DCBOOKS
Malayalam News Literature Website

തോമസ് ചാണ്ടിയുടെ രാജി മാധ്യമങ്ങളുടെയും പൊതുജനങ്ങളുടെയും വിജയമെന്ന് ജേക്കബ് തോമസ്

തോമസ് ചാണ്ടിയുടെ രാജി മാധ്യമങ്ങളുടെയും പൊതുജനങ്ങളുടെയും വിജയമാണെന്ന് മുന്‍ വിജിലന്‍സ് മേധാവി ജേക്കബ് തോമസ്. എറണാകുളം പ്രസ് ക്ലബില്‍ പുതിയ പുസ്തകമായ ‘കാര്യവും കാരണവും കാര്യവും കാരണവും നേരിട്ട വെല്ലുവിളികള്‍‘ പ്രകാശനചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഏതൊരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനും അഴിമതിക്കെതിരെ ശബ്ദമുയര്‍ത്താനും പോരാടാനുമുളള ആര്‍ജവം വേണം. നമ്മുടെ രാജ്യത്തെ നിയമം അതിന് അനുശാസിക്കുന്നു. അഴിമതിക്കെതിരെ എഴുതരുതെന്ന് ആരാണ് തീരുമാനിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.

ലോകത്ത് അഴിമതി കുറഞ്ഞ രാജ്യങ്ങളിലാണ് ജനങ്ങള്‍ക്ക് മികച്ച ജീവിത സാഹചര്യമെന്ന് അദ്ദേഹം പറഞ്ഞു. അവിടെ 30 വര്‍ഷമായാലും തകരാത്ത റോഡുകളുണ്ട്. ഇവിടത്തെ സ്ഥിതി അങ്ങനെയാണോ? എല്ലാ പ്രശ്‌നങ്ങളുടേയും അടിസ്ഥാന കാരണം അഴിമതിയാണ്. ജനങ്ങള്‍ അഴിമതിക്കെതിരെ ഉണര്‍ന്നു പ്രവര്‍ത്തിക്കാന്‍ തയ്യാറാകണം. ഉദ്യോഗസ്ഥരെ നിരന്തരം സ്ഥലം മാറ്റുമ്പോള്‍ എന്തുകൊണ്ട് മാനദണ്ഡങ്ങള്‍ പാലിക്കപ്പെടുന്നില്ലെന്നും ജേക്കബ് തോമസ് ചോദിച്ചു. ഉദ്യോഗസ്ഥര്‍ക്ക് കാര്യശേഷി കൂടിയതാണോ കുറഞ്ഞതാണോ അതിനു കാരണമെന്നും സര്‍ക്കാര്‍ വ്യക്തമാക്കണമെന്ന് ജേക്കബ്ബ് തോമസ് പറഞ്ഞു.

 

Comments are closed.