DCBOOKS
Malayalam News Literature Website

ജൂലൈ 21 ശിവാജി ഗണേശന്‍റെ ഓര്‍മ്മനാളാണ്

july-21

ശിവാജി ഗണേശന്‍റെ ഓര്‍മ്മനാളാണ് ജൂലൈ 21. 2001 ലെ ഇതേ ദിവസമാണ് അദ്ദേഹം നമ്മെ വിട്ടുപിരിഞ്ഞത്. തെന്നിന്ത്യയിലെ മൂന്ന് പതിറ്റാണ്ട് കാലത്തെ പ്രധാന സിനിമാ നടന്മാരില്‍ ഒരാളായിരുന്നു വില്ലുപുരം ചിന്നയ്യപ്പിള്ളൈ ഗണേശന്‍ എന്ന ശിവാജി ഗണേശന്‍.  മലയാളത്തില്‍ ‘യാത്രാമൊഴി’ എന്ന സിനിമാ അഭിനയിച്ച് ഏറെ വൈകുന്നതിനു മുമ്പ് ഒരിക്കല്‍ തിരുവനന്തപുരത്ത് അദ്ദേഹത്തിന് അവിസ്മരണീയമായ സ്വീകരണം നല്‍കി. അതു കഴിഞ്ഞ് ഏറെ താമസിയാതെയായിരുന്നു അദ്ദേഹത്തിന്‍റെ അന്ത്യം.

തമിഴിലെ പരാശക്തിയിലൂടെ പണ്ഡരീഭായിയോടൊപ്പം 1952 ലാണ് ശിവാജി ഗണേശന്‍ സിനിമാരംഗത്തെത്തുന്നത്. ഒമ്പതാം വയസില്‍ സ്റ്റേജ് നാടകങ്ങളില്‍ അഭിനയിച്ചു തുടങ്ങിയ അദ്ദേഹം നാടക രംഗത്ത് തുടരാനായി വീട്ടില്‍ നിന്ന് അദ്ദേഹം ഒളിച്ചോടുകയാണുണ്ടായത്. ഒടുവില്‍ അമ്മയുടെ സഹായത്തോടെ അദ്ദേഹം ഒരു പ്രധാന നാടക ട്രൂപ്പില്‍ ചേര്‍ന്നു. പരാശക്തിയുടെ തിരക്കഥ എഴുതിയത് തമിഴ്നാട് മുഖ്യമന്ത്രിയായ കരുണാനിധിയായിരുന്നു. അന്നു മുതല്‍ അവര്‍ തമ്മില്‍ നല്ല സൌഹൃദം പുലര്‍ത്തിയിരുന്നു.

ശിവാജി ഗണേശന്‍ 300 ലേറെ സിനിമകളില്‍ അഭിനയിച്ചു. അതില്‍ ഒമ്പതെണ്ണം തെലുങ്കും രണ്ടെണ്ണം മലയാളവും രണ്ടെണ്ണം ഹിന്ദിയും ഒന്ന് കന്നടവുമായിരുന്നു. യാത്രാമൊഴിയും തച്ചോളി അമ്പുവുമാണ് മലയാള സിനിമകള്‍. ശിവാജി ചക്രവര്‍ത്തിയുടെ റോള്‍ നാടകത്തില്‍ അനശ്വരമാക്കിയതിന്‍റെ പേരിലാണ് അദ്ദേഹത്തിന് ശിവാജി ഗണേശന്‍ എന്ന പേര്‍ ലഭിച്ചത്.  1955 വരെ ശിവാജി ഗണേശന്‍ ഡി.എം.കെ യിലായിരുന്നു. തിരുപ്പതി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയതിന്‍റെ പേരില്‍ അദ്ദേഹത്തെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. 1961 ല്‍ അദ്ദേഹം കാമരാജിന്‍റെ അനുയായിയായി ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. 1969 ല്‍ കോണ്‍ഗ്രസ് പിളര്‍ന്നപ്പോഴും അദ്ദേഹം സംഘടനാ കോണ്‍ഗ്രസില്‍ കാമരാജിനൊപ്പം ഉറച്ചുനിന്നു.

1975 ല്‍ കാമരാജ് മരിച്ചതിനു ശേഷമാണ് അദ്ദേഹം ഇന്ദിരാഗാന്ധിയോട് അടുത്തത്. 1982 ല്‍ ഇന്ദിരാഗാന്ധി അദ്ദേഹത്തെ രാജ്യസഭാംഗമാക്കി. 1987 ല്‍ അദ്ദേഹം കോണ്‍ഗ്രസ് വിട്ട് തമിഴക മുന്നേറ്റ മുന്നണി എന്ന സ്വന്തം പാര്‍ട്ടിയുണ്ടാക്കി. അത് ഫലപ്രദമാവാതെ വന്നപ്പോള്‍ 1989 ല്‍ ജനതാദളിന്‍റെ തമിഴ്നാട് സംസ്ഥാന പ്രസിഡന്‍റായി അദ്ദേഹം പ്രവര്‍ത്തിച്ചു.  ശിവാജിയുടെ അഭിനയ ജീവിതം പോലെ വിജയകരമായിരുന്നില്ല രാഷ്ട്രീയ ജീവിതം. മകന്‍ പ്രഭു തമിഴിലെ അറിയപ്പെടുന്ന നടനാണ്.

1927 ഒക്‍ടോബര്‍ ഒന്നിനായിരുന്നു ശിവാജി ഗണേശന്‍റെ ജനനം. പത്മഭൂഷണ്‍, ഫ്രഞ്ച് സര്‍ക്കാരിന്‍റെ സാംസ്കാരിക മന്ത്രാലയത്തിന്‍റെ ഉന്നത ബഹുമതിയായ ഷെവലിയര്‍ തുടങ്ങി ഒട്ടേറെ ബഹുമതികള്‍ അദ്ദേഹത്തിനു ലഭിച്ചിട്ടുണ്ട്.  1996 ല്‍ ദാദാ സാഹിബ് ഫാല്‍ക്കേ അവാര്‍ഡ് ലഭിച്ച അദ്ദേഹത്തിന് 1960 ലെ കെയ്‌റോ ആഫ്രോ-ഏഷ്യന്‍ ചലച്ചിത്രോത്സവത്തില്‍ മികച്ച നടനുള്ള അവാര്‍ഡും ലഭിച്ചിരുന്നു.

Comments are closed.