DCBOOKS
Malayalam News Literature Website

എംടി ക്ക് ഇന്ന് 84-ാം പിറന്നാള്‍

july-14

എംടി ക്ക് ഇന്ന് 84-ാം പിറന്നാള്‍…

പാലക്കാട് ജില്ലയിലെ കൂടല്ലൂരില്‍ പുന്നയൂര്‍ക്കുളം ടി. നാരായണന്‍ നായരുടേയും അമ്മാളു അമ്മയുടേയും മകനായി 1933 ജൂലൈ 15നാണ് എം ടി ജനിച്ചത്. കുമരനെല്ലൂര്‍ ഹൈസ്‌കൂളിലെ പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം പാലക്കാട് വിക്ടോറിയ കോളേജില്‍ നിന്ന് 1953ല്‍ രസതന്ത്രത്തില്‍ ബിരുദവും നേടി. തുടര്‍ന്ന് അധ്യാപകന്‍, മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ പത്രാധിപര്‍, മാതൃഭൂമി പീരിയോഡിക്കല്‍സിന്റെ എഡിറ്റര്‍ എന്നീനിലകളില്‍ പ്രവര്‍ത്തിച്ചു.

സ്‌കൂള്‍വിദ്യാഭ്യാസകാലത്തു തന്നെ സാഹിത്യരചന തുടങ്ങി. വിക്‌റ്റോറിയ കോളേജില്‍ ബിരുദത്തിനു പഠിക്കുമ്പോള്‍ ‘രക്തം പുരണ്ട മണ്‍തരികള്‍’ എന്ന ആദ്യത്തെ കഥാസമാഹാരം പുറത്തിറങ്ങി. 1954ല്‍ ന്യൂയോര്‍ക്ക് ഹെറാള്‍ഡ് ട്രിബ്യൂണ്‍ സംഘടിപ്പിച്ച ലോകചെറുകഥാമത്സരത്തിന്റെ ഭാഗമായി കേരളത്തില്‍ മാതൃഭൂമി നടത്തിയ കഥാമത്സരത്തില്‍ എം.ടി.യുടെ ‘വളര്‍ത്തുമൃഗങ്ങള്‍’ എന്ന കഥ ഒന്നാം സ്ഥാനം നേടി. ഇതോടെയാണ് മലയാളസാഹിത്യത്തില്‍ അദ്ദേഹം ശ്രദ്ധേയനായിത്തീര്‍ന്നത്.

1957ല്‍ മാതൃഭൂമി ആഴ്ചപതിപ്പിന്റെ സബ് എഡിറ്ററായി ചേര്‍ന്നു. ‘പാതിരാവും പകല്‍വെളിച്ചവും’ എന്ന ആദ്യനോവല്‍ ഈ സമയത്താണു ഖണ്ഡശഃ പുറത്തുവന്നതു്. ആദ്യമായി പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിച്ച നോവല്‍ ‘നാലുകെട്ട്’ആണ്. ആദ്യനോവലിനു തന്നെ കേരളാ സാഹിത്യ അക്കാദമി പുരസ്‌കാരവും ലഭിച്ചു. പില്‍ക്കാലത്ത് ‘സ്വര്‍ഗ്ഗം തുറക്കുന്ന സമയം’, ‘ഗോപുരനടയില്‍’ എന്നീ കൃതികള്‍ക്കും കേരള സാഹിത്യ അക്കാദമി അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്.

196364 കാലത്ത് സ്വന്തം കഥയായ ‘മുറപ്പെണ്ണ്’ തിരക്കഥയായെഴുതി എം.ടി. ചലച്ചിത്രലോകത്തു പ്രവേശിച്ചു. 1973ല്‍ ആദ്യമായി സംവിധാനം ചെയ്ത ‘നിര്‍മാല്യം’ എന്ന ചിത്രത്തിന് രാഷ്ട്രപതിയുടെ സ്വര്‍ണ്ണപ്പതക്കം ലഭിച്ചു. അമ്പതിലേറെ തിരക്കഥകളെഴുതിയിട്ടുള്ള അദ്ദേഹത്തിന് നാലുതവണ ഈ മേഖലയില്‍ ദേശീയപുരസ്‌കാരം ലഭിച്ചു.

ഇതുകൂടാതെ ‘കാലം'(1970കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ്), ‘രണ്ടാമൂഴം’ (1985വയലാര്‍ അവാര്‍ഡ്)ധ7പ, വാനപ്രസ്ഥം (ഓടക്കുഴല്‍ അവാര്‍ഡ്), എന്നീ കൃതികള്‍ക്കും പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ടു്. കടവ്, ഒരു വടക്കന്‍ വീരഗാഥ, സദയം, പരിണയം തുടങ്ങിയ ചിത്രങ്ങള്‍ക്കും ദേശീയപുരസ്‌കാരം ലഭിച്ചു. 2005 ലെ മാതൃഭൂമി പുരസ്‌കാരവും എം.ടിക്ക് തന്നെയായിരുന്നു.

മലയാളസാഹിത്യത്തിനു നല്‍കിയ അമൂല്യ സംഭാവനകള്‍ കണക്കിലെടുത്ത് 1996ല്‍ കാലിക്കറ്റ് സര്‍വ്വകലാശാല ബഹുമാനസൂചകമായി ഡി.ലിറ്റ്. ബിരുദം നല്‍കി ആദരിച്ചു. 1995ലെ ജ്ഞാനപീഠ പുരസ്‌കാരം അദ്ദേഹത്തിനു ലഭിച്ചു. 2005ല്‍ പത്മഭൂഷണ്‍ നല്‍കി എം.ടിയിലെ പ്രതിഭയെ ഭാരതസര്‍ക്കാര്‍ ആദരിക്കുകയുണ്ടായി.

ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച എംടിയുടെ കൃതികള്‍

Comments are closed.