fbpx
DCBOOKS
Malayalam News Literature Website

മാനഭംഗക്കേസിൽ റാം റഹിമിന് 20 വർഷം കഠിന തടവ്

RAMആശ്രമ അന്തേവാസികളായ രണ്ട് യുവതികളെ തുടര്‍ച്ചയായി ബലാത്സംഗം ചെയ്ത കേസുകളില്‍ ഗുര്‍മീത് റാം റഹിമിനെ സിബിഐ പ്രത്യേക കോടതി 20 വര്‍ഷം കഠിനതടവിന് ശിക്ഷിച്ചു. ഓരോ കേസിലും 10 വര്‍ഷം വീതമാണ് ശിക്ഷ. ഇത് ഒരേസമയം അനുഭവിക്കാന്‍ കഴിയില്ലെന്ന് ജഡ്ജി ജഗ്ദീപ്‌സിങ് വ്യക്തമാക്കി. 30 ലക്ഷം രൂപ പിഴയും വിധിച്ചു. ഇതില്‍നിന്ന് 14 ലക്ഷം രൂപവീതം ഇരകളായ രണ്ടു സ്ത്രീകള്‍ക്ക് നല്‍കണമെന്ന് കോടതി ഉത്തരവിട്ടു.

ഗുര്‍മീത് (50) കുറ്റക്കാരനാണെന്ന് കഴിഞ്ഞ വെള്ളിയാഴ്ച കോടതി വിധിച്ചതിനെ തുടര്‍ന്ന് വന്‍ കലാപമുണ്ടായ സാഹചര്യത്തില്‍ ഹരിയാനയിലെ റോത്തക്ക് ജില്ലാജയിലില്‍ ഒരുക്കിയ കോടതിമുറിയിലായിരുന്നു ശിക്ഷാപ്രഖ്യാപനം. ജയിലിലും പരിസരത്തും ആയിരക്കണക്കിന് സുരക്ഷാഭടന്മാര്‍ കാവല്‍ നില്‍ക്കവെയാണ് വിധി പ്രസ്താവിച്ചത്. അക്രമികളെ കണ്ടാലുടന്‍ വെടിവയ്ക്കാന്‍ ഉത്തരവിട്ടിരുന്നു. ജഡ്ജി ജഗ്ദീപ്‌സിങ് പഞ്ച്കുലയില്‍നിന്ന് ഹെലികോപ്റ്ററിലാണ് റോത്തക്കിലെത്തിയത്. പകല്‍ 2.30ന് കോടതിനടപടി തുടങ്ങി. ശിക്ഷയുടെ തോത് സംബന്ധിച്ച വാദത്തിനായി ഇരുപക്ഷത്തിനും 10 മിനിറ്റ് വീതം നല്‍കി. ഗുര്‍മീതിന് ജീവപര്യന്തം തടവുശിക്ഷ വിധിക്കണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു. എന്നാല്‍, ആരോഗ്യകാരണങ്ങളാലും സാമൂഹ്യപ്രവര്‍ത്തനം നടത്തുന്നത് മാനിച്ചും ശിക്ഷ ലഘുവാക്കണമെന്ന് പ്രതിഭാഗം ആവശ്യപ്പെട്ടു. കുറ്റങ്ങള്‍ സംശയാതീതമായി തെളിഞ്ഞ സാഹചര്യത്തില്‍ മാതൃകാപരമായ ശിക്ഷ നല്‍കുകയാണെന്ന് കോടതി അറിയിച്ചു. ജയില്‍ മാറ്റണം, സഹായിയെ അനുവദിക്കണം എന്നീ ആവശ്യങ്ങള്‍ കോടതി തള്ളി. 10 വര്‍ഷം വീതമുള്ള രണ്ടുശിക്ഷ ഒരേസമയം അനുഭവിക്കാന്‍ കഴിയില്ലെന്ന് കോടതി വ്യക്തമാക്കിയതിനാല്‍ ഗുര്‍മീതിന് 20 വര്‍ഷം ജയിലില്‍ കഴിയേണ്ടിവരുമെന്ന് സിബിഐ അഭിഭാഷകന്‍ എച്ച് പി എസ് വര്‍മ പറഞ്ഞു.

കേസുകള്‍ക്ക് ആസ്പദമായ സംഭവങ്ങളുടെ തുടക്കം 1999ലാണ്. താന്‍ ഉള്‍പ്പെടെയുള്ള ഡസന്‍കണക്കിന് പെണ്‍കുട്ടികള്‍ ഹരിയാനയിലെ സിര്‍സയിലുള്ള ഗുര്‍മീതിന്റെ ആശ്രമത്തില്‍ മൂന്നുവര്‍ഷമായി ലൈംഗികചൂഷണത്തിന് വിധേയരാകുന്നുവെന്ന് ഒരു യുവതി പഞ്ചാബ് ആന്‍ഡ് ഹരിയാന ഹൈക്കോടതി ചീഫ് ജസ്റ്റിസിന് ഊമക്കത്തയച്ചു. 2002ല്‍ കിട്ടിയ ഈ കത്തിന്റെ അടിസ്ഥാനത്തില്‍ പ്രാഥമിക അന്വേഷണത്തിന് സിര്‍സ ജില്ലാ കോടതിക്ക് നിര്‍ദേശം നല്‍കി. ജില്ലാ ജഡ്ജിയുടെ ശുപാര്‍ശപ്രകാരം സിബിഐ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടു.

ഇതിനിടെ ആശ്രമം വിട്ടുപോയ പരാതിക്കാരെ ഏറെ അന്വേഷണത്തിനു ശേഷമാണ് സിബിഐ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയത്. എന്നാല്‍, രണ്ടു യുവതികള്‍ പരാതിയില്‍ ഉറച്ചുനിന്നു. 164-ാം വകുപ്പുപ്രകാരം കോടതിയില്‍ മൊഴിനല്‍കി. കോണ്‍ഗ്രസ്, ബിജെപി നേതാക്കളുടെ അട്ടിമറിശ്രമം അതിജീവിച്ചാണ് ഉദ്യോഗസ്ഥര്‍ അന്വേഷണം പൂര്‍ത്തിയാക്കിയത്. 2008ല്‍ കുറ്റപത്രം നല്‍കി. വിചാരണ വൈകിക്കാന്‍ ഗുര്‍മീത് പല മാര്‍ഗങ്ങളും സ്വീകരിച്ചു. കഴിഞ്ഞ ജൂലൈ മുതല്‍ ദിവസേന വിചാരണ നടത്തിയാണ് വിധി പ്രഖ്യാപിച്ചത്. ഗുര്‍മീത് കുറ്റക്കാരനാണെന്ന് കണ്ടെത്തിയ വെള്ളിയാഴ്ച വ്യാപകമായ ആക്രമണമാണ് അഴിച്ചുവിട്ടത്. കലാപത്തില്‍ 38 പേര്‍ കൊല്ലപ്പെട്ടിരുന്നു.

Comments are closed.