DCBOOKS
Malayalam News Literature Website

ഒരു രാജ്യം ഒരൊറ്റ നികുതി; GST നിവലില്‍ വന്നു

gst-wlcm

രാജ്യത്ത് ഏകീകൃത ചരക്കുസേവന നികുതി (GST) സമ്പ്രദായം നിലവില്‍വന്നു. പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളില്‍ ജൂണ്‍ 30ന് അര്‍ധരാത്രി സമ്മേളനം ചേര്‍ന്നാണ് ഈ നിര്‍ണായകമാറ്റം മോദി സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. ചരക്ക്, സേവന നികുതി നിലവിൽ വന്നതോടെ, സംസ്ഥാനത്തു പഞ്ചസാര, ഭക്ഷ്യഎണ്ണ, എൽഇഡി ലൈറ്റ്, ഹെൽമറ്റ്, ടൂത്ത് പേസ്റ്റ്, പൽപ്പൊടി എന്നിവയ്ക്കുൾപ്പെടെ വില കുറയും.

രാഷ്ട്രപതി പ്രണബ് മുഖര്‍ജി, ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരി, പ്രധാനമന്ത്രി നരേന്ദ്ര മോദി, മുന്‍ പ്രധാനമന്ത്രി എച്ച് ഡി ദേവഗൌഡ, ലോക്‌സഭാ സ്പീക്കര്‍ സുമിത്ര മഹാജന്‍, കേന്ദ്രമന്ത്രിമാര്‍, സംസ്ഥാന ധനമന്ത്രിമാര്‍, എംപിമാര്‍, മറ്റ് വിശിഷ്ട വ്യക്തികള്‍ തുടങ്ങി അറുന്നൂറോളം പേരാണ് ജിഎസ്ടി പ്രഖ്യാപനം നടത്തിയ സമ്മേളനത്തില്‍ പങ്കെടുത്തത്. രാത്രി 11ന് പാര്‍ലമെന്റ് സെന്‍ട്രല്‍ഹാളില്‍ സമ്മേളനം ആരംഭിച്ചു. ജിഎസ്ടിയെ കുറിച്ചുള്ള രണ്ട് ഹ്രസ്വചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചു. തുടര്‍ന്ന് പ്രധാനമന്ത്രിയും രാഷ്ട്രപതിയും സംസാരിച്ചു. അര്‍ധരാത്രി ജിഎസ്ടിക്ക് നാന്ദി കുറിച്ച് സെന്‍ട്രല്‍ഹാളില്‍ മണിമുഴങ്ങി.

മതിയായ തയ്യാറെടുപ്പ് കൂടാതെ ജിഎസ്ടി നടപ്പാക്കുന്നതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ്, ഇടതുപക്ഷ പാര്‍ട്ടികള്‍, തൃണമൂല്‍ കോണ്‍ഗ്രസ്, ആര്‍ജെഡി, ഡിഎംകെ, ആംആദ്മി പാര്‍ട്ടി തുടങ്ങിയ പ്രതിപക്ഷകക്ഷികള്‍ സമ്മേളനത്തില്‍നിന്ന് വിട്ടുനിന്നു.

ധനമന്ത്രി തോമസ് ഐസക് ജിഎസ്ടി കൌണ്‍സില്‍ യോഗത്തില്‍ പങ്കെടുത്തെങ്കിലും പാര്‍ലമെന്റ് സമ്മേളനത്തില്‍നിന്ന് വിട്ടുനിന്നു. സംസ്ഥാന ധനമന്ത്രിമാരുടെ ഉന്നതാധികാരസമിതി അധ്യക്ഷനായിരുന്ന മുന്‍ ധനമന്ത്രി കെ എം മാണിയും മകന്‍ ജോസ് കെ മാണി എംപിയും പങ്കെടുത്തു.

അതേസമയം, ചരക്കുസേവനനികുതി നടപ്പാക്കുന്നതിന്റെ സംസ്ഥാനതല ഉദ്ഘാടനം ശനിയാഴ്ച എറണാകുളത്ത് നടക്കും. കലൂര്‍ ജവഹര്‍ലാല്‍നെഹ്‌റു അന്താരാഷ്ട്ര സ്‌റ്റേഡിയത്തില്‍ പകല്‍മൂന്നിന് ധനമന്ത്രി തോമസ് ഐസക് ഉദ്ഘാടനം നിര്‍വഹിക്കും. വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥ് അധ്യക്ഷനാകും. ഉദ്ഘാടനസമ്മേളനത്തിനുശേഷം വൈകിട്ട് ആറുവരെ സംശയ ദൂരീകരണവും പാനല്‍ ചര്‍ച്ചയും നടക്കും. വൈകിട്ട് നാലിന് മന്ത്രിതോമസ് ഐസക് ആമുഖപ്രഭാഷണം നടത്തും. കേന്ദ്രനികുതി മുഖ്യകമീഷണര്‍ നാഗേന്ദ്രകുമാര്‍ മോഡറേറ്ററാകും. അഞ്ച് വിഭാഗങ്ങളിലായാണ് പാനല്‍ചര്‍ച്ച.

Comments are closed.