DCBOOKS
Malayalam News Literature Website

കാര്‍ട്ടൂണിസ്റ്റ് ബാലയ്ക്കെതിരായ എഫ്.ഐ.ആര്‍ ഹൈക്കോടതി സ്റ്റേ ചെയ്തു

തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസാമിയെയും മറ്റു ഉദ്യോഗസ്ഥരെയും അവഹേളിക്കുന്ന രീതിയില്‍ കാരിക്കേച്ചര്‍ വരച്ചുവെന്ന് ആരോപിച്ച്‌ അറസ്റ്റ് ചെയ്ത കാര്‍ട്ടൂണിസ്റ്റ് ജി. ബാലയുടെ എഫ്.ഐ.ആര്‍ മദ്രാസ് ഹൈക്കോടതി സ്റ്റേ ചെയ്തു. ബാല നല്‍കിയ ഹര്‍ജിയില്‍ ജസ്റ്റിസ് എസ്. എസ് സുന്ദറിന്റെതാണ് വിധി. സംഭവത്തിന്റെ വിശദീകരണം സര്‍ക്കാര്‍ ബോധിപ്പിക്കണമെന്നും കോടതി പറഞ്ഞു.

ഫ്രീലാന്‍സ് കാര്‍ട്ടൂണിസ്റ്റായ ബാല തന്റെ ഫെയ്സ്ബുക്ക് പേജിലാണ് വിവാദ കാര്‍ട്ടൂണ്‍ പോസ്റ്റ് ചെയ്തത്. ബ്ലേഡ് മാഫിയയുടെ പിടിയിലകപ്പെട്ട നാലംഗ കുടുംബം തീകൊളുത്തി മരിച്ച സംഭവത്തില്‍ മുഖ്യമന്ത്രിയുള്‍പ്പെടെ സംസ്ഥാനത്തെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ഇടപെടുന്നില്ല എന്നാരോപിക്കുന്ന കാര്‍ട്ടൂണിനെ തുടര്‍ന്നായിരുന്ന പൊലീസ് ബാലയെ അറസ്റ്റ് ചെയ്തത്.

തിരുനെല്‍വേലി കളക്ടറാണ് വിവാദ കാര്‍ട്ടൂണ്‍ മുഖ്യമന്ത്രിയെയും സംസ്ഥാനത്തെ ഉദ്യോഗസ്ഥരെയും താഴ്ത്തിക്കെട്ടുകയും അവഹേളിക്കുകയും ചെയ്തുവെന്ന് കാട്ടി പൊലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് തമിഴ്നാട് പൊലീസിന്റെ ക്രൈംബ്രാഞ്ച് വിഭാഗമാണ് ബാലയെ അറസ്റ്റ് ചെയ്തത്.

“കൊലപാതകമൊന്നും ഞാന്‍ ചെയ്തിട്ടില്ല. അതുകൊണ്ട് പശ്ചാത്താപവുമില്ല. തന്റെ കാര്‍ട്ടൂണിലൂടെ സര്‍ക്കാരിന്റെ കാര്യക്ഷമതയില്ലാത്ത പ്രവര്‍ത്തനകളെ ഇനിയും വിമര്‍ശിക്കുമെന്നും അത് ആര്‍ക്കും തടയാനാവില്ലെന്നും” ബാല ജാമ്യത്തിലിറങ്ങിയപ്പോള്‍ പറഞ്ഞിരുന്നു.

Comments are closed.