DCBOOKS
Malayalam News Literature Website

ബാലാമണിയമ്മയുടെ ജന്മവാര്‍ഷികദിനം

july-19
മാതൃത്വത്തിന്റെ കവയിത്രി എന്നറിയപ്പെടുന്ന ബാലാമണിയമ്മ 1909 ജൂലൈ 19ന് ചിറ്റഞ്ഞൂര്‍ കോവിലകത്ത് കുഞ്ചുണ്ണിരാജയുടെയും നാലപ്പാട്ട് കൊച്ചുകുട്ടിയമ്മയുടെയും മകളായി തൃശൂര്‍ ജില്ലയിലെ നാലപ്പാട്ട് തറവാട്ടില്‍ ജനിച്ചു. അമ്മാവനും കവിയുമായ നാലപ്പാട്ട് നാരായണമേനോന്റെ ഗ്രന്ഥശേഖരവും ശിക്ഷണവും ഔപചാരികവിദ്യാഭ്യാസം ലഭിക്കാതിരുന്ന ബാലാമണിക്ക് മാര്‍ഗ്ഗദര്‍ശകമായി.

ചെറുപ്പം മുതലേ കവിതയെഴുതിയിരുന്ന ബാലാമണിയമ്മയുടെ ആദ്യ കവിതാസമാഹാരമായ കൂപ്പുകൈ 1930ലാണ് ഇറങ്ങുന്നത്. അമ്മ, കുടുംബിനി, ധര്‍മ്മമാര്‍ഗ്ഗത്തില്‍, സ്ത്രീഹൃദയം, ഊഞ്ഞാലിന്മേല്‍, കളിക്കൊട്ട, സോപാനം, മുത്തശ്ശി, അമ്പലത്തില്‍, അമൃതംഗമയ തുടങ്ങിയവയാണ് മറ്റ് പ്രധാന കൃതികള്‍. 1928ല്‍ മാതൃഭൂമി മാനേജിങ് ഡയറക്ടറും മാനേജിങ് എഡിറ്ററുമായിരുന്ന വി.എം. നായരെ വിവാഹം ചെയ്തു. പ്രശസ്ത സാഹിത്യകാരിയായിരുന്ന മാധവിക്കുട്ടി ബാലാമണിയമ്മയുടെ മകളാണ്.

കൊച്ചി മഹാരാജാവായിരുന്ന പരീക്ഷിത്തു തമ്പുരാനില്‍നിന്ന് 1947ല്‍ സാഹിത്യനിപുണ ബഹുമതി നേടി. ‘മുത്തശ്ശി’ക്ക് കേന്ഗ്ര- കേരള സാഹിത്യ അക്കാദമി അവാര്‍ഡുകള്‍ ലഭിച്ചു. ആശാന്‍ പുരസ്‌കാരം, ലളിതാംബികാ അന്തര്‍ജ്ജന പുരസ്‌കാരം, വള്ളത്തോള്‍ പുരസ്‌കാരം, കേന്ദ്ര സാഹിത്യ അക്കാദമി ഫെലോഷിപ്പ്, കേരള സാഹിത്യ അക്കാദമി ഫെലോഷിപ്പ് ,എഴുത്തച്ഛന്‍ പുരസ്‌കാരം, സരസ്വതീ സമ്മാനം തുടങ്ങിയ പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. 1987ല്‍ പത്മഭൂഷണ്‍ നല്‍കി രാഷ്ട്രം അവരെ ആദരിച്ചിരുന്നു. 2004 സെപ്റ്റംബര്‍ 29ന് അവര്‍ അന്തരിച്ചു.

Comments are closed.