fbpx
DCBOOKS
Malayalam News Literature Website

‘ഇന്ദുലേഖ’യ്ക്ക് നൃത്താവിഷ്‌കാരം

chandu

മലയാളത്തിലെ ആദ്യത്തെ ലക്ഷണമൊത്ത നോവലായ ഒയ്യാരത്ത് ചന്തുമേനോന്റെ ‘ഇന്ദുലേഖ’യ്ക്ക് നൃത്തഭാഷ്യം ഒരുങ്ങുന്നു. ഇന്ദുലേഖയ്ക്ക് സംഗീതനൃത്തനാടക ശില്‍പ്പം ഒരുക്കുന്നത് ചന്തുമേനോന്റെ അഞ്ചാം തലമുറക്കാരി ഡോ. ചൈതന്യയാണ് എന്ന പ്രത്യേകതയുമുണ്ട്. മുതുമുത്തച്ഛന്‍ മലയാളസാഹിത്യത്തിനു നല്‍കിയ സംഭാവനയ്ക്ക് സംഗീതവും നൃത്തവുംകൊണ്ട് ആദരമര്‍പ്പിക്കുകയാണ് ഈ കൊച്ചുമകള്‍. യാഥാസ്ഥിതികരുടെ മുന്നില്‍ പരിഷ്‌കാരിയായി മാറിയ ഇന്ദുലേഖയ്ക്ക് അരങ്ങില്‍ ജീവന്‍നല്‍കുന്നതും ചൈതന്യതന്നെയാണ്. ജനുവരി 11ന് തിരുവനന്തപുരത്ത് നൃത്തശില്‍പ്പം അരങ്ങേറും.

ഇന്ദുലേഖ
ഇന്ദുലേഖ

മുതുമുത്തച്ഛന്റെ സാഹിത്യജീവിതത്തെക്കുറിച്ച് അമ്മുമ്മമാര്‍ പറഞ്ഞുകേട്ട അറിവേയുള്ളൂവെങ്കിലും ആ പ്രതിഭയ്ക്ക് താന്‍ ഉപാസിക്കുന്ന നൃത്തകലയിലൂടെ ആദരമര്‍പ്പിക്കുന്നതിന്റെ ഭാഗമാണ് ഈ സംരംഭമെന്ന് ഇതിന്റെ അണിയറപ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് കൊച്ചിയിലെത്തിയ ഡോ. താന്യ ഉണ്ണി എന്ന ചൈതന്യ പറയുന്നു. ഓസ്‌ട്രേലിയയിലെ ഗോള്‍ഡ് കോസ്റ്റില്‍ സ്‌കിന്‍ സ്‌പെഷ്യലിസ്റ്റായി പ്രാക്ടീസ് ചെയ്യുകയാണ് മികച്ച മോഹനിയാട്ടം നര്‍ത്തകികൂടിയായ ചൈതന്യ.

കോഴിക്കോട് അഡ്വ. ടി ടി എസ് ഉണ്ണിയുടെയും ജ്യോതിയുടെയും മകളാണ് ചൈതന്യ. ചന്തുമേനോന്‍ അവസാനകാലത്ത് തമാസിച്ചതും അദ്ദേഹത്തിന്റെ ചിതാഭസ്മം അടക്കംചെയ്തതുമായ കാഞ്ഞുള്ളി വീട്ടിലാണ് ചൈതന്യ ജനിച്ചത്. ‘ഓര്‍മയിലെന്നും’ എന്ന മലയാള ചിത്രത്തില്‍ ബാലതാരമായി അഭിനയിച്ചിട്ടുണ്ട് ചൈതന്യ. ഈ ചിത്രത്തിലെ അഭിനയത്തിന് ആ വര്‍ഷം മികച്ച ബാലതാരത്തിനുള്ള സംസ്ഥാന ചലച്ചിത്ര അവാര്‍ഡും ലഭിച്ചു. മികച്ച മോഹനിയാട്ടം നര്‍ത്തകികൂടിയാണിവര്‍. ഭാരതി ശിവജിയും കലാമണ്ഡലം സരസ്വതിയുമൊക്കെയായിരുന്നു ഗുരുക്കള്‍. സ്‌കൂള്‍, കോളേജ് പഠനകാലത്ത്, ഇന്ത്യയിലും വിദേശത്തുമായി നിരവധി വേദികളില്‍ ശാസ്ത്രീയനൃത്തം അവതരിപ്പിച്ചിട്ടുണ്ട്.

മുതുമുത്തച്ഛന്റെ നോവലിന് രംഗാവിഷ്‌കാരമൊരുക്കുമ്പോള്‍ ഒരു പിഴവും വരരുതെന്ന നിര്‍ബന്ധമുണ്ട് ചൈതന്യക്ക്. അതുകൊണ്ടുതന്നെ ചന്തുമേനോനെക്കുറിച്ച് ലഭ്യമായ എഴുതപ്പെട്ട വിവരങ്ങള്‍ പരമാവധി ശേഖരിക്കുന്ന തിരക്കിലാണവര്‍. ഇതിന്റെ ഭാഗമായി കഴിഞ്ഞദിവസം കൊച്ചിയിലെത്തിയ ചൈതന്യ ഇവിടെയുള്ള ആദ്യകാല പുസ്തകശാലകളിലും പോയി.

ഓസ്‌ട്രേലിയയില്‍ ഒരു സ്‌റ്റേജ് പരിപാടിയുമായെത്തിയ സൂര്യ കൃഷ്ണമൂര്‍ത്തിയുമായുണ്ടായ പരിചയമാണ് ഇത്ര പെട്ടെന്ന് തന്നെ നൃത്തസംഗീതനാടക ശില്‍പ്പത്തിലേക്കെത്തിച്ചതെന്ന് ചൈതന്യ പറയുന്നു. ഇരുവരും ചേര്‍ന്നാണ് ലൈറ്റ് ആന്‍ഡ് സൗണ്ട് ഇഫക്ട് ചേര്‍ത്ത് ഇത് രൂപകല്‍പ്പന ചെയ്യുന്നത്. അരങ്ങില്‍ ഇന്ദുലേഖയിലെ കഥാപാത്രങ്ങള്‍ക്കൊപ്പം നോവലിസ്റ്റ് ചന്തുമേനോനും എത്തുന്നുണ്ട്. സംഗീതരചന നിര്‍വഹിക്കുന്നത് രാജീവ് ആലുങ്കലാണ്.

നൃത്തസംഗീത നാടകം തുറന്ന വേദിയിലാകും അവതരിപ്പിക്കുകയെന്നും മലയാളികള്‍ക്ക് ഇത് വേറിട്ട ഒരനുഭവമാകുമെന്നും സൂര്യ കൃഷ്ണമൂര്‍ത്തി പറഞ്ഞു. പരിപാടി വിജയമാക്കുന്നതിനുള്ള അണിയറപ്രവര്‍ത്തനങ്ങള്‍ കൊച്ചിയിലും ചെന്നൈയിലും തിരുവനന്തപുരത്തുമായി പുരോഗമിക്കുകയാണ്.

Comments are closed.