DCBOOKS
Malayalam News Literature Website

ഇന്ത്യയുടെ ഓസ്കാര്‍ എന്‍ട്രിയായ ‘ന്യൂട്ടണ്‍’ ഇറാനിയന്‍ ചിത്രത്തിന്റെ കോപ്പിയടിയെന്ന് ആരോപണം

2018 ഓസ്കര്‍ പുരസ്കാരങ്ങള്‍ക്കുള്ള ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രിയായി തിരഞ്ഞെടുക്കപ്പെട്ട ചിത്രം ‘ന്യൂട്ടണ്‍’ കോപ്പിയടി വിവാദത്തില്‍. ന്യൂട്ടണ്‍ ഇറാനിയന്‍ ചിത്രമായ സീക്രട്ട് ബാലറ്റിന്റെ കോപ്പിയടിയാണെന്നുള്ള വിമര്‍ശനങ്ങള്‍ ഇതിനകം ഉയര്‍ന്നു കഴിഞ്ഞു. അമിത് വി മന്‍സൂര്‍ സംവിധാനം ചെയ്ത് രാജ്കുമാര്‍ റാവു പ്രധാന വേഷം കൈകാര്യം ചെയ്യുന്ന ചിത്രം ന്യൂട്ടന്‍ കുമാര്‍ എന്ന പ്രിസൈഡിങ് ഓഫീസറുടെ കഥയാണ് പറയുന്നത്. ഭരണകൂടവും മാവോയിസ്റ്റുകളും തമ്മിലുള്ള സംഘട്ടനം ആസ്പദമാക്കി ഒരുക്കിയ സിനിമയാണ് ‘ന്യൂട്ടണ്‍’.

‘ന്യൂട്ടണ്‍’ സീക്രട്ട് ബാലറ്റിന്റെ തനിപ്പകര്‍പ്പാണെന്നാണ് ആരോപണം. വിജനമായ ദ്വീപില്‍ വോട്ടിങ്ങിനായി പോകുന്ന സ്ത്രീയുടെ കഥയാണ് സീക്രട്ട് ബാലറ്റ്. രണ്ടു ചിത്രങ്ങളുടേയും കഥ ഏകദേശം ഒന്നു തന്നെ. ന്യൂട്ടണില്‍ നായകന്‍ കേന്ദ്ര കഥാപാത്രമാകുന്നെങ്കില്‍ സീക്രട്ട് ബാലറ്റില്‍ നായകന് പകരം നായികയാണെന്നുള്ള വ്യത്യാസമേയുള്ളൂ.

അതേസമയം, സീക്രട്ട് ബാലറ്റ് എന്ന ചിത്രത്തെക്കുറിച്ച്‌ തനിക്ക് ഒന്നുമറിയില്ലെന്നും ന്യൂട്ടന്റെ തിരക്കഥ എഴുതുന്ന സമയത്ത് ഇങ്ങനെയൊരു ചിത്രത്തെക്കുറിച്ച്‌ കേട്ടിരുന്നുവെങ്കിലും കഥ അറിയില്ലായിരുന്നുവെന്നും സംവിധായകന്‍ അമിത് വി മന്‍സൂര്‍ പ്രതികരിച്ചു. അക്കാദമി അവാര്‍ഡിനുള്ള ഇന്ത്യയുടെ തെരഞ്ഞെടുപ്പ് വാര്‍ത്തയും ചിത്രത്തിന്റെ റിലീസ്ദിനത്തില്‍ തന്നെയായിരുന്നു അണിയറപ്രവര്‍ത്തകരെ തേടിയെത്തിയത്. എന്നാല്‍ വിവാദങ്ങളില്‍ ഇടം പിടിച്ചത് പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്.

 

Comments are closed.