DCBOOKS
Malayalam News Literature Website

ആരാണ് ഹിന്ദുത്വത്തെ സംരക്ഷിക്കുക..?

kanaiyaആര്‍എസ്എസില്‍ നിന്നും സംഘപരിവാറില്‍ നിന്നും ഹിന്ദു ധര്‍മത്തെ സംരക്ഷിക്കണമെന്ന് ഇടതുപക്ഷ വിദ്യാര്‍ഥിയുവജന പോരാട്ടത്തിലൂടെ ശ്രദ്ധേയനായ കനയ്യകുമാര്‍ അഭിപ്രായപ്പെട്ടു. ഇവരുടെ ഹിന്ദു ധര്‍മം കൊണ്ട് ആര്‍ക്കാണ് അപകടം സംഭവിക്കുന്നതെന്നും ആരാണ് ഹിന്ദുത്വത്തെ സംരക്ഷിക്കുന്നതെന്നും മനസിലാക്കണം. ഹിന്ദു ധര്‍മ്മത്തെ ഏറ്റവും അപകടപ്പെടുത്തുന്നത് ആര്‍എസ്എസും സംഘപരിവാറുമാണ്. ഹിന്ദുധര്‍മമെന്നാല്‍ മുസല്‍മാന്റെ മൃതദേഹത്തെ പീഡിപ്പിക്കുന്നതല്ല. പശുവിന്റെ പേരില്‍ മനുഷ്യനെ ഹിംസിക്കുന്നതുമല്ല; ഹിന്ദു രാഷ്ട്രത്തിന്റെ ആവേശം എന്നത് ‘വൈഷ്ണവ ജനതോ തേരെ കഹിയേ’ മറ്റുള്ളവരുടെ വേദന മനസിലാക്കുന്ന, അവരെ സഹായിക്കുക എന്നതാണെന്നും തന്നെ കേള്‍ക്കാനെത്തിയ ആയിരങ്ങളോട് കനയ്യ പറഞ്ഞു.

സേവ് ഇന്ത്യ, ചെയ്ഞ്ച് ഇന്ത്യ എന്ന മുദ്രാവാക്യമുയര്‍ത്തി കന്യാകുമാരിയില്‍ നിന്ന് പഞ്ചാബിലെ ഹുസൈനിവാലയിലേക്ക് 60 ദിവസമെടുത്ത് നടത്തുന്ന ലോങ്ങ് മാര്‍ച്ചിന് തൃശൂരില്‍ നല്‍കിയ സ്വീകരണ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു കനയ്യ.

രാജ്യത്തെ പ്രധാന പ്രശ്‌നങ്ങള്‍ ചര്‍ച്ചചെയ്യപ്പെടാതിരിക്കാനാണ് ആര്‍എസ്എസും സംഘപരിവാറും വര്‍ഗീയത പറയുന്നത്. രോഹിത് വെമുലയുടെ മരണവും നജീബിന്റെ തിരോധാനവും ദളിതരെ കൊന്നൊടുക്കുന്നതും അവര്‍ക്കുനേരെ തുടരുന്ന അതിക്രമങ്ങളും രാജ്യത്ത് ചര്‍ച്ച ചെയ്യപ്പെടുമ്പോള്‍, അതിനെ പ്രതിരോധിക്കാനാണ് ദളിതനായ ആര്‍എസ്എസ് നേതാവ് രാംനാഥ് കോവിന്ദിനെ രാഷ്ട്രപതി സ്ഥാനാര്‍ഥിയാക്കിയത്. അത് നരേന്ദ്രമോഡിയുടെ രാഷ്ട്രീയ ഇരട്ടത്താപ്പാണ്. ലോകമെങ്ങും ചുറ്റിനടന്ന് സെല്‍ഫിയെടുക്കുന്ന മോഡി ബീഫിന്റെ പേരില്‍ വര്‍ഗീയവാദികള്‍ കൊലപ്പെടുത്തിയ ജുനൈദിന്റെ കുടുംബത്തിനൊപ്പം നില്‍ക്കാന്‍ കൂട്ടാക്കിയില്ലെന്നതില്‍ അതിശയമില്ല. കേരളം സൊമാലിയയാണെന്ന് ആക്ഷേപിച്ച മോഡിയുടെ തന്ത്രങ്ങള്‍ കേരളത്തില്‍ ചെലവാകില്ലെന്ന് ഉറക്കെ പറയാന്‍ തന്റേടം കാട്ടിയവരാണ് മലയാളികള്‍. രാജ്യത്തെ ജനാധിപത്യ സംവിധാനംതന്നെ അവസാനിപ്പിക്കാനാണ് മോഡിയുടെ നീക്കം –കനയ്യ പറഞ്ഞു.

Comments are closed.