DCBOOKS
Malayalam News Literature Website

ഐ.വി. ദാസിന്റെ ചരമവാര്‍ഷിക ദിനം

പത്രപ്രവര്‍ത്തകനും സാഹിത്യകാരനും രാഷ്ട്രീയ പ്രവര്‍ത്തകനുമായ ഐ.വി. ദാസ് തലശ്ശേരിയിലെ പാനൂരിനടുത്ത മൊകേരിയില്‍ 1932 ജൂലായ് ഏഴിന് ജനിച്ചു. ഐ.വി ഭുവനദാസ് എന്നായിരുന്നു യഥാര്‍ത്ഥ പേര്. ത്രിവിക്രമന്‍ നായരും പാര്‍വതി അമ്മയുമാണ് മാതാപിതാക്കള്‍.

1953 ജൂണ്‍ ഒന്നിന് മൊകേരി ഈസ്റ്റ് യുപി സ്‌കൂളില്‍ അധ്യാപകനായി ഔദ്യോഗിക ജീവിതം ആരംഭിച്ചു. 1982 സെപ്റ്റംബര്‍ 24ന് സ്വമേധയാ വിരമിച്ചു. 1950 മുതല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകനായി. ദീര്‍ഘകാലം കമ്യൂണിസ്റ്റ് പാര്‍ട്ടി കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായിരുന്നു. 1985ലും 2007ലും സി.പി.എം. സംസ്ഥാന കമ്മിറ്റിയംഗമായി. പുരോഗമന കലാ സാഹിത്യസംഘം സംസ്ഥാന സമിതി അംഗമായിരുന്നു. ദേശാഭിമാനി, മുന്നണി, പുതുയുഗം, റോക്കറ്റ്, പടഹം എന്നീ മാസികകളുടെ പത്രാധിപരായിരുന്നു.

സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി, കേരള ഗ്രന്ഥശാലാ സംഘം ജോയിന്റ് സെക്രട്ടറി, കണ്‍ട്രോള്‍ ബോര്‍ഡ് അംഗം, കേരള സാഹിത്യ അക്കാദമി സെക്രട്ടറി, കേരള സംഗീത നാടക അക്കാദമി അംഗം എന്നീ നിലകളിലും സേവനമനുഷ്ഠിച്ചു.

18 കൃതികള്‍ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. ഇ.എം.എസ്:ജീവിതവും കാലവും ആണ് ഒടുവിലത്തെ കൃതി. അക്ഷരപുരസ്‌ക്കാരം, പി.എന്‍.പണിക്കര്‍ പുരസ്‌കാരം, കാലിക്കറ്റ് റീഡേഴ്‌സ് ഫോറത്തിന്റെ റീഡേഴ്‌സ് അവാര്‍ഡ്, പി.ആര്‍.കുറുപ്പിന്റെ സ്മരണയ്ക്കായുള്ള വജ്രസൂചി അവാര്‍ഡ് എന്നിവ ഉള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങള്‍ നേടി. വൃക്കസംബന്ധമായ അസുഖത്തെത്തുടര്‍ന്ന് 2010 ഒക്ടോബര്‍ 30ന് അന്തരിച്ചു.

 

Comments are closed.