DCBOOKS
Malayalam News Literature Website

ഷെഫിന്‍ ജഹാന് തീവ്രവാദ ബന്ധമുണ്ടെന്ന് ഹാദിയയുടെ പിതാവ്

വൈക്കം സ്വദേശിയായ അഖില എന്ന ഹാദിയയെ സുപ്രീം കോടതിയില്‍ ഹാജരാക്കിയപ്പോള്‍ നടന്നത് ശക്തമായ വാദപ്രതിവാദങ്ങള്‍.
ഹാദിയയുടെ അച്ഛന്‍ അശോകന്റെ വാദമാണ് കോടതി ആദ്യം കേട്ടത്. ഹാദിയയുടെ ഭര്‍ത്താവ് ഷെഫിന്‍ ജഹാന് തീവ്രവാദ ബന്ധമുണ്ടെന്നും ഇതിനുള്ള തെളിവുകള്‍ ഉണ്ടെന്നും അശോകന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ശ്യാം ദിവാന്‍ പറഞ്ഞു. ഷെഫിന്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ സജീവ പ്രവര്‍ത്തകനാണ്. ഭീകര സംഘടനയായ ഐസിസിന്റെ റിക്രൂട്ടറായ മന്‍സി ബുറാഖുമായി ഷെഫിന്‍ സംസാരിച്ചതിന് തെളിവുണ്ടെന്നും അഭിഭാഷകന്‍ പറഞ്ഞു. ഒരാളെ ഐസിസില്‍ ചേര്‍ത്താല്‍ എത്ര രൂപ കിട്ടുമെന്ന് ഷെഫിന്‍ ജഹാന്‍ ചോദിച്ചതിന്റെ വീഡിയോ ദൃശ്യങ്ങളും ഉണ്ടെന്നും അഭിഭാഷകന്‍ പറഞ്ഞു. വര്‍ഗീയ പ്രത്യാഘാതമുണ്ടാക്കുമെന്നും അഭിഭാഷകന്‍ പറഞ്ഞു. ഹാദിയയോട് ഡിവിഷന്‍ ബെഞ്ചിലെ ജഡജിമാര്‍ സംസാരിക്കണമെന്നും അശോകന്റെ അഭിഭാഷകന്‍ അഭ്യര്‍ത്ഥിച്ചു. ആദ്യം തങ്ങള്‍ ഉന്നയിച്ച വിഷയങ്ങള്‍ കോടതി പരിഗണിക്കണം. അതിനുശേഷം മതി ഹാദിയയുടെ നിലപാട് അറിയുന്നതെന്നും ശ്യാം ദിവാന്‍ പറഞ്ഞു.
ഉച്ചയ്ക്ക് മൂന്ന് മണിക്ക് തുടങ്ങിയ വാദം വൈകിട്ട് 4.10 വരെ നീണ്ടു. തുടര്‍ന്ന് കേസ് പരിഗണിക്കുന്നത് നാളത്തേക്ക് മാറ്റി.

എന്‍.ഐ.എയുടെ വാദങ്ങള്‍

ഹാദിയ മതം മാറിയതും വിവാഹം ചെയ്തതും സ്വന്തം ഇഷ്ടപ്രകാരമാണെന്ന നിലപാട് അംഗീകരിക്കരുത്. നിര്‍ബന്ധിത പരിവര്‍ത്തനത്തിന് വിധേയയായിട്ടുള്ള ഹാദിയയുടെ മൊഴികള്‍ ഒരിക്കലും കണക്കിലെടുക്കാനാവില്ല. കേരളത്തില്‍ മതംമാറ്റത്തിന് വിധേയരായ നിരവധി ആളുകളില്‍ ഇത്തരത്തില്‍ ആശയങ്ങള്‍ അടിച്ചേല്‍പിച്ചിട്ടുണ്ട്. ഹാദിയയും അത്തരത്തില്‍ ഒരാളാണെന്നും എന്‍.ഐ.എയ്ക്കു വേണ്ടി ഹാജരായ അഡിഷണല്‍ സോളിസിറ്റര്‍ ജനറല്‍ മനീന്ദര്‍ സിംഗ് പറഞ്ഞു. തീവ്രവാദ സംഘടനയായ പോപ്പുലര്‍ ഫ്രണ്ടിന്റെ നിയന്ത്രണത്തിലുള്ള സംഘടനയായ മഞ്ചേരിയിലെ സത്യസരണിയ്‌ക്കെതിരെ പതിനൊന്ന് കേസുകള്‍ നിലവിലുണ്ട്. ഇതില്‍ ഏഴ് കേസുകളിലും സത്യസരണിക്ക് നേരിട്ട് ബന്ധമുണ്ട്. ഇത്തരം സംഘടനകളുടെ സ്വാധീനം ഹാദിയയ്ക്കു മേലുണ്ട്. താനൊരു മുസ്‌ളിമാണെന്ന് ഹാദിയ ഇന്നലെ മാദ്ധ്യമങ്ങളോട് പറഞ്ഞതിന് പിന്നില്‍ ഈ സംഘടനകളുടെ സ്വാധീനത്തിലാണെന്നും എന്‍.ഐ.എ പറഞ്ഞു.

ഷെഫീന്‍ ജഹാന്റെ വാദങ്ങള്‍
ഹാദിയ പ്രായപൂര്‍ത്തിയായ പെണ്ണാണെന്നും സ്വന്തം ജീവിതം തിരഞ്ഞെടുക്കാനുള്ള അവകാശം അവള്‍ക്കുണ്ടെന്നും ഭര്‍ത്താവ് ഷെഫിന്‍ ജഹാന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ പറഞ്ഞു. കേസില്‍ എന്‍.ഐ.എ അന്വേഷണം നടത്തുന്നത് കോടതയിലക്ഷ്യമാണെന്നും സിബല്‍ വാദിച്ചു. ഹാദിയയുടേത് വ്യക്തിസ്വാതന്ത്ര്യത്തിന്റെ പ്രശ്‌നമാണ്. ഇതിന് വര്‍ഗീയനിറം നല്‍കുന്നത് ശരിയല്ല. ഭര്‍ത്താവിനൊപ്പം ജീവിക്കാനാണ് ആഗ്രഹിക്കുന്നതെന്നാണ് ഹാദിയ പറഞ്ഞത്. കഴിഞ്ഞ ദിവസവും ഹാദിയ ഇക്കാര്യം ആവര്‍ത്തിച്ചിരുന്നു. അങ്ങനെയൊരു സാഹചര്യത്തില്‍ മകളെ തടങ്കലില്‍ വയ്ക്കുന്നത് എന്തടിസ്ഥാനത്തിലാണെന്നും കപില്‍ സിബല്‍ ചോദിച്ചു. ഹാദിയയുടേത് സ്വന്തം തീരുമാനമാണ്. അത് തെറ്റായാലും ശരിയായാലും അതിന്റെ അനന്തരഫലം അനുഭവിക്കുന്നതും ഹാദിയ തന്നെയാണെന്നും സിബല്‍ ചൂണ്ടിക്കാട്ടി.

 

Comments are closed.