DCBOOKS
Malayalam News Literature Website

ഗുര്‍മീതിന്റെ അനുയായികള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്ന് ബി.ജെ.പി മന്ത്രി

ബലാത്സംഗകേസില്‍ ദേരാ സച്ചാ സൗധ തലവന്‍ ഗുര്‍മീത് റാം റഹീം കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിന് പിന്നാലെ അനുയായികള്‍ അഴിച്ചുവിട്ട കലാപത്തിലെ പൊലീസ് നടപടിയെ വിമര്‍ശിച്ചും ദേരാ അനുയായികളെ പിന്തുണച്ചും ഹരിയാന ബി.ജെ.പി മന്ത്രി അനില്‍ വിജ് രംഗത്ത്.

പൊലീസ് നടപടിയില്‍ ജീവന്‍നഷ്ടപ്പെട്ടവരുടെ കുടുബത്തിന് നഷ്ടപരിഹാരം നല്‍കണമെന്നാണ് അനില്‍വിജിന്റെ ആവശ്യം. ജാട്ട് കലാപത്തിലെ ഇരകള്‍ക്ക് നഷ്ടപരിഹാരം നല്‍കിയിട്ടുണ്ടെങ്കില്‍ ദേരാ കലാപത്തിനിടെ പരിക്കേറ്റ ഗുര്‍മീത് അനുയായികള്‍ക്കും അതിനര്‍ഹതയുണ്ടെന്നായിരുന്നു അനില്‍ വിജിന്റെ വാദം.

ഗുര്‍മീതിന്റെ അനുയായികള്‍ അഴിച്ചുവിട്ട കലാപത്തില്‍ 41 പേരുടെ ജീവന്‍ നഷ്ടമാകുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. മാധ്യമങ്ങളുടെ ഒബി വാനും പൊലീസ് വാഹനങ്ങളും അടിച്ചുതകര്‍ക്കുകയും പൊലീസിന് നേരെ കല്ലെറിയുകയും ചെയ്ത 43 ദേരാ അനുയായികളുടെ പട്ടിക കഴിഞ്ഞ ദിവസം പൊലീസ് പുറത്തുവിട്ടിരുന്നു. ഇവരുടെ ഫോട്ടോയും പൊലീസ് ലുക്ക് ഔട്ട് നോട്ടീസായി ഇറക്കിയിരുന്നു. ഇതിന് പിന്നാലെയാണ് അനില്‍വിജിന്റെ പ്രസ്താവന.

കഴിഞ്ഞ മാസം, ഒരു കായിക പരിപാടിയില്‍ പങ്കെടുക്കാന്‍ സിര്‍സയിലെ ദേര സച്ച സൗധ ഹെഡ്ക്വാര്‍ട്ടേഴ്‌സില്‍ എത്തിയ അനില്‍ വിജ് ദേരാ സച്ചാ സൗധയ്ക്ക് 50 കോടി രൂപ സംഭാവനയായി നല്‍കുമെന്നും പ്രഖ്യാപിച്ചിരുന്നു.

Comments are closed.