DCBOOKS
Malayalam News Literature Website

22-ാമത് അന്താരാഷ്ട്ര ചലച്ചിത്രമേള ഡിസംബര്‍ 8 മുതല്‍

22-ാമത് അന്താരാഷ്ട്ര ചലച്ചിത്രമേള 2017 ഡിസംബര്‍ 8 മുതല്‍ 15 വരെ തിരുവനന്തപുരത്ത് നടക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍ ഡിസംബര്‍ എട്ടിന് വൈകീട്ട് നിശാഗന്ധിയില്‍ മേള ഉദ്ഘാടനം ചെയ്യും. ബംഗാളി നടി മാധവി മുഖര്‍ജി മുഖ്യാതിഥിയായിരിക്കും. നവംബര്‍ 10ന് ഡെലിഗേറ്റ് രജിസ്‌ട്രേഷന്‍ ആരംഭിക്കും.

സുരക്ഷാ കാരണങ്ങളാലും തിയേറ്ററുകള്‍ മുന്നോട്ടുവെച്ച നിബന്ധന പ്രകാരവും സീറ്റുകളുടെ എണ്ണത്തിന് അനുസരിച്ചു മാത്രമേ തിയേറ്ററുകളില്‍ പ്രവേശനം അനുവദിക്കുകയുള്ളൂ. ഇത്തവണ ഡെലിഗേറ്റ് ഫീ 650 രൂപയായി വര്‍ധിപ്പിച്ചിട്ടുണ്ട്. വിദ്യാര്‍ത്ഥികള്‍ക്ക് 350 രൂപയാണ് ഫീസ്. 14 തിയേറ്ററുകളിലാണ് ഇത്തവണ പ്രദര്‍ശനം. പരമാവധി 10,000 പാസുകള്‍ മാത്രമേ വിതരണം ചെയ്യുകയുള്ളൂ. 14 തിയേറ്ററുകളിലായി 8048 സീറ്റുകളാണുള്ളത്. പൊതുവിഭാഗത്തില്‍ 7000, വിദ്യാര്‍ഥികള്‍ക്കും സിനിമ, ടി.വി പ്രൊഫഷനലുകള്‍ക്കും 1000 വീതം, മീഡിയക്കും ഫിലിംസൊസൈറ്റി അംഗങ്ങള്‍ക്കും 500 വീതം എന്നിങ്ങനെയാണ് പാസ് നിശ്ചയിച്ചിരിക്കുന്നത്. പൊതുവിഭാഗത്തില്‍ ചലച്ചിത്ര സമീക്ഷയുടെ വരിക്കാര്‍ക്ക് മുന്‍ഗണനയുണ്ടാകും.

www.iffk.in എന്ന വെബ്‌സൈറ്റില്‍ Apply for the Event എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് പണമടച്ചാല്‍ മാത്രമേ ഡെലിഗേറ്റ് രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാവുകയുള്ളൂ. നവംബര്‍ പത്തുമുതല്‍ 12 വരെ വിദ്യാര്‍ഥികള്‍ക്കും നവംബര്‍ 13 മുതല്‍ 15 വരെ പൊതുവിഭാഗത്തിനും നവംബര്‍ 16 മുതല്‍ 18 വരെ സിനിമ, ടിവി, പ്രൊഫഷണലുകള്‍ക്കും നവംബര്‍ 19 മുതല്‍ 21 വരെ ഫിലിം സൊസൈറ്റി പ്രവര്‍ത്തകര്‍ക്കും 22 മുതല്‍ 24 വരെ മാധ്യമപ്രവര്‍ത്തകര്‍ക്കുമാണ് രജിസ്ട്രേഷന്‍ നിശ്ചയിച്ചത്.

 

Comments are closed.