fbpx
DCBOOKS
Malayalam News Literature Website

പിന്നീട് എപ്പോഴോ അരുന്ധതി എന്റെ ഉറ്റകൂട്ടുകാരിയായി മാറുകയായിരുന്നു….

BENYAMIN

സൂര്യകിരണങ്ങള്‍ ഭൂമിയുടെ മാറിനെ ചുംബിക്കാന്‍ ആര്‍ത്തിയോടെ അണയുന്ന ഒരു സായംകാലത്തില്‍, അരളിപ്പൂക്കള്‍ പട്ടുവിരിച്ച ഒരു ചെമ്മണ്‍പാതയില്‍വച്ച് ഞങ്ങളുടെ സൗഹൃദസംഘം അരുന്ധതിയെ എനിക്കു പരിചയപ്പെടുത്തിത്തരുമ്പോള്‍ അവള്‍ ധരിച്ചിരുന്ന ചന്ദനക്കളര്‍ ചുരിദാര്‍ അവളെ എത്ര മനോഹരിയാക്കിയിരുന്നു എന്ന് ഞാനിപ്പോഴുമോര്‍ക്കുന്നു. ഒരു ചിത്രശലഭത്തിന്റെ പാറിപ്പറക്കലാണ്, അവളുടെ രൂപവും ഭാവവും കാരണം എന്റെ മനസ്സില്‍ പെട്ടെന്നു തെളിഞ്ഞുവന്നത്. ലോകത്തില്‍ ഒരു പെണ്‍കുട്ടിയും ഇത്രയധികം സുന്ദരി ആയിരിക്കേണ്ട ആവശ്യമില്ല എന്നു ഞാന്‍ മനസ്സില്‍ കരുതുകയും അവസരം കിട്ടിയപ്പോള്‍ അവളോട് പറയുകയും ചെയ്തു. അതു കേട്ടപ്പോള്‍ അവളുടെ മുഖത്തുവിരിഞ്ഞ നാണവും അഭിമാനം കലര്‍ന്ന–സൗമ്യമായ പുഞ്ചിരി എനിക്ക് ജീവിതത്തില്‍ ആസ്വദിക്കാനായൊരു മനോഹരനിമിഷമായിരുന്നു. അത്രയധികം വിശുദ്ധമായ ഒരു പുഞ്ചിരി ആരിലും ഞാന്‍ അന്നുവരെ കണ്ടിരുന്നില്ല…

പിന്നീട് എപ്പോഴോ അരുന്ധതി എന്റെ ഉറ്റകൂട്ടുകാരിയായി മാറുകയായിരുന്നു. അതിനു കാരണം ഞങ്ങള്‍ രണ്ടുപേര്‍ക്കും കണ്ടുപിടിക്കാന്‍ കഴിഞ്ഞില്ല. ഒരുപക്ഷേ, എന്റെ കൂട്ടുകാരിയാവാന്‍വേണ്ടി മാത്രമാവാം അവള്‍ ജനിച്ചത് എന്ന് ഒരിക്കല്‍ അവള്‍ എന്നോടു പറഞ്ഞു. അത് എന്നെ അഭിമാനപുളകിതനാക്കി. അവളെപ്പോലെയൊരു സുന്ദരിയുടെ കൂട്ടുകാരന്‍ ആയിരിക്കുക എന്നത് ആരും കൊതിച്ചുപോകുന്ന ഒന്നായിരുന്നല്ലോ. അതുകൊണ്ടുമാത്രം എന്റെ കൂട്ടുകാര്‍ എന്നോടു കഠിനമായി അസൂയപ്പെട്ടു. അവരുടെ അസൂയയില്‍ ഞാന്‍ നിഗൂഢമായി ആഹ്ലാദിച്ചു. അരുന്ധതി, എന്നില്‍ വെറുക്കപ്പെടേണ്ടതായി കണ്ട ഏകകാര്യം എന്റെ പേരുതന്നെയായിരുന്നു. ഇത്ര വിരൂപവും അര്‍ത്ഥരഹിതവുമായ ഒരു പേര് ഞാന്‍ ഇതുവരെ കേട്ടിട്ടേയില്ല എന്നായിരുന്നു അവളുടെ പരാതി. അതിന് ഉത്തരവാദി ഏതായാലും ഞാനല്ലല്ലോ എന്ന് മാത്രമായിരുന്നു എന്റെ സമാധാനം. അവസാനം വളരെനാളത്തെ ആലോചനയ്ക്കുശേഷം അവള്‍ എനിക്ക് ഒരു പേര് നിര്‍ദ്ദേശിച്ചു. ‘ബെന്യാമിന്‍ റൊമാരിയോ ജോനാതന്‍!’ മനോഹരമായ പേരാണിതെന്ന് അരുന്ധതി പറഞ്ഞതുകൊണ്ടായിരിക്കാം ഞാനും അങ്ങനെ വിശ്വസിച്ചു. പിന്നീട് എപ്പോഴും ഈ ദീര്‍ഘമായ പേരിനെ മുറിച്ച് സന്ദര്‍ഭാനുസരണം ഇഷ്ടമുള്ള ഭാഗം അവള്‍ എന്നെ വിളിച്ചുപോന്നു.

അരുന്ധതി എന്ന പേര് മനോഹരമാണെങ്കിലും അതിന്റെ അര്‍ത്ഥം എന്താണെന്നു പറഞ്ഞുതരാമോ എന്നു വാശിതീര്‍ക്കുന്ന നിഗൂഢമായ വികാരത്തോടെയാണ് ഞാന്‍ അവളോടു ചോദിച്ചത്. അവള്‍ക്ക് ഒരിക്കലും അതു കണ്ടുപിടിക്കാന്‍ കഴിഞ്ഞിരുന്നില്ല. അരുന്ധതി എന്നത് ഒരു അര്‍ത്ഥമില്ലാത്ത പേരാണെന്ന് അന്നുമുതല്‍ അവള്‍ വിശ്വസിച്ചുപോന്നു. അരുന്ധതി എന്ന പേരു വഹിക്കുന്നതില്‍ അവള്‍ എപ്പോഴും സ്വയം സഹതപിക്കുമായിരുന്നു. മനോഹരമായ ഏതെങ്കിലുമൊരു പേര് അവള്‍ക്കുവേണ്ടി കണ്ടുപിടിക്കാന്‍ അവള്‍ എന്നോട് കെഞ്ചിയിരുന്നു. എങ്കിലും എനിക്ക് അതിനു കഴിഞ്ഞിട്ടില്ല എന്നതാണു സത്യം. ഒരു ദിവസം അരുന്ധതി എന്നോടു പറഞ്ഞു, ente-priyappetta-kadhakal-benyamin‘ബെന്യാമിന്‍, ഇന്നു ഞാന്‍ നിന്നെ സ്വപ്നം കണ്ടു’ എന്ന്. അതു പറയുമ്പോള്‍ അവളുടെ മുഖം കുങ്കുമപ്പൂവുപോലെ ചുവന്നുതുടുത്തിരുന്നു. അവളുടെ ചുണ്ടില്‍ അന്നുവരെ കണ്ടിട്ടില്ലാത്ത ഒരു നനുത്ത ചിരി നിറഞ്ഞുനില്‍ക്കുന്നുണ്ടായിരുന്നു. ഞാന്‍ അവളുടെ സ്വപ്നത്തിലേക്ക് ഒരിക്കലും കടന്നുചെല്ലാത്തതില്‍ അവള്‍ എന്നോട് എപ്പോഴും പരിഭവിക്കുമായിരുന്നു.

ഞങ്ങളുടെ സൗഹൃദസംഘത്തിലെ എല്ലാവരും പലപ്പോഴായി അവളുടെ സ്വപ്നങ്ങളിലേക്കു കടന്നുചെന്നപ്പോഴും ഞാന്‍മാത്രം അകന്നുനില്‍ക്കുകയായിരുന്നു. വൈകിയാണെങ്കിലും എനിക്ക് അതിനു കഴിഞ്ഞതില്‍ ഞാന്‍ സന്തോഷവാനായി. അന്നുകണ്ട സ്വപ്നത്തെക്കുറിച്ച് വിവരിക്കുവാന്‍ ഞങ്ങള്‍ വളരെ നിര്‍ബന്ധിച്ചുവെങ്കിലും ‘അതൊരു മനോഹരമായ സ്വപ്നമായിരുന്നു’ എന്നുമാത്രം പറഞ്ഞ് അവള്‍ ഒഴിഞ്ഞു. പിന്നീട് ഞങ്ങള്‍ രണ്ടുപേരുടെയും സ്വകാര്യമായ ഒരു നിമിഷത്തില്‍ എന്റെ തോളില്‍ അവളുടെ മുഖമമര്‍ത്തി എന്റെ കാതില്‍ അവള്‍ പറഞ്ഞു. ‘ജോനാതന്‍ എന്റെ സ്വപ്നത്തില്‍ നീ നഗ്നനായിരുന്നു.’ അപ്പോള്‍ അവളുടെ മുഖത്തു വിരിഞ്ഞ ചിരി ഒരു ചുംബനത്തിലൂടെ ഞാന്‍ ഒപ്പിയെടുത്തു. പിന്നീട് പല സന്ദര്‍ഭങ്ങളിലും എന്നില്‍ നിറയുന്ന ഗൗരവം കഴുകിക്കളയാന്‍ ഒരു നിഗൂഢമായ ചിരി ഒതുക്കിപ്പിടിച്ചുകൊണ്ട് അവള്‍ പറയും, ‘നിന്റെ നഗ്നത ഞാന്‍ കണ്ടിട്ടുണ്ട്.’ അതൊരു സ്വപ്നമാണെന്ന് എനിക്കറിയാമായിരുന്നുവെങ്കിലും ഞാന്‍ പല പ്പോഴും വിശ്വസിച്ചു അവള്‍ എന്റെ നഗ്‌നത സത്യമായും കണ്ടിട്ടുണ്ട് എന്ന്. കാരണം അവളുടെ ജീവിതവും സ്വപ്നങ്ങളും ഒരിക്കലും വേര്‍തിരിക്കാന്‍ കഴിയാത്തവിധം ഇഴപിരിഞ്ഞുകിടക്കുന്ന ഒന്നായിരുന്നു. ഞങ്ങളില്‍ ആര്‍ക്കുംതന്നെ ഇതിന് ഒരു നിര്‍വ്വചനമോ വ്യാഖ്യാനമോ കൊടുക്കാന്‍ കഴിഞ്ഞിരുന്നില്ല. അത്രയ്ക്കും വിചിത്രങ്ങള്‍ ആയിരുന്നു അവളുടെ സ്വപ്നങ്ങള്‍.

ഒരിക്കല്‍, അന്നുവരെ ആരും എന്നോട് ഒരിക്കലും ചോദിക്കാതിരുന്ന ഒരു ചോദ്യം അരുന്ധതി ചോദിച്ചു. ‘ഞാന്‍ നിന്നെ പ്രേമിക്കട്ടെ, ബെന്യാമിന്‍ റൊമാരിയോ ജോനാതന്‍.’ വേനല്‍ക്കാലത്തിന് ശേഷമുള്ള ആദ്യമഴയുടെ ഇരമ്പല്‍പോലെയാണ് ആ ചോദ്യം എന്നിലേക്കു കുടിയേറിയത്. അപ്പോള്‍ എന്റെ മനസ്സില്‍ വിടര്‍ന്ന സൂര്യകാന്തിപ്പൂക്കള്‍ക്കെല്ലാം അരുന്ധതിയുടെ മുഖമായിരുന്നു. അവളുടെ ചോദ്യത്തിന് എന്റെ ഉത്തരം ഒരു കനത്ത മൗനമായിരുന്നു. ‘സ്‌നേഹത്തിന്റെ ഭാഷ മൗനമാണെന്ന്, ബെന്യാമിന്‍, നിങ്ങളാണ് എന്നെ പഠിപ്പിച്ചത്.’ എന്ന് പിന്നീടൊരിക്കല്‍ അരുന്ധതി എന്നോടു പറഞ്ഞു. എന്തോ, പ്രണയത്തിന്റെ ദിവസങ്ങളില്‍ ആയിട്ടായിരിക്കണം, അരുന്ധതിയുടെ സ്വപ്നങ്ങളെ മറ്റുള്ളവര്‍ ഒരു ചിരിയോടെ ബാലിശമെന്നു തള്ളിക്കളയുമ്പോഴും എനിക്ക് അവ തീര്‍ത്തും സത്യങ്ങള്‍ ആണെന്നു തോന്നിയിട്ടുള്ളത്.

വേറൊരുദിവസം വളരെ ദുഃഖഭാവത്തിലാണ് അരുന്ധതി ഞങ്ങളുടെ അരികിലേക്കു വന്നത്. എന്താണ് ഈ ദുഃഖത്തിനു കാരണമെന്നു ചോദിച്ചപ്പോള്‍ മറുപടി ഒന്നും പറയാതെ ഒരു പൊട്ടിക്കരച്ചിലോടെ അവള്‍ എന്റെ ഇരുകവിളിലും മാറിമാറി ചുംബിച്ചു. അവളുടെ ചുംബനം വളരെ ആസ്വാദ്യകരമായിരുന്നെങ്കിലും കൂട്ടുകാരുടെ മുമ്പില്‍വച്ചുള്ള ആ കടന്നാക്രമണം എനിക്കത്ര ഇഷ്ടപ്പെട്ടില്ലെന്ന് ഞാന്‍ നടിച്ചു. വളരെയധികം നിര്‍ബന്ധിച്ചപ്പോഴാണ് അവള്‍ അന്നുരാത്രികണ്ട സ്വപ്നം വിവരിച്ചത്. ഞാനും അരുന്ധതിയുംകൂടി ഒരു സന്ധ്യാനേരത്ത് ഒരു പുല്‍ത്തകിടിയിലിരുന്നു സല്ലപിക്കുമ്പോള്‍ അതിഭയങ്കരമായ കാറ്റ് അടിക്കുകയും കാറ്റിനു പിന്നാലെ എവിടെനിന്നോ ഒരു കൂട്ടം വവ്വാലുകള്‍ പറന്നുവന്ന് ഞങ്ങളുടെ മുകളില്‍ വട്ടമിട്ടു പറക്കുകയും ചെയ്തു. പിന്നീട് അവ സംഘംചേര്‍ന്ന് എന്നെ കൊത്തിയെടുത്ത് പറന്നുകളഞ്ഞു. അരുന്ധതി അവകളുടെ പിന്നാലെ കരച്ചിലോടെ വളരെദൂരം ഓടി എന്നെ രക്ഷിക്കാന്‍ ശ്രമിച്ചു. അപ്പോള്‍കണ്ടത് അവകള്‍ എന്നെ ഒരു മരത്തില്‍ തൂക്കിയിടുന്നതാണ്. വളരെയേറെനേരം പണിപ്പെട്ട് അവള്‍ വവ്വാലുകളില്‍നിന്ന് എന്നെ രക്ഷിക്കാന്‍ ശ്രമിക്കുമ്പോള്‍ ഞാനും ഒരു വവ്വാലായി മാറി അവരോടൊപ്പം പറന്നകന്നു എന്നായിരുന്നു ആ സ്വപ്നം. സ്വപ്നം വിവരിച്ചശേഷം വീണ്ടും അരുന്ധതി പൊട്ടിക്കരച്ചിലിലേക്ക് വഴുതിവീണു.

ഒരു ദിവസം രാവിലെ അരുന്ധതി നിറഞ്ഞ പുഞ്ചിരിയോടെയാണ് ഞങ്ങളുടെ അടുത്തെത്തിയത്. അന്നുരാത്രി അവള്‍ പ്രപഞ്ച കേന്ദ്രത്തിലേക്കു നടന്നുപോയത്രേ. ആദ്യം കുറച്ചുദൂരം നിറഞ്ഞ മരുഭൂമിയായിരുന്നു. പിന്നീട് കണ്ട ശൂന്യതയില്‍ നക്ഷത്രങ്ങളിലും ഗ്രഹങ്ങളിലും ചവിട്ടിയാണ് അവള്‍ നടന്നത്. ഒരു നക്ഷത്രത്തില്‍നിന്ന് മറ്റൊരു നക്ഷത്രത്തിലേക്കു കാല് മാറ്റിച്ചവിട്ടുന്ന പ്രയാസം അരുന്ധതി അഭിനയിച്ചുകാണിച്ചുതന്നു. പലപ്പോഴും നക്ഷത്രത്തില്‍നിന്ന് കാല് വഴുതിയപ്പോള്‍ സഹായിക്കാന്‍ എവിടെനിന്നോ പ്രാവുകള്‍ പറന്നെത്തി. അവള്‍ ക്ഷീണിച്ചു എന്നറിഞ്ഞ് അവകള്‍ വെള്ളംപോലും എത്തിച്ചു. അങ്ങനെനടന്ന് പ്രപഞ്ചകേന്ദ്രത്തില്‍ എത്തിയ അവള്‍ക്ക് ദേവന്മാര്‍ അവിടെ അവരുടെ സുന്നഗോഗില്‍ അതിപ്രധാനമായ ഒരു സമ്മേളനത്തിലായിരുന്നതുകൊണ്ട് അഫ്രോഡൈറ്റ് ദേവതയെ ഒഴികെ ആരേയും കാണാന്‍ കഴിഞ്ഞില്ല എന്ന് അവള്‍ പറഞ്ഞു. ദേവതയുടെ സൗന്ദര്യത്തെക്കുറിച്ചുള്ള അവളുടെ വര്‍ണ്ണനതന്നെ ഏകദേശം ഒരു മണിക്കൂര്‍ നീണ്ടു. അപ്പോള്‍ അവളുടെ മുഖത്തു വിരിഞ്ഞ ഭാവങ്ങളും വര്‍ണ്ണങ്ങളും അവളെ ദേവതയെക്കാള്‍ സുന്ദരിയും നിഷ്‌കളങ്കയുമാക്കി. ഒരുപക്ഷേ, ദേവന്മാര്‍ സമ്മേളനം നടത്തിയിരുന്നത് ഒരു പള്ളിയില്‍വച്ചോ വല്ല പന്തലില്‍വച്ചോ ആയിരിക്കാം എന്നു ഞാന്‍ കളിയാക്കി പറഞ്ഞപ്പോള്‍ അവള്‍ എത്ര ഗൗരവത്തോടെയാണ് തലയില്‍ കൈവച്ചു പറഞ്ഞത്, ”ഓ മൈ ഗോഡ്, ജോനാതന്‍ എന്താ കരുതിയത് — എനിക്ക് ഒരു പള്ളിയും സുന്നഗോഗും കണ്ടാല്‍ തിരിച്ചറിയില്ലെന്നോ. തീര്‍ച്ചയായും അതൊരു സുന്നഗോഗ് തന്നെയായിരുന്നു.” അവളുടെ പരിജ്ഞാനത്തെ ഞാന്‍ വാഴ്ത്തി. എനിക്ക് ഒരിക്കലും ഒരു പള്ളിയും സുന്നഗോഗും തമ്മിലുള്ള വ്യത്യാസം അറിയില്ലായിരുന്നു.

പിന്നെ എന്റെ പനിക്കിടക്കയിലാണ് ഞാന്‍ അരുന്ധതിയെ കണ്ടുമുട്ടുന്നത്. എന്റെ കിടക്കയില്‍ എന്നോടു ചേര്‍ന്നിരുന്ന അവള്‍, എന്റെ മുടിയിഴകളിലൂടെ വിരലുകള്‍ ഓടിച്ചു. എന്റെ പൊള്ളുന്ന പനിയെ അവളുടെ സ്‌നേഹം തുളുമ്പുന്ന വിരലുകള്‍ മായ്ച്ചുകളയുന്നത് ഞാനറിഞ്ഞു. അവളുടെ മുഖം സാന്ത്വനംകൊണ്ട് അരുണാഭമായി. എന്നെ അവള്‍ മടിയില്‍ കിടത്തി മാറോട് ചേര്‍ത്തു പിടിച്ചു. വര്‍ഷങ്ങള്‍ക്കുശേഷം ഞാന്‍ ശൈശവത്തിലേക്കു സഞ്ചരിക്കുകയും മാറിന്റെ സുരക്ഷിതത്വത്തില്‍ ലോകത്തെ മറക്കുകയും ചെയ്തു. അവളുടെ മാറിന്റെ ഇളംചൂടും മൃദുസ്പര്‍ശവും എന്റെ മുഖത്തെ പൊതിഞ്ഞപ്പോള്‍ എന്നില്‍ നിറഞ്ഞ നിര്‍വൃതിക്ക് പേരില്ലായിരുന്നു. പിന്നെ ഏതോ അപൂര്‍വ്വനിമിഷത്തില്‍ എന്റെ ചുണ്ടുകള്‍ അവളുടെ മുലക്കണ്ണുകളുടെ നിര്‍മ്മലതയെ രുചിച്ചറിഞ്ഞു. അവസാനം അവള്‍ പറഞ്ഞു ‘അമ്പാടിക്കണ്ണാ, മതി, ചുരത്താന്‍ എന്റെ മാറില്‍ പാലില്ല. എനിക്ക് വേദനിക്കുന്നു…’

കഥ തുടർന്ന് വായിക്കാം

ഇഷ്ടപ്പെട്ട കഥകൾ തിരഞ്ഞെടുക്കാൻ ആവശ്യപ്പെടുമ്പോൾ മനസ്സിൽ നിറയുന്നത് ഒരു ആവലാതിയാണ്…..ഏതു സ്വീകരിക്കുമെന്നും ഏതിനെ ഉപേക്ഷിക്കുമെന്നും ഓർത്ത്. ആ കഥകളിലൂടെ ഒരാവർത്തി കടന്നു പോകുമ്പോൾ എനിക്ക് സ്വയം മനസിലാകും പരക്കെ വായിക്കപ്പെട്ട എന്റെ കഥകളേക്കാൾ എനിക്ക് പ്രിയം ഇഎംഎസ്സും പെൺകുട്ടിയും , മരീചിക , യുത്തനേസിയ തുടങ്ങിയ കഥകളും , അങ്ങനെ ശ്രദ്ധയിൽ വരാത്ത മറ്റു ചിലതുമാണെന്ന്. എന്റെ പ്രിയപ്പെട്ട കഥകളിലൂടെ പ്രിയ ബെന്യാമിൻ തന്റെ കഥകളുടെ സജീവമായ വായന ആഗ്രഹിച്ചു കൊണ്ട് വായനക്കാർക്ക് വേണ്ടി സമാഹരിക്കുകയാണ് തന്റെ ഏറ്റവും പ്രിയപ്പെട്ട കഥകൾ.

Comments are closed.