DCBOOKS
Malayalam News Literature Website

2016-ല്‍ ലോകത്ത് ഹെപ്പറ്റൈറ്റിസ് ബാധിച്ചത് അഞ്ചുകോടി കുട്ടികൾക്ക്; റിപ്പോർട്ട്

2016-ല്‍ ലോകത്ത് 5.2 കോടി കുട്ടികള്‍ക്ക് ഹെപ്പറ്റൈറ്റിസ് (കരള്‍വീക്കം) ബാധിച്ചെന്ന് റിപ്പോര്‍ട്ട്. ലോകത്താകമാനം 32.5 കോടിപേര്‍ക്ക് വൈറല്‍ ഹെപ്പറ്റൈറ്റിസ് ബാധിച്ചിട്ടുണ്ട്. ബ്രസീലില്‍നടന്ന ലോക ഹെപ്പറ്റൈറ്റിസ് ഉച്ചകോടിയില്‍ പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഇതുസംബന്ധിച്ച വിവരങ്ങളുള്ളത്.

വളരെ അപകടകരമായ തോതില്‍ കുട്ടികളിലെ വൈറല്‍ ഹെപ്പറ്റൈറ്റിസ് ഉയര്‍ന്നിട്ടുണ്ടെന്നും ഇത് പൊതുജനാരോഗ്യരംഗത്ത് വലിയ പ്രത്യാഘാതമുണ്ടാക്കുമെന്നും ലണ്ടന്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന സന്നദ്ധസംഘടനയായ വേള്‍ഡ് ഹൈപ്പറ്റൈറ്റിസ് അലയന്‍സ് സി.ഇ.ഒ. റാഖേല്‍ പെക്ക് പറഞ്ഞു.

19 വയസ്സില്‍ താഴെയുള്ള 4.8 കോടിപ്പേര്‍ക്ക് ഹെപ്പറ്റൈറ്റിസ് ബി.യും 40 ലക്ഷം പേര്‍ക്ക് ഹെപ്പറ്റൈറ്റിസ് സി.യും  സ്ഥിരീകരിച്ചിട്ടുണ്ട്. കരള്‍രോഗങ്ങളിലേക്കും കരളിലെ കാന്‍സറിനും കാരണമാകുന്ന വൈറസ് ബാധകളാണ് ഇവ രണ്ടും. ലോകത്തെ 21 രാജ്യങ്ങളാണ് കുട്ടികളിലെ ഹെപ്പറ്റൈറ്റിസ് സി ബാധയ്ക്ക് 80 ശതമാനവും കാരണക്കാരെന്ന് പഠനത്തില്‍ കുറ്റപ്പെടുത്തുന്നു. രോഗം ബാധിക്കുന്ന കുട്ടികളുടെ എണ്ണം വികസ്വരരാജ്യങ്ങളില്‍ കൂടുതലാണ്. അമ്മയില്‍നിന്ന് കുഞ്ഞുങ്ങളിലേക്ക് പകരുന്നതാണ് കുട്ടികളിലെ ഹെപ്പറ്റൈറ്റിസ് സി ബാധയുടെ പ്രധാനകാരണം. അതേസമയം, പ്രതിരോധവാക്സിനുകള്‍ ഗര്‍ഭിണികളിലോ നവജാതശിശുക്കളിലോ ഉപയോഗിക്കാനാവില്ലെന്ന വാസ്തവവും നിലനില്‍ക്കുന്നു.

എന്നാൽ, കുട്ടികളില്‍ ഹെപ്പറ്റൈറ്റിസ് സി.യെ അപേക്ഷിച്ച്‌ ഹെപ്പറ്റൈറ്റിസ് ബി ബാധ കുറയുന്നുണ്ടെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. 2016-ല്‍ 21 ലക്ഷം പേര്‍ക്ക് എച്ച്‌.ഐ.വി. ബാധയുണ്ടായതായും റിപ്പോര്‍ട്ടിലുണ്ട്. ലോകരാജ്യങ്ങളില്‍ 84 ശതമാനത്തില്‍ മാത്രമാണ് നിലവില്‍ ഹെപ്പറ്റൈറ്റിസ് ബി പ്രതിരോധവാക്സിനുകള്‍ നല്‍കിവരുന്നതെന്നാണ് റിപ്പോർട്ട്.

Comments are closed.