DCBOOKS
Malayalam News Literature Website

ജി 20 ഉച്ചകോടിക്ക് ഇന്ന് തുടക്കമാവും

g-20

ജി 20 ഉച്ചകോടിക്ക് ഇന്ന് ജര്‍മ്മനിയില്‍  തുടക്കമാവും. ചരിത്ര പ്രസിദ്ധമായ മൂന്ന് ദിവസത്തെ ഇസ്രയേല്‍ സന്ദര്‍ശനത്തിന് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി ജി 20 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ജര്‍മ്മനിയില്‍ എത്തി. ഇന്ന് നടക്കുന്ന ജി-20 ഉച്ചകോടിയില്‍ വിവിധ രാജ്യങ്ങളിലെ നേതാക്കളുമായി അദ്ദേഹം ഔദ്യോഗിക കൂടിക്കാഴ്ച നടത്തും. എന്നാല്‍ ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിങ് പ്രധാന മന്ത്രിയുമായി കൂടിക്കാഴ്ച നടത്തില്ല. കൂടിക്കാഴ്ചയ്ക്കുള്ള അന്തരീക്ഷം ഇപ്പോള്‍ ഇല്ലെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

എന്നാല്‍ പ്രധാന മന്ത്രി നരേന്ദ്ര മോദി ചൈനയുമായി കൂടിക്കാഴ്ച നടത്തുന്നതിനെപ്പറ്റി ചിന്തിച്ചിട്ടില്ല എന്ന് ഇന്ത്യന്‍ അധികൃതര്‍ അറിയിച്ചു. ഭൂട്ടാന്‍, ഇന്ത്യ , ചൈനാ അതിര്‍ത്തിയിലുള്ള ഡോക് ലാമില്‍ ചൈനീസ് സൈന്യം റോഡ് നിര്‍മ്മിച്ചതിനെതിരെ ഉണ്ടായ സംഘര്‍ഷങ്ങളാണ് ഇതിന് കാരണം.

ജി20 ഉച്ചകോടിയില്‍ എത്തുന്ന പ്രധാന മന്ത്രി ബ്രിക്‌സ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തും. ബ്രിക്‌സ് നേതാക്കള്‍ക്ക് പുറമേ അര്‍ജന്റീനാ, കാനഡ, ഇറ്റലി, ജപ്പാന്‍, മെക്‌സിക്കോ, യുകെ, വിയറ്റനാം തുടങ്ങിയ രാജ്യങ്ങളിലെ നേതാക്കളുമായും പ്രധാന മന്ത്രി കൂടിക്കാഴ്ച നടത്തുമെന്നും വിദേശ കാര്യ മന്ത്രാലയ വക്താവ് ഗോപാല്‍ ബാംഗ്ലെ അറിയിച്ചു.

അതേസമയം, ജി20 ഉച്ചകോടിക്ക് വേദിയാകുന്ന ജര്‍മനിയിലെ വടക്കന്‍ ഹംബര്‍ഗില്‍ ആഗോളവല്‍ക്കരണ വിരുദ്ധ സംഘടനകള്‍ നടത്തിയ പ്രതിഷേധത്തില്‍ സംഘര്‍ഷം. ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ എത്തിയ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെതിരെ മുദ്രാവാക്യം മുഴക്കി ആയിരങ്ങളാണ് തെരുവിലിറങ്ങിയത്. സംഘര്‍ഷത്തില്‍ 76 പോലീസുകാര്‍ക്കും നിരവധി പ്രക്ഷോഭകാരികള്‍ക്കും പരിക്കേറ്റു.

Comments are closed.