DCBOOKS
Malayalam News Literature Website

നിങ്ങൾക്കും ഗൗരി ലങ്കേഷിന്റെ അവസ്ഥ വന്നേക്കും; മതേതര എഴുത്തുകാരെ ഭീഷണിപ്പെടുത്തി ശശികല

sasikala

കൊച്ചി: എഴുത്തുകാര്‍ക്കും സാംസ്കാരിക പ്രവര്‍ത്തകര്‍ക്കുമെതിരെ വിദ്വേഷ പ്രസംഗം നടത്തിയ ഹിന്ദു ഐക്യവേദി നേതാവ് ശശികല. ശശികലയ്ക്ക് എതിരെ കേസ് എടുത്തേക്കുമെന്നാണ് സൂചന. സംഭവവുമായി ബന്ധപ്പെട്ട് ആലുവ റൂറല്‍ എസ് പി എ വി ജോര്‍ജ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പറവൂരില്‍ ഹിന്ദു ഐക്യവേദി നടത്തിയ പരിപാടിയിലാണ് ശശികല വിദ്വേഷ പ്രസംഗം നടത്തിയത്.

നിയമോപദേശം കിട്ടിയ ശേഷം അന്തിമ തീരുമാനമെടുക്കുമെന്നും ഉദ്യോഗസ്ഥര്‍ അറയിച്ചു. പ്രസംഗവുമായി ബന്ധപ്പെട്ട് ശബ്ദരേഖകളും, വീഡിയോകളും ശേഖരിക്കാനും, സാക്ഷികളുടെ മൊഴി രേഖപ്പെടുത്താനും അന്വേഷണസംഘം തീരുമാനിച്ചിട്ടുണ്ട്. ശശികലയ്ക്കെതിരെ യുഎപിഎ അടക്കമുള്ള വകുപ്പുകള്‍ ചുമത്തി കേസെടുക്കാനാണ് സാധ്യതയുള്ളതെന്നാണ് റിപ്പോർട്ട്.

മതേതരവാദികളായ എഴുത്തുകാര്‍ ആയുസ് വേണമെങ്കില്‍ മൃത്യുഞ്ജയ ഹോമം നടത്തണമെന്നും അല്ലെങ്കില്‍ ഗൗരി ലങ്കേഷിന്റെ അവസ്ഥ വരുമെന്നുമാണ് ശശികല പറഞ്ഞത്. സംഘപരിവാറിനെതിരെ സംസാരിക്കുന്ന എഴുത്തുകാരെ കുറിച്ച്‌ പ്രസംഗിച്ചപ്പോഴായിരുന്നു ശശികല ഇത്തരം പരാമര്‍ശം നടത്തിയത്. പ്രസംഗം വിവാദമായ പശ്ചാത്തലത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉള്‍പ്പെടെയുള്ളയുവര്‍ രംഗത്തെത്തി. വി ഡി സതീശന്‍ എംഎല്‍എ ശശികലയ്ക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് ഡിജിപിക്ക് പരാതി നല്‍കിയിരുന്നു. എഴുത്തുകാരെ ഭീഷണിപ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് സതീശന്‍ പരാതി നല്‍കിയിരിക്കുന്നത്.

Comments are closed.