കിലും സംഭവിച്ചാല്‍ ആര്യ വൈശ്യ സംഘമായിരിക്കും അതിന് ഉത്തരവാദിയെന്നും തനിക്ക് പോലീസ് സംരക്ഷണം നല്‍കണമെന്നും ഐലയ്യ പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. പരാതി നല്‍കി രണ്ടാഴ്ച പിന്നിടുമ്പോഴാണ് ഇദ്ദേഹത്തിനെതിരെ അക്രമം ഉണ്ടായിരിക്കുന്നത്.

Comments are closed.