DCBOOKS
Malayalam News Literature Website

മഴക്കെടുതിയില്‍ കേരളം

mazhaസംസ്ഥാനമെങ്ങുമുണ്ടായ കനത്തമഴയില്‍ വ്യാപക നാശനഷ്ടവും ഉരുള്‍പൊട്ടലും. മഴക്കെടുതിയില്‍ മൂന്നുപേര്‍ മരിച്ചു. പാലക്കാട് അട്ടപ്പാടിയിലും കണ്ണൂരിലുമാണ് മൂന്ന് പേര്‍മരിച്ചത്. പലയിടങ്ങളിലായി നിരവധി വീടുകള്‍ തകര്‍ന്നു. നദികള്‍ കരകവിഞ്ഞു. ജലസംഭരണികള്‍ തുറന്നു. കോട്ടയത്തും തൃശൂരിലും ട്രാക്കിലേക്ക് മണ്ണിടിഞ്ഞ് ട്രെയിന്‍ ഗതാഗതം മുടങ്ങി. റോഡിലേക്ക് മണ്ണിടിഞ്ഞ് പലയിടത്തും ഗതാഗതം നിലച്ചു. കൊച്ചിയിലും തിരുവനന്തപുരത്തും വെള്ളക്കെട്ട് രൂപപ്പെട്ടു. താഴ്ന്നമേഖലകളിലെ വീടുകളില്‍ വെള്ളം കയറി.

അട്ടപ്പാടി, തട്ടേക്കാട്, മൂന്നാര്‍, ബൈസന്‍ബാലി എന്നിവിടങ്ങളില്‍ ഉരുള്‍പൊട്ടി. കുട്ടനാട് വെള്ളപ്പൊക്ക ഭീഷണിയിലായി. രണ്ടുദിവസം കൂടി മഴ തുടരാന്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പുണ്ട്. കടലാക്രമണവും രൂക്ഷമായി. ജില്ലാ കലക്ടര്‍മാരും മറ്റ് ഉദ്യോഗസ്ഥരും മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചു.

ഈ സീസണിലെ ഏറ്റവും കൂടിയ മഴയാണ് ഞായറാഴ്ച രാവിലെ 8.30ന് അവസാനിച്ച 24 മണിക്കൂർ കേരളത്തിൽ പെയ്തിറങ്ങിയത്. 79 മില്ലിമീറ്ററാണു കേരളത്തിലാകെ രേഖപ്പെടുത്തിയ ശരാശരി മഴ. ഏറ്റവും കൂടുതൽ മഴ ലഭിച്ചതു പാലക്കാട് ജില്ലയിലെ മണ്ണാർക്കാട്ടാണ്. 235 മില്ലിമീറ്റർ. മഴ കൊണ്ടുവന്നേക്കാവുന്ന ദുരന്തങ്ങൾ നേരിടാൻ സമഗ്രമായ മുന്നൊരുക്കങ്ങളുമായി സംസ്ഥാനം. വിവിധ വകുപ്പുകൾ തയാറെടുപ്പുകൾ നടത്തി. ജാഗ്രതാനിർദേശങ്ങളും നൽകിയിട്ടുണ്ട്. ഒഡീഷയുടെയും കർണാടകയുടെയും തീരത്തു രൂപംകൊണ്ട അന്തരീക്ഷച്ചുഴികളും മഹാരാഷ്ട്ര തീരം മുതൽ കേരള തീരം വരെയുള്ള ഭാഗത്തു രൂപംകൊണ്ട ന്യൂനമർദ പാത്തിയപാത്തിയും ഒന്നിച്ചെത്തിയതാണ് കനത്ത മഴയക്കു കാരണം.

കനത്ത മഴ തുടരുന്ന പശ്ചാത്തലത്തില്‍ ദുരന്തനിവാരണ അതോറിറ്റിയുടെ ശുപാര്‍ശയെ തുടര്‍ന്ന് പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെ സംസ്ഥാനത്തെ മുഴുവന്‍ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ തിങ്കളാഴ്ച അവധി നല്‍കി. തിങ്കളാഴ്ചത്തെ വിവിധ സര്‍വകലാശാലാപരീക്ഷകളും മാറ്റി. പുതുക്കിയ തിയതി പിന്നീട് അറിയിക്കും.

 

Comments are closed.