DCBOOKS
Malayalam News Literature Website

ദ്രാവിഡക്കല്ലുമായി ആധുനികതയിലേക്കൊരു യാത്ര…

അനുരാഗ് ഗോപിനാഥിന്റെ ‘ദ്രാവിഡക്കല്ല്’ എന്ന നോവലിന് വിനീത് വിശ്വദേവ് എഴുതിയ വായനാനുഭവം

ദ്രാവിഡചരിത്രത്തെക്കുറിച്ചും ദ്രാവിഡഭാഷയെക്കുറിച്ചും പറഞ്ഞുപോകുന്ന ഈ പുസ്തകം ആദ്യമായി മാന്ത്രിക നോവൽ വായിക്കുന്നവരെ സംബന്ധിച്ച് പുതിയ വായനാനുഭവമായിരിക്കും സമ്മാനിക്കുക. ചരിത്രത്തോടൊപ്പം തന്നെ മിത്തും ഉള്ളതുകൊണ്ട് വായന രസകരമാക്കുന്നുണ്ട്. ഐതിഹ്യങ്ങളിൽ പറയുന്ന സവിശേഷതകളുള്ള ദ്രാവിഡക്കല്ലിനെക്കുറിച്ചറിയുന്ന സഞ്ചാരിയും ചരിത്രാന്വേഷിയുമായ ജയകാന്തൻ തൻ്റെ സുഹൃത്തുക്കളായ ഭരതിനും മൈത്രേയിക്കും ഒപ്പം ഈ കല്ല് അന്വേഷിച്ച് പോകുന്നതും തുടർന്ന് അവർ നേരിടേണ്ടി വരുന്ന വെല്ലുവിളികളുടെ കഥ മുന്നേറുന്നു.

ഓരോ അധ്യായത്തിന്റെയും ആദ്യം ശ്ലോകങ്ങളാലും മന്ത്രങ്ങളാലും നിറഞ്ഞിരിക്കുന്നു. കഥയുടെ ഭീതിദമായ അന്തരീക്ഷത്തിനു ആ മന്ത്രങ്ങൾ സ്വയം ഒരു അന്തരീക്ഷമൊരുക്കുന്നുണ്ട്. പരമശിവന്റെ അശ്രുവിൽ നിന്നും ഉരുവാക്കപ്പെട്ട കരുത്തുള്ള ദ്രാവിഡക്കല്ല് തലമുറകളിലൂടെ സഞ്ചരിച്ചു വർത്തമാന കാലത്തിന്റെ പൊള്ളുന്ന യാഥാർത്ഥ്യങ്ങളിലേക്കു അനുവാചകരെ കൊണ്ടുചെന്നെത്തിക്കുന്നു. അപ്പോഴേക്കും മനസ്സിൽ ഓരോ ചോദ്യം കടന്നുകൂടും, ഇപ്പോൾ ആ കല്ല് എവിടെയാവും ഉണ്ടാവുക? അതിന്റെ ശക്തിയെന്താണ്? ഉദ്വേഗജനകമായി തന്നെ വായിച്ചുപോകാവുന്ന പല വഴിത്തിരിവുകൾ ഉൾക്കൊള്ളിച്ചിരിക്കുന്നതുകൊണ്ടു വായനയെ കൂടുതൽ രസകരമാക്കുന്നു.

Textനിധിയുടെ പിന്നാലെയുള്ള യാത്രകൾ നടത്തിയ പല ഫിക്ഷനുകളുമുണ്ട് പക്ഷേ ഇവിടെ ഭരതും ജയകാന്തനും തേടിപ്പോകുന്നത് വലിയൊരു നിധിയല്ല പകരം അപാരമായ ശക്തിയുള്ള ദ്രാവിഡക്കല്ലാണ്‌. ഈക്കമുടിക്കോട്ട് എന്ന തറവാട്ടിലെ കാരണവന്മാരുടെ സ്വത്തായിരുന്നു ദ്രാവിഡക്കല്ല്. തലമുറകൾ കൈമാറി അതൊടുവിൽ എത്തിച്ചേർന്നത് താമരയിലാണ്. കുടുംബത്തിന്റെയും സമൂഹത്തിന്റെയും നന്മയായിരുന്നു കാരണവന്മാർ ലക്ഷ്യമിട്ടതെങ്കിൽ താമരയത് സ്വാർഥതയ്ക്കു വേണ്ടിയാണു ഉപയോഗിക്കുന്നത്. നിത്യ സുന്ദരിയും യൗവനയുക്തയും ആയിരിക്കുക എന്ന ഏറ്റവും പരമമായ ലക്ഷ്യത്തെ ആരാധിക്കുകയും ആഗ്രഹിക്കുകയും ചെയ്യുന്ന താമര അതിനു വേണ്ടി കന്യകമാരെ ബലികൊടുക്കും. ദ്രാവിഡക്കല്ലിന്റെ ശക്തിയാൽ ക്ഷയിക്കാത്ത അവളുടെ ശക്തിയെ ഇരട്ടിയാക്കാൻ കരിമൂർത്തിയെയും സാത്താനെയും അവൾ ഉപാസന ചെയ്തിരുന്നു.

വേദാന്തം എന്ന ഗുരുതുല്യനായ വ്യക്തിയിൽ നിന്നാണ് ജയകാന്തനും ഭരതനും ദ്രാവിഡക്കല്ലിനെക്കുറിച്ച് കൂടുതലറിയുന്നത്. പക്ഷേ സത്യത്തിലേയ്ക്കടുക്കുന്ന വേദാന്തം കൊല്ലപ്പെടുന്നു. അതന്വേഷിക്കാനെത്തുന്നത് അദ്ദേഹത്തിന്റെ അനന്തരവനായ ചിദംബരം. ബ്ലാക്ക് മാജിക് അരച്ച് കലക്കി കുടിച്ച പ്രതിഭ. അയാൾക്ക് വേദാന്തത്തിന്റെ മരണത്തിന്റെ പ്രതികാരം മാത്രമല്ല നാടിനെ രക്ഷിക്കുകയും കൂടിയാണ് ചെയ്യേണ്ടിയിരുന്നത്. ദ്രാവിഡക്കല്ല് എന്ന അഹംബോധത്തിനെ എങ്ങനെയാണ് ഉപേക്ഷിക്കേണ്ടതെന്നും നിധികൾ അന്വേഷിച്ചുള്ള യാത്രകൾ യഥാർഥത്തിൽ മനുഷ്യൻ നടത്തേണ്ടത് ആന്തരിക ബോധത്തിലേക്കാണെന്നുമുള്ള തത്വത്തെ ഉറപ്പിക്കുകയാണ് ഈ നോവൽ.

ഫാന്റസിയും ചരിത്രവും മിത്തും ഭയവും ഒക്കെ ഇഴചേർന്ന നോവലാണ് ദ്രാവിഡക്കല്ല്. താമരയുടെ കഴുത്തിലണിഞ്ഞിരിക്കുന്ന മൂന്നിഴകളുള്ള മാലയിലെ ദ്രാവിഡക്കല്ല് എന്ന ദൃശ്യം വായിക്കുമ്പോൾത്തന്നെ അത് പ്രജ്ജോലമാക്കുന്നുണ്ട്. മനുഷ്യന്റെ മനസിലൂടെയുള്ളൊരു അന്വേഷണമാണ് യഥാർഥത്തിൽ ദ്രാവിഡക്കല്ല്. മന്ത്രവാദക്കളങ്ങളും നാലുകെട്ടും ഒന്നും ക്ളീഷേ ആയി ദ്രാവിഡക്കല്ലിൽ പതിക്കുന്നില്ല. അത്തരം കാര്യത്തിൽ എഴുത്തുകാരനായ അനുരാഗ് ഗോപിനാഥ് ശ്രദ്ധിച്ചിട്ടുണ്ട്. അതുകൊണ്ടു തന്നെ ഇത് പുതിയ കാലത്തിലെഴുതിയ എന്നാൽ ആ പഴയ കാലങ്ങളെ ഓർമ്മിപ്പിക്കുന്ന ഒരു പുസ്തകമാണ്. തുടക്കത്തിൽ പറഞ്ഞതുപോലെ മാന്ത്രിക നോവൽ വായിച്ചു തുടങ്ങൽ ആഗ്രഹിക്കുന്നവർക്ക് നല്ലൊരു വായനാനുഭവം കാഴ്ചവെയ്ക്കുമെന്നു നിസ്സംശയം പറയാം.

നിങ്ങളുടെ കോപ്പി  ഓര്‍ഡര്‍ ചെയ്യാന്‍ ക്ലിക്ക് ചെയ്യൂ

Comments are closed.