DCBOOKS
Malayalam News Literature Website

താജ് മഹല്‍ ശിവക്ഷേത്രമോ..? കേന്ദ്ര സാസ്‌കാരിക മന്ത്രാലയത്തിനോട് വിവരാവകാശ കമ്മിഷന്‍ വിശദീകരണംതേടി

thaj-mahal

ലോകാത്ഭുതങ്ങളിലൊന്നായ താജ് മഹല്‍, ഷാജഹാന്‍ ചക്രവര്‍ത്തി നിര്‍മ്മിച്ച ശവകുടീരമാണോ അതോ രജപുത്ര രാജാവ് അദ്ദേഹത്തിന് സമ്മാനിച്ച ശിവക്ഷേത്രമാണോ എന്ന് വ്യക്തമാക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് വിവരാവകാശ കമ്മീഷന്‍ ആവശ്യപ്പെട്ടു. താജ്മഹലിനെ സംബന്ധിച്ച് നിരവധി പേര്‍ ഉന്നയിച്ച വിവരാവകാശ അപേക്ഷയില്‍ മറുപടി നല്‍കാന്‍ കഴിയാതെ വന്നതോടെയാണ് വിഷയത്തില്‍ വ്യക്തത വരുത്തണമെന്ന് ആവശ്യപ്പെട്ട് കമ്മീഷന്‍ കേന്ദ്ര സാസ്‌കാരിക മന്ത്രാലയത്തിനെ സമീപിച്ചത്.

ഇക്കാര്യത്തിലെ അവ്യക്തത നീക്കണമെന്നും വിവാദങ്ങള്‍ അവസാനിപ്പിക്കണമെന്നും മന്ത്രാലയത്തോട് വിവരാവകാശ കമ്മീഷണര്‍ ശ്രീധര്‍ ആചാര്യലു ആവശ്യപ്പെട്ടു. താജ്മഹലിനെ സംബന്ധിച്ച് വിവിധ കോടതികളില്‍ നിലനില്‍ക്കുന്ന കേസുകളില്‍ തങ്ങളുടെ നിലപാട് വ്യക്തമാക്കണമെന്നും കമ്മീഷന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട. താജ്മഹലിന്റെ ഉത്പത്തിയുമായി ബന്ധപ്പെട്ട് പി.എന്‍.ഓക്കും അഡ്വക്കേറ്റ് യോഗേഷ് സക്‌സേനയും ഉന്നയിച്ച അവകാശ വാദങ്ങളില്‍ മന്ത്രാലയം നയം വ്യക്തമാക്കണമെന്ന നിര്‍ദേശവും വിവരാവകാശ കമ്മീഷണര്‍ മുന്നോട്ടു വെച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ ആഗസ്റ്റ് 30നകം മറുപടി പറയണമെന്നാണ് ആവശ്യം.

ബി.കെ.എസ്.ആര്‍ അയ്യങ്കാര്‍ എന്ന വ്യക്തി ആഗ്രയിലെ സൗധം താജ്മഹലാണോ അതോ തേജോ മഹാലയ ആണോ എന്ന ചോദ്യവുമായി വിവരാവകാശ നിയമ പ്രകാരം ഇന്ത്യന്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വേ വകുപ്പിനെ സമീപിച്ചതാണ് നിലവിലെ വിഷയങ്ങള്‍ക്ക് തുടക്കം. മുഗള്‍ ചക്രവര്‍ത്തിയായ ഷാജഹാനല്ല പകരം രജപുത്ര രാജാവായ രാജാമാന്‍ സിംഗ് ആണ് ഈ സൗധം പണികഴിപ്പിച്ചതെന്നും ഇതിന് കൃത്യമായ ഉത്തരം വകുപ്പ് നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇത്തരത്തിലുള്ള രേഖകളൊന്നും ലഭ്യമല്ലെന്നായിരുന്നു വകുപ്പിന്റെ മറുപടി. തുടര്‍ന്നാണ് വിഷയത്തില്‍ കേന്ദ്ര വിവരാവകാശ കമ്മീഷന്‍ ഇടപെട്ടത്

നേരത്തെ, പി.എന്‍.ഓക്ക് എന്ന വ്യക്തി താജ് മഹല്‍: ദ ട്രൂ സ്‌റ്റോറി എന്ന പേരില്‍ ഒരു പുസ്തകം എഴുതിയിരുന്നു. ഇതില്‍ താജ് മഹല്‍ ഒരു ശിവക്ഷേത്രമാണെന്ന് വാദിച്ച അദ്ദേഹം 2000ല്‍ ഇതേ വാദവുമായി സുപ്രീം കോടതിയെയും സമീപിച്ചിരുന്നു. എന്നാല്‍ ഈ പരാതി അന്ന് കോടതി തള്ളിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് റെക്കോര്‍ഡുകള്‍ കൈവശമില്ലെന്ന് എഎസ്‌ഐ വിഷയത്തില്‍ മറുപടി നല്‍കിയിരുന്നു. താജ്മഹലിന്റെ നിര്‍മ്മാണ വിവരങ്ങളും അപേക്ഷകന്‍ ആവശ്യപ്പെട്ടിരുന്നു. എഎസ്‌ഐയുടെ കൈവശം വിവരങ്ങളില്ലാത്തതിനാല്‍ തന്നെ വിഷയത്തില്‍ വിശദമായ ചരിത്രാന്വേഷണം നടത്താമെന്ന് വിവരവകാശ കമ്മീഷന്‍ പറഞ്ഞു.

Comments are closed.