DCBOOKS
Malayalam News Literature Website

കോളജുകളില്‍ രാഷ്ട്രീയം വേണ്ട; പഠനം മതി; ഹൈക്കോടതി

കോളജുകളിലെ വിദ്യാര്‍ത്ഥി രാഷ്ട്രീയം ഹൈക്കോടതി നിരോധിച്ചു. രാഷ്ട്രീയ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന വിദ്യാര്‍ത്ഥികളെ കോളജുകളില്‍ നിന്നും പുറത്താക്കണമെന്നും ചീഫ് ജസ്റ്റിസ് നവനീതി പ്രസാദ് സിംഗ്, ജസ്റ്റിസ് രാജാ വിജയരാഘവന്‍ എന്നിവരടങ്ങുന്ന ഡിവിഷന്‍ബെഞ്ച് വ്യക്തമാക്കി. വിദ്യാര്‍ത്ഥി സമരത്തെ തുടര്‍ന്ന് പൊലീസ് സംരക്ഷണം നല്‍കണമെന്ന ഉത്തരവ് നടപ്പായില്ലെന്ന് പരാതിപ്പെട്ട് പൊന്നാനി എംഇഎസ് കോളേജ് സമര്‍പ്പിച്ച കോടതിയലക്ഷ്യ ഹര്‍ജിയിലാണ് കോടതി ഉത്തരവ്.

കോളജുകള്‍ക്കകത്തും സമീപത്തും ധര്‍ണ്ണ, സത്യഗ്രഹം, നിരാഹാരസമരം എന്നിവയ്ക്കു കോടതി നിരോധനം ഏര്‍പ്പെടുത്തി. കോളജുകള്‍ക്കകത്തും പരിസര പ്രദേശത്തും സമരപ്പന്തലുകള്‍ സ്ഥാപിച്ചാല്‍ അവ പൊളിച്ചു നീക്കണമെന്നും കോടതി പൊലീസിനു നിര്‍ദ്ദേശം നല്‍കി.

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അധ്യയനത്തിനുള്ളതാണെന്നും രാഷ്ട്രീയപാര്‍ട്ടി പ്രവര്‍ത്തനത്തിനുള്ളതല്ലെന്നും കോടതി ഉത്തരവില്‍ പറഞ്ഞു. ഫുട്പാത്തിലൂടെ നടക്കാനുള്ള സാധാരണക്കാരന്റെ അവകാശം പന്തലുകെട്ടി തടയാനാകില്ലെന്നും ഇക്കാര്യത്തില്‍ പൊലീസ് നടപടി വേണമെന്നും നിര്‍ദ്ദേശമുണ്ട്. നിയമാനുസൃതം ലഭിക്കില്ലെന്ന് ഉറപ്പുള്ള കാര്യങ്ങള്‍ക്കാണ് വിദ്യാര്‍ത്ഥികള്‍ ധര്‍ണ്ണയടക്കമുള്ള സമരങ്ങളില്‍ ഏര്‍പ്പെടുന്നതെന്നും കോടതിയിലോ ബന്ധപ്പെട്ട അധികാരികളില്‍ നിന്നോ ലഭിക്കുന്നതിന് ശ്രമിക്കാതെ ധര്‍ണ്ണയും മറ്റും നടത്തുന്നതിന് ന്യായീകരണമില്ലെന്നും കോടതി ഉത്തരവില്‍ പറഞ്ഞു.

കേസില്‍ എതിര്‍കക്ഷിയായ എസ്എഫ്‌ഐ പ്രവര്‍ത്തകന് ആവശ്യമെങ്കില്‍ കോടതിയാല്‍ പഠനം തുടരാം. എന്നാല്‍ ക്യാമ്പസ് രാഷ്ട്രീയവും പഠനവും ഒരുമിച്ച് തുടരാനാവില്ലെന്നും രാഷ്ട്രീയ പ്രവര്‍ത്തനമാണ് ഉദ്ദേശിക്കുന്നതെങ്കില്‍ കോളജിന് പുറത്തുപോകാമെന്നും വ്യക്തമാക്കി. കേസ് തിങ്കളാഴ്ച്ച വീണ്ടും പരിഗണിക്കും.

Comments are closed.