DCBOOKS
Malayalam News Literature Website

ചരിത്രകാരന്‍ എ ശ്രീധരമേനോന്റെ ചരമവാര്‍ഷികദിനം

july-23

പ്രശസ്ത ചരിത്രകാരനും അധ്യാപകനുമായ എ ശ്രീധരമേനോന്‍ 1925 ഡിസംബര്‍ 18 ന് എറണാംകുളത്ത് ജനിച്ചു. പ്രാഥമിക വിദ്ധ്യാഭ്യാസത്തിനു ശേഷം മദ്രാസ് സര്‍വകലാശാലയില്‍ നിന്ന് ഇന്റര്‍മീഡിയറ്റും മഹാരാജാസ് കോളേജില്‍ നിന്ന് സ്വര്‍ണ്ണമെഡലോടെ ബിരുദവും കരസ്ഥമാക്കി. 1948 മദ്രാസ് സര്‍വകലാശാലയില്‍ നിന്നു തന്നെ ഒന്നാം റാങ്കോടെ ചരിത്രത്തില്‍ ബിരുദാനന്തര ബിരുദം ഹാര്‍വാര്‍ഡ് സര്‍വ്വകലാശാലയില്‍ നിന്ന് രാഷ്ട്രതന്ത്രത്തില്‍ ബിരുദാനന്തരബിരുദം എന്നിവ നേടി. കേരള സംസ്ഥാന ഗസറ്റിയേഴ്‌സ് എഡിറ്റര്‍, കേരളാ സര്‍വ്വകലാശാലാ രജിസ്ട്രാര്‍ തുടങ്ങിയ ഔദ്യോഗിക പദവികള്‍ വഹിച്ചിട്ടുണ്ട്. ദക്ഷിണേന്ത്യന്‍ ചരിത്ര കോണ്‍ഗ്രസ്സിന്റെ അദ്ധ്യക്ഷനായും സേവനമനുഷ്ടിച്ചിട്ടുണ്ട് .

കേരള ചരിത്രത്തെക്കുറിച്ചുള്ള ഒട്ടേറെ ആധികാരിക ഗ്രന്ഥങ്ങള്‍ അദ്ദേഹത്തിന്റെ സംഭാവനയാണ്. ശീധരമേനോന്‍ രചിച്ച ‘എ സര്‍വെ ഓഫ് കേരള ഹിസ്റ്ററി’ കേരള ചരിത്രത്തെ കുറിച്ചുള്ള പ്രഥമ ആധികാരിക ഗ്രന്ഥമായാണ് വിശേഷിപ്പിയ്ക്കപ്പെടുന്നത്.  1997ല്‍ പ്രസിദ്ധീകരിച്ച കേരള ആന്റ് ഫ്രീഡം സ്ട്രഗിള്‍ എന്ന ഗ്രന്ഥം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. 1999ല്‍ പ്രസിദ്ധീകരിയ്ക്കപ്പെട്ട പുന്നപ്രവയലാറും കേരള ചരിത്രമെന്ന ഗ്രന്ഥം പല വിവാദങ്ങള്‍ക്കും ഇടയാക്കിയിരുന്നു. പുന്നപ്ര വയലാര്‍ സമരവുമായി ബന്ധപ്പെട്ട് ഗ്രന്ഥത്തിലെ ചില പരാമര്‍ശങ്ങളാണ് ഇടതുപക്ഷ ബുദ്ധിജീവീകളുടെ വിമര്‍ശനത്തിന് വഴിതെളിച്ചത്.

കേരള ചരിത്രം, കേരള സംസ്‌കാരം, കേരള ചരിത്ര ശില്‍പികള്‍, ഇന്ത്യാചരിത്രം, കേരള രാഷ്ട്രീയ ചരിത്രം, കേരളവും സ്വാതന്ത്ര്യ സമരവും തുടങ്ങിയവയാണ് അദ്ദേഹത്തിന്റെ മറ്റു പ്രമുഖ കൃതികള്‍. സാഹിത്യത്തിനും വിദ്യാഭ്യാസത്തിനും നല്‍കിയ സംഭാവനകള്‍ പരിഗണിച്ച് 2009 ല്‍ അദ്ദേഹത്തിന് പത്മഭൂഷണ്‍ ബഹുമതി ലഭിച്ചു. 2010 ജൂലൈ 23 ന് ആ മഹാപ്രതിഭ കാലയവനികയില്‍ മറഞ്ഞു.

Comments are closed.