DCBOOKS
Malayalam News Literature Website

ടൈംമാഗസിന്റെ ഭാവിനേതാക്കളുടെ പട്ടികയില്‍ ഗുര്‍മെഹര്‍ കൗര്‍

ടൈം മാഗസിന്‍ പുറത്തിറക്കിയ 10 ഭാവിനേതാക്കളുടെ പട്ടികയില്‍ എ.ബി.വി.പിക്കെതിരെ ഫേസ്​ബുക്ക്​ കാമ്പയിന്‍ ആരംഭിച്ച ഗുര്‍മെഹര്‍ കൗറും. പത്തു പേരുടെ പട്ടികയില്‍ രണ്ടാം സ്​ഥാനത്താണ്​ ഗുര്‍മെഹര്‍. ‘അഭിപ്രായ സ്വാതന്ത്ര്യ പോരാളി’യെന്നാണ്​ ഗുര്‍മെഹറിനെ പട്ടികയില്‍ വിശേഷിപ്പിച്ചത്​.

ഫെബ്രുവരിയില്‍ ഡല്‍ഹി സര്‍വകലാശാലയിലെ രാംജാസ്​ കോളജില്‍ എ.ബി.വി.പി അഴിച്ചുവിട്ട അതിക്രമങ്ങള്‍ക്കെതിരെ പ്രതികരിച്ചതാണ്​ ജലന്ധര്‍ സ്വദേശിയായ 20കാരിയെ ഭാവിനേതാക്കളുടെ പട്ടികയില്‍ ​ഉള്‍പ്പെടുത്താന്‍ അര്‍ഹയാക്കിയത്​. രാജ്യദ്രോഹ കുറ്റത്തിന്​ അറസ്​റ്റിലായിരുന്ന ഉമര്‍ ഖാലിദ്​ എന്ന ജെ.എന്‍.യു ഗവേഷണ വിദ്യാര്‍ഥി രാംജാസ്​ കോളജിലെ ചടങ്ങില്‍ സംസാരിക്കാന്‍ എത്തിയതില്‍ പ്രതിഷേധിച്ചായിരുന്നു എ.ബി.വി.പി അക്രമങ്ങള്‍ അഴിച്ചുവിട്ടത്​. എന്നാൽ, എ.ബി.വി.പി​ക്കെതിരെ പ്രതികരിച്ചതോടെ ബലാത്​സംഗ-കൊലപാതക ഭീഷണികളും ഗുര്‍മെഹറിന്​ നേരിടേണ്ടി വന്നു.

പാകിസ്​താനെയല്ല, യുദ്ധത്തെയാണ്​ വെറുക്കേണ്ടതെന്ന പ്ലക്കാര്‍ഡുമായി ​ആദ്യം രംഗത്തെത്തിയിരുന്ന ഗുര്‍മെഹറിനോട്​ പാകിസ്​താനിലേക്ക്​ പോകാന്‍ മുതിര്‍ന്ന രാഷ്​​ട്രീയ നേതാക്കള്‍ വരെ ആവശ്യപ്പെട്ടതും വിവാദമായിരുന്നു. കാര്‍ഗില്‍ രക്​തസാക്ഷിയായ ജവാന്‍ മന്‍ദീപ്​ സിങ്ങി​ന്റെ മകളാണ് ഗുര്‍മെഹര്‍. ഗുര്‍മെഹറിന്​ രണ്ടു വയസുള്ളപ്പോഴാണ് പിതാവ്​ മരിച്ചത്​. ഡല്‍ഹി ലേഡി ശ്രീറാം കോളജില്‍ ഇംഗ്ലീഷ്​ സാഹിത്യ വിദ്യാര്‍ഥിയാണ്​ ഗുര്‍മെഹര്‍. തനിക്ക്​ എന്തെങ്കിലും പറയാനുണ്ടെങ്കില്‍ എന്തിന്​ അത്​ പറയാതിരിക്കണമെന്ന്​ ഗുര്‍മെഹര്‍ ചോദിക്കുന്നു.

Comments are closed.