DCBOOKS
Malayalam News Literature Website

ഇന്ത്യയില്‍ കടുത്ത പോഷകാഹാരക്കുറവ് : റിപ്പോർട്ട്

ഇന്ത്യയില്‍ കടുത്ത പോഷകാഹാരക്കുറവുള്ളതായി കഴിഞ്ഞ ദിവസം പുറത്തുവിട്ട ആഗോള പഠന റിപ്പോര്‍ട്ടിൽ പറയുന്നു. ഇന്ത്യയില്‍ പ്രത്യുൽപാദന പ്രായമെത്തിയ പകുതിയില്‍ കൂടുതല്‍ സ്ത്രീകള്‍ക്കും വിളര്‍ച്ചയാണെന്നു ‘ഗ്ലോബല്‍ ന്യൂട്രീഷന്‍ റിപ്പോര്‍ട്ട് 2017’ പറയുന്നു. ഇന്ത്യയടക്കം 140 രാജ്യങ്ങള്‍ ഉള്‍പ്പെടുന്നതാണ് പഠനം. ഇതില്‍ പോഷകാഹാരക്കുറവായി കണക്കാക്കപ്പെടുന്ന മൂന്ന് സൂചകങ്ങളിലും ഇന്ത്യ ഏറെ പിന്നോട്ടാണ്.

പ്രത്യുത്പാദന പ്രായമെത്തിയ സ്ത്രീകളില്‍ കാണുന്ന വിളര്‍ച്ച, കുട്ടികളിലെ വളര്‍ച്ചാക്കുറവ്, സ്ത്രീകളിലെ അമിതഭാരം എന്നിവയാണ് പോഷകാഹാരക്കുറവ് വിലയിരുത്തുന്ന മൂന്ന്‌ സൂചകങ്ങള്‍. രാജ്യത്ത് അഞ്ചുവയസ്സിനു താഴെയുള്ളതായ 38 ശതമാനം കുട്ടികളിലും വളര്‍ച്ചാക്കുറവ് ഉള്ളതായും മസ്തിഷ്കശേഷിയ്ക്ക് സാരമായ കോട്ടം സംഭവിക്കുന്നതായുമാണ് പുതിയ പഠനം പറയുന്നത്. അഞ്ചു വയസ്സിനു താഴെയുള്ള കുട്ടികളില്‍ 21 ശതമാനം കുട്ടികളും അവരുടെ ഉയരത്തിനനുസരിച്ച് ഭാരമില്ലാത്തവരാണ് എന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു.

പ്രായപൂര്‍ത്തിയായവരില്‍ 22 ശതമാനത്തില്‍ കൂടുതല്‍പേര്‍ക്ക് അമിതഭാരമാണ് എന്നും പറയുന്നു. പ്രത്യുത്പാദന പ്രായത്തിലുള്ള 51 ശതമാനം സ്ത്രീകള്‍ക്കും വിളര്‍ച്ചയുള്ളതായും കണക്കുകള്‍ പറയുന്നു. കുട്ടിയുടേയും അമ്മയുടേയും ആരോഗ്യത്തെ ഒരുപോലെ ബാധിക്കുന്നതാണ് ഇത്. ഇന്ത്യയില്‍ 16 ശതമാനം പുരുഷന്മാരും 22 ശതമാനം സ്ത്രീകളും അമിതഭാരമുള്ളവരാണ്.

ഒരുവിധം എല്ലാ രാജ്യത്തും അമിതഭാരമുള്ളവരുടെ എണ്ണം കൂടുന്നതായി പറയുന്ന റിപ്പോര്‍ട്ടില്‍, ലോകജനസംഖ്യയായ ഏഴു ദശലക്ഷത്തില്‍ രണ്ടു ദശലക്ഷം പേര്‍ ഇത്തരത്തില്‍ അമിതഭാരമുള്ളവരാണ് എന്ന് പ്രതിപാദിക്കുന്നു. ലോകത്തെ 88 ശതമാനം രാഷ്ട്രങ്ങളും പോഷകാഹാരക്കുറവിലെ രണ്ടോ മൂന്നോ സൂചകങ്ങളില്‍ പിന്നോട്ടാണ് എന്ന് പഠനം പറയുന്നു.

Comments are closed.