DCBOOKS
Malayalam News Literature Website

ഇന്ത്യയില്‍ എഴുത്തുകാര്‍ക്ക് നേരെ നടക്കുന്ന കൈയേറ്റങ്ങളില്‍ യു.എസ്. കോണ്‍ഗ്രസിന് ആശങ്ക

വാഷിങ്ടണ്‍: കഴിഞ്ഞ ദിവസം യു.എസ് കോണ്‍ഗ്രസ് അംഗമായ ഹാരോള്‍ഡ് ട്രെന്റ് ഫ്രാങ്കസ് ഇന്ത്യയില്‍ ഭരണത്തിലിരിക്കുന്ന പാര്‍ട്ടി നടത്തുന്ന അതിക്രമങ്ങളെ ഹൗസ് ഓഫ് റപ്രസെന്റേറ്റീവില്‍ നിശിതമായാണ് വിമര്‍ശിച്ചത്. ആവിഷ്‌ക്കാര സ്വാതന്ത്ര്യം ഒരു രാജ്യത്ത് എത്രവിലയേറിയതാണെന്ന് ഗൗരി ലങ്കേഷിന്റെ കൊലപാതകവും കാഞ്ച ഐലയ്യക്ക് നേരെ നടക്കുന്ന അതിക്രമങ്ങളും ചൂണ്ടിക്കാട്ടി അദ്ദേഹം പ്രസംഗിച്ചു.

ഇന്ത്യയിലെ രാഷ്ട്രീയ നിരീക്ഷകനും എഴുത്തുകാരനുമായ കാഞ്ച ഐലയ്യയെ ആഴ്ചകള്‍ക്ക് മുന്‍പാണ് ഭരണകക്ഷിയില്‍ തന്നെ ഉള്‍പ്പെട്ട ഒരു പാര്‍ലമെന്റംഗം ഭീഷണിപ്പെടുത്തിയത്. ഐലയ്യയെ പൊതുജനമധ്യത്തില്‍ വെച്ച് തൂക്കിലേറ്റണം എന്നായിരുന്നു എം.പിയുടെ പ്രസ്താവന എന്നും തെലുങ്കുദേശം എം.പി ടി.ജി. വെങ്കടേഷിന്റെ പ്രസ്താവനയെ ചൂണ്ടിക്കാട്ടിക്കൊണ്ട് ഫ്രാങ്ക് പറഞ്ഞു.

ഒരിക്കല്‍ കാഞ്ച സഞ്ചരിച്ച കാര്‍ ജനക്കൂട്ടം ആക്രമിച്ചു. ഇന്ന് അദ്ദേഹം വീട്ടുതടങ്കലില്‍ കഴിയുകയാണെന്ന് പറയാം. കാഞ്ച പല തരത്തിലുള്ള ഭീഷണികളും നേരിട്ടുകൊണ്ടിരിക്കുകയാണ്. പുറത്തേക്കിറങ്ങിയാല്‍ ആക്രമിക്കപ്പെടുമെന്ന അവസ്ഥയില്‍ വീട്ടില്‍ തന്നെ ഇരിക്കുക എന്നതാണ് അദ്ദേഹത്തിന്റെ മുന്നിലുള്ള പോംവഴി. യു.എസ് അടക്കമുള്ള ആഗോള രാജ്യങ്ങള്‍ കാഞ്ച ഐലയ്യക്ക് നേരെ നടക്കുന്ന ആക്രമണത്തെ ശക്തിയായ അപലപിക്കണമെന്ന് ഞാന്‍ ആവശ്യപ്പെടാനാണ് ഇന്ന് ഈ സഭയില്‍ ഞാന്‍ നില്‍ക്കുന്നത് ഫ്രാങ്ക് പറഞ്ഞു.

നമ്മുടെ സഖ്യരാജ്യമായ ഇന്ത്യയിലെ സ്ഥതിഗതികള്‍ അസ്വസഥതയുണ്ടാക്കുന്നതാണ്. ഗൗരി ലങ്കേഷ് എന്ന മാധ്യമ പ്രവര്‍ത്തക സ്വന്തം വീടിന് പുറത്തുവെച്ചാണ് കൊല്ലപ്പെട്ടത്. ഇന്ത്യയില്‍ അധികാരത്തിലിരിക്കുന്ന പാര്‍ട്ടിയുടെ ജനാധിപത്യ വിരുദ്ധത നിര്‍ഭയം തുറന്നുകാട്ടിയതിന്റെ പേരിലാണ് അവര്‍ കൊല്ലപ്പെട്ടത്. എഴുത്തുകാരും സാമൂഹ്യപ്രവര്‍ത്തകരുമായ ഗോവിന്ദ് പന്‍സാരെയും എം.എം. കല്‍ബുര്‍ഗിയും നരേന്ദ്ര ധാബോല്‍ക്കറും സമാന സാഹചര്യങ്ങളില്‍ കൊല്ലപ്പെട്ടതും ആശങ്കയുണര്‍ത്തുന്ന സംഭവങ്ങളാണ്. കാഞ്ച ഐലയ്യക്കും സമാനരായ മറ്റുള്ളവരുടേയും സംരക്ഷണത്തിന് വേണ്ടി ഇന്ത്യന്‍ സര്‍ക്കാര്‍ മുന്‍ഗണന നല്‍കണമെന്നും ഫ്രാങ്ക് പറഞ്ഞു.

Comments are closed.