DCBOOKS
Malayalam News Literature Website

ഗുരുവായൂര്‍ ക്ഷേത്രം ഏറ്റെടുക്കല്‍;നാളെ തൃശ്ശൂരില്‍ ഹര്‍ത്താല്‍

ഗുരുവായൂര്‍ പാര്‍ത്ഥസാരഥി ക്ഷേത്രം മലബാര്‍ ദേവസ്വം ബോര്‍ഡ് ഏറ്റെടുത്തതില്‍ പ്രതിഷേധിച്ച് നാളെ തൃശൂര്‍ ജില്ലയില്‍ ഹിന്ദു ഐക്യവേദി ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. ഇന്ന് പുലര്‍ച്ചെയോടെയാണ് മലബാര്‍ ദേവസ്വം ബോര്‍ഡ് അധികൃതര്‍ എത്തി പാര്‍ത്ഥസാരഥി ക്ഷേത്രം ഏറ്റെടുത്തത്.

ഇന്ന് അതിരാവിലെ വന്‍പോലീസ് സന്നാഹത്തോടെയാണ് ക്ഷേത്രം ഏറ്റെടുക്കല്‍ നടപടികള്‍ പൂര്‍ത്തിയാക്കി എക്‌സിക്യൂട്ടീവ് ഓഫീസര്‍ ചുമതലയേറ്റത്. ഈ വര്‍ഷം സെപ്റ്റംബറില്‍ ഗുരുവായൂര്‍ പാര്‍ത്ഥസാരഥി ക്ഷേത്രം ഏറ്റെടുക്കാന്‍ മലബാര്‍ ദേവസ്വം ബോര്‍ഡ് ശ്രമം തുടങ്ങിയതിനെ തുടര്‍ന്ന് അന്ന് വന്‍തോതില്‍ എതിര്‍പ്പ് ഉയര്‍ന്നിരുന്നു. ഒരു സംഘം ഭക്തര്‍ കൂട്ടമായി ക്ഷേത്രത്തിനുള്ളില്‍ പ്രവേശിച്ച് ഭജനയും നാമ ജപവും നടത്തുകയും ചെയ്തിരുന്നു. എതിര്‍പ്പിനെ തുടര്‍ന്ന് അന്ന് ദേവസ്വ ബോര്‍ഡ് പിന്‍വാങ്ങുകയായിരുന്നു.

മികച്ച രീതിയില്‍ നടത്തപ്പെടുന്ന ക്ഷേത്രം ഏറ്റെടുക്കുന്നതിനെതിരെയാണ് ഹിന്ദു സംഘടനകളുടെ പ്രതിഷേധം. എന്നാല്‍ ക്ഷേത്രഭരണത്തില്‍ വന്‍തോതില്‍ അഴിമതി നടക്കുന്നത് ചൂണ്ടിക്കാട്ടിയാണ് സംസ്ഥാന സര്‍ക്കാര്‍ കോടതിയെ സമീപിച്ചത്. കോടതിയാണ് ക്ഷേത്രം മലബാര്‍ ദേവസ്വം ബോര്‍ഡ് ഏറ്റെടുക്കാന്‍ ഉത്തരവിട്ടത്. ഇതിനെതിരേ ക്ഷേത്രം ഭരണസമിതി ഹൈക്കോടതിയെ സമീപിച്ചെങ്കിലും മുന്‍ ഉത്തരവ് ഡിവിഷന്‍ ബഞ്ച് ശരിവയ്ക്കുകയായിരുന്നു. ഇതേതുടര്‍ന്നാണ് പൊലീസ് സംരക്ഷണത്തോടെ മലബാര്‍ ദേവസ്വം ബോര്‍ഡ് അധികൃതര്‍ രാവിലെ ആറോടെ ക്ഷേത്രത്തിലെത്തി ഭരണം ഏറ്റെടുത്തത്‌

Comments are closed.