DCBOOKS
Malayalam News Literature Website

‘പ്ലേ ബോയ്’ മാഗസിന്‍ സ്ഥാപകന്‍ ഹ്യൂഗ് ഹഫ്നര്‍ അന്തരിച്ചു

ഷിക്കാഗോ: ‘പ്ലേ ബോയ്’ മാഗസിന്‍ സ്ഥാപകന്‍ ഹ്യൂഗ് ഹഫ്നര്‍(91) അന്തരിച്ചു. പ്ലേ ബോയ് എന്റര്‍പ്രൈസസ് ആണ് വാര്‍ത്ത പുറത്തു വിട്ടത്. ഹഫ്നര്‍ സ്വന്തം വസതിയില്‍ വച്ചാണ് മരിച്ചതെന്നും സ്വാഭാവിക മരണമായിരുന്നുവെന്നും പ്ലേ ബോയ് എന്റര്‍പ്രൈസ് പുറത്തുവിട്ട പ്രസ്താവനയില്‍ വ്യക്തമാക്കി. ഹഫ്നര്‍ 1926 ഏപ്രിലില്‍ ഷിക്കാഗോയിലായിരുന്നു ജനിച്ചത്.

പ്ലേ ബോയ് ഇന്ന് ലോകത്തിലെ തന്നെ പ്രമുഖ ബ്രാന്‍ഡുകളില്‍ ഒന്നാണ്. 1960കളില്‍ പ്രസിദ്ധീകരണ രംഗത്ത് ‘ലൈംഗിക വിപ്ലവത്തിന്’ തുടക്കം കുറിച്ച മാഗസിന്‍ എന്നാണ് പ്ലേ ബോയിയെ വിശേഷിപ്പിച്ചിരുന്നത്. പുരുഷന്മാര്‍ക്കുള്ള വിനോദവും ലൈഫ് സ്റ്റൈലും ഉള്ളടക്കമാക്കി പ്രസിദ്ധീകരിക്കുന്ന പ്ലേ ബോയ് വനിതാ മോഡലുകളുടെ ചിത്രങ്ങള്‍ മദ്ധ്യഭാഗത്തെ പേജുകളില്‍ പ്രസിദ്ധീകരിച്ചു കൊണ്ടാണ് പ്രസിദ്ധിയാര്‍ജിച്ചത്. ഇനി സുന്ദരിമാരുടെ നഗ്ന ചിത്രങ്ങള്‍ പ്രസിദ്ധീകരിക്കില്ലെന്ന പ്രഖ്യാപനവും അടുത്തിടെ പ്ലേ ബോയ് നടത്തിയിരുന്നു.

‘എസ്ക്വര്‍’ എന്ന പ്രസിദ്ധീകരണത്തില്‍ ലേഖകനായി ജോലി നോക്കിയിരുന്ന ഹഫ്നര്‍ 1953ലാണ് 45 നിക്ഷേപകരുമായി 8000 ഡോളര്‍ മുതല്‍മുടക്കില്‍ സ്വന്തം സംരഭമായ പ്ലേ ബോയ് മാസിക ആരംഭിച്ചത്. ആദ്യം ‘സ്റ്റാഗ് നൈറ്റ്’ എന്ന പേരായിരുന്നു മാസികയ്ക്ക് നല്‍കിയിരുന്നതെങ്കിലും ട്രേഡ് മാര്‍ക്ക് സംബന്ധിച്ച പ്രശ്നങ്ങളെ തുടര്‍ന്ന് പിന്നീട് പേര് മാറ്റി. പിന്നീട് ലക്ഷക്കണക്കിന് കോപ്പികളുടെ വില്‍പ്പനയുമായി പ്ലേ ബോയ് ലോകത്തിലെ തന്നെ പ്രധാനപ്പെട്ട മാസികയായി വളരുകയായിരുന്നു.

Comments are closed.