fbpx
DCBOOKS
Malayalam News Literature Website

ദേശീയപതാക @ 70

flag-new-edtഇന്ത്യയുടെ ദേശീയ പതാകയ്ക്ക് ഇന്ന് 70 വയസ്സ്.
1947 ജൂലൈ 22ന് കൂടിയ ഭരണഘടനാ സമിതിയുടെ പ്രത്യേക സമ്മേളനമാണ് ദേശീയ പതാകയെ ഇന്നുള്ള രൂപത്തില്‍ അംഗീകരിച്ചത്. സ്വയംഭരണ ഇന്ത്യയുടെ ദേശീയ പതാകയായിരുന്നു 1947 ഓഗസ്റ്റ് 15 മുതല്‍ 1950 ജനുവരി 26 വരെ. അതിന് ശേഷം സ്വതന്ത്ര ഇന്ത്യയുടെയും ദേശീയ പതാകയായും ഇത് മാറി. ഇന്ത്യയില്‍ ഈ പതാക ത്രിവര്‍ണ്ണ പതാക എന്ന പേരിലാണ് അറിയപ്പെടുന്നത്. ഉള്ളില്‍ കാവിയും നടുക്ക് വെള്ളയും താഴെ പച്ചയും നിറങ്ങളാണ് ഉള്ളത്. മധ്യത്തിലായി നാവിക നീല നിറമുള്ള 24 ആരങ്ങളുള്ള അശോകചക്രവും ആലേഖനം ചെയ്തിരിക്കുന്നു. ഈ പതാക ഇന്ത്യന്‍ കരസേനയുടെ യുദ്ധപതാക കൂടിയാണ്. പിംഗലി വെങ്കയ്യയാണ് ദേശീയ പതാക രൂപകല്‍പ്പന ചെയ്തത്.

ഖാദികൊണ്ട് മാത്രമെ ദേശീയപതാക നിര്‍മ്മിക്കാവു എന്നാണ് ഔദ്യോഗിക നിയമം. ദീര്‍ഘ ചതുരാകൃതിയിലുള്ള ദേശീയ പതാകയ്ക്ക് നീളവും വീതിയും 3:2 എന്ന അനുപാതത്തിലാണ്. പതാകയുടെ പ്രദര്‍ശനവും ഉപയോഗവും ഇന്ത്യന്‍ പതാക നിയമം അനുസരിച്ച് കര്‍ശനമായി നടപ്പാക്കുന്നുണ്ട്. 1906 ല്‍ ഇന്ത്യക്ക് പുറത്തുള്ള ദേശീയവാദികള്‍ ആദ്യ ത്രിവര്‍ണ്ണ പതാകയ്ക്ക് രൂപംകൊടുത്തുവെങ്കിലും അംഗീകരിക്കപെട്ടില്ല.
1916 ല്‍ ഹോം റൂള്‍ പ്രക്ഷോഭണകാലത്ത് പൊതുവെ ഉപയോഗിച്ചിരുന്ന പതാകയുണ്ടായിരുന്നു. ചുവപ്പ് നിറത്തില്‍ ചര്‍ക്കയോട് കൂടിയതായിരുന്നു അന്നത്തെ പതാക. 1931 ല്‍ കറാച്ചി കോണ്‍ഗ്രസ് സമ്മേളനത്തിന് ശേഷം നിയമിക്കപെട്ട ഒരു പ്രത്യേക കമ്മറ്റി ചുവപ്പും പച്ചയും നിറത്തില്‍ നടുക്ക് ചര്‍ക്കയോട് കൂടിയ ഒരു പതാക നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ അതിനും അംഗീകാരം ലഭിച്ചിരിന്നില്ല. ഗാന്ധിജിയുടെ നിര്‍ദ്ദേശമനുസരിച്ച് 1931 ആഗസ്റ്റില്‍ ആണ് നടുവില്‍ ചര്‍ക്കയോട് കൂടിയ ത്രിവര്‍ണ്ണ പതാകയ്ക്ക് രൂപം കൊടുത്തത്. ബോംബെയില്‍ ചേര്‍ന്ന അഖിലേന്ത്യാ കോണ്‍ഗ്രസ് സമ്മേളനം അത് അംഗീകരിക്കുകയും ചെയ്തു.

1947 ആഗസ്റ്റില്‍ ഇന്ത്യക്കു സ്വാതന്ത്ര്യം കിട്ടുന്നതിനു കുറച്ചു നാള്‍ മുന്പു തന്നെ സ്വതന്ത്ര ഇന്ത്യയുടെ ദേശീയപതാകയെപ്പറ്റി ചര്‍ച്ച ചെയ്യാന്‍ ഒരു നിയമനിര്‍മ്മണസഭ രൂപവത്കരിക്കുകയുണ്ടായി. അവര്‍ രാജേന്ദ്രപ്രസാദ് അധ്യക്ഷനും അബുല്‍ കലാം ആസാദ്, കെ.എം.പണിക്കര്‍, സരോജിനി നായിഡു, സി. രാജഗോപാലാചാരി, കെ.എം. മുന്ഷി, ബി.ആര്‍. അംബേദ്കര്‍ എന്നിവര്‍ അംഗങ്ങളായും ഒരു പ്രത്യേക സമിതി രൂപവത്കരിച്ചു. 1947 ജൂണ്‍ 23ന് രൂപവത്കരിച്ച ആ പതാകാ സമിതി പ്രശ്‌നം ചര്‍ച്ച ചെയ്യുകയും മൂന്നാഴ്ചയ്ക്കു ശേഷം, 1947 ജൂലൈ 14നു ഒരു തീരുമാനത്തിലെത്തുകയും ചെയ്തു. എല്ലാ കക്ഷികള്‍ക്കും സമുദായങ്ങള്‍ക്കും സ്വീകാര്യമായ രീതിയില്‍ ചില സമുചിതമായ മാറ്റങ്ങള്‍ വരുത്തി ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ പതാക ഇന്ത്യയുടെ ദേശീയപതാകയായി സ്വീകരിക്കാമെന്നു അവര്‍ തീരുമാനിച്ചു. യാതൊരു തരത്തിലുള്ള സാമുദായികബിംബങ്ങളും പതാകയില്‍ അന്തര്‍ലീനമായിരിക്കില്ല എന്നും തീരുമാനിക്കുകയുണ്ടായി. സാരനാഥിലെ അശോകസ്തംഭത്തിലെ ധര്‍മ്മചക്രം ചര്‍ക്കയുടെ സ്ഥാനത്തു ഉപയോഗിച്ചു കൊണ്ട് ദേശീയപതാകയ്ക്കു അന്തിമരൂപം കൈവന്നു. ചര്‍ക്കയുടെ സ്ഥാനത്ത് അശോകചക്രം വേണമെന്ന് നിര്‍ദ്ദേശിച്ചത് ജവഹര്‍ലാല്‍ നെഹ്‌റുവാണ്. അങ്ങനെ 1947 ജൂലൈ 22ന് കൂടിയ ഭരണഘടനാ സമിതിയുടെ പ്രത്യേക സമ്മേളനത്തില്‍വച്ച് ദേശീയ പതാകയെ ഇന്നുള്ള രൂപത്തില്‍ അംഗീകരിച്ചു.

പതാകയിലെ കുങ്കുമം പരിശുദ്ധിയേയും ആത്മീയതയേയും ത്യാഗത്തെയും നിഷ്പക്ഷതയേയും, വെള്ള സമാധാനത്തേയും സത്യത്തേയും,പ്രവൃത്തിയും, പച്ച പ്രകൃതിയെയും സമൃദ്ധിയേയും ഫലഭൂവിഷ്ടിതയേയും സൂചിപ്പിക്കുന്നു. നടുക്കുള്ള അശോകചക്രം ധര്‍മ്മത്തിന്റെ ചക്രമാണ്. നീതിയും ധര്‍മ്മവുമാണ് പ്രതീകം. പതാകയിലുള്ള വിവിധ നിറങ്ങള്‍ ഇന്ത്യയിലെ മതങ്ങളുടെ നാനാത്വമാണ് സൂചിപ്പിക്കുന്നതെന്നും കുങ്കുമം ഹൈന്ദവതയേയും, പച്ച ഇസ്ലാമിനേയും, വെള്ള ജൈനമതം, സിഖ് മതം, ക്രിസ്തുമതം എന്നിവയേയും സൂചിപ്പിക്കുന്നു എന്നും വ്യാഖ്യാനങ്ങളുമുണ്ട്.

ഭാരതീയ നിയമം ദേശീയപതാകയുടെ ബഹുമാന്യതയും വിശ്വസ്തതയും അന്തസ്സും കാത്തു സൂക്ഷിക്കാന്‍ അനുശാസിക്കുന്നു. ചിഹ്നങ്ങളുടേയും പേരുകളുടേയും അനുചിത ഉപയോഗം തടയുന്ന നിയമത്തിനു പകരമായി 2002 ല്‍ ഉണ്ടാക്കിയ ‘ഇന്ത്യന്‍ പതാകാ നിയമം’ ദേശീയപതാകയുടെ പ്രദര്‍ശനത്തേയും ഉപയോഗത്തേയും നിയന്ത്രിക്കുന്നുണ്ട്.

Comments are closed.