DCBOOKS
Malayalam News Literature Website

കെ കെ വേണുഗോപാല്‍ പുതിയ അറ്റോര്‍ണി ജനറല്‍

k-k-venugopalമലയാളിയും സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകനുമായ കെ കെ വേണുഗോപാലിനെ അറ്റോര്‍ണി ജനറലായി കേന്ദ്രസര്‍ക്കാര്‍ നിയമിച്ചു.
ഭരണഘടനാവിദഗ്ദ്ധന്‍ എന്ന നിലയില്‍ പേരെടുത്ത കെ.കെ.വേണുഗോപാലിന്റെ നിയമന ശുപാര്‍ശയില്‍ രാഷട്രപതി പ്രണബ് മുഖര്‍ജി ഒപ്പു വച്ചു. നിലവിലെ അറ്റോര്‍ണി ജനറലായ മുകുള്‍ റോതഗി സ്ഥാനമൊഴിയുന്ന സാഹചര്യത്തിലാണ് പുതിയ നിയമനം.

റോതഗിക്ക് ഒരവസരം കൂടി നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറായെങ്കിലും അഭിഭാഷകവൃത്തിയിലേക്ക് തിരിച്ചു പോകാന്‍ അദ്ദേഹം താത്പര്യം പ്രകടിപ്പിച്ചതോടെയാണ് പുതിയ നിയമനം. 86 കാരനായ വേണുഗോപാല്‍ മൊറാര്‍ജി ദേശായി സര്‍ക്കാരിന്റെ കാലത്ത് അഡീഷണല്‍ സോളിസിറ്റര്‍ ജനറലായി പ്രവര്‍ത്തിച്ച അദ്ദേഹത്തെ ഭൂട്ടാന്റെ ഭരണഘടനാ ഉപദേഷ്ടാവായി ഭൂട്ടാന്‍ രാജാവും നിയമിച്ചിരുന്നു.

അഭിഭാഷകരംഗത്ത് അരനൂറ്റാണ്ടിലേറെ കാലത്തെ അനുഭവപരിചയമുള്ള കെകെ വേണുഗോപാല്‍ ഭരണഘടനാ നിയമവിദഗ്ദ്ധന്‍ എന്ന നിലയിലാണ് നിയമരംഗത്ത് പ്രശസ്തനായത്. ബാബ്‌റി മസ്ജിദ് തകര്‍ത്ത കേസില്‍ എല്‍ കെ അദ്വാനിക്ക് വേണ്ടി സുപ്രീംകോടതിയില്‍ ഹാജരായത് വേണുഗോപാലായിരുന്നു. പത്മഭൂഷണ്‍, പത്മ വിഭൂഷണ്‍ പുരസ്‌ക്കാരങ്ങള്‍ നേടിയിട്ടുണ്ട്.

കണ്ണൂര്‍ സ്വദേശിയായ കെ.കെ.വേണുഗോപാല്‍ പഠിച്ചതും വളര്‍ന്നതുമെല്ലാം കര്‍ണ്ണാടകയിലാണ്. അദ്ദേഹത്തിന്റെ പിതാവ് എം.കെ.നമ്പ്യാര്‍ മംഗലാപുരത്തെ പ്രശസ്തനായ അഭിഭാഷകനായിരുന്നു. മംഗലാപുരത്തെ സെന്റ അലോഷ്യസ് കോളേജിലായിരുന്നു അദ്ദേഹത്തിന്റെ ബിരുദപഠനം.

Comments are closed.