DCBOOKS
Malayalam News Literature Website

ഡോ. ജേക്കബ് തോമസ്സും വിദ്യാര്‍ത്ഥികളും തമ്മിലുള്ള സംവാദം ഫേസ്ബുക് ലൈവിൽ

വായനക്കാര്‍ ആവേശപൂര്‍വ്വം സ്വീകരിച്ച ഡോ. ജേക്കബ് തോമസ്സിന്റെ പുതിയ പുസ്തകം കാര്യവും കാരണവും നേരിട്ട വെല്ലുവിളികള്‍ എന്ന പുസ്തകത്തെ ആസ്പദമാക്കി എഴുത്തുകാരനും വിദ്യാര്‍ത്ഥികളുമായുള്ള സംവാദം ഡിസി ബുക്ക്സ് ഫേസ്ബുക് ലൈവിൽ സംപ്രേക്ഷണം ചെയ്യും. നവബംര്‍ 20 തിങ്കളാഴ്ച വൈകുന്നേരം 4 മണിക്ക് കോട്ടയം ദര്‍ശന അന്താരാഷ്ട്ര പുസ്തകമേളയോടനുബന്ധിച്ചാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. ജസ്റ്റിസ് കെ. റ്റി. തോമസ്, ഡോ. ബാബു ചെറിയാന്‍ തുടങ്ങിയവരും പരിപാടിയില്‍ പങ്കെടുക്കുന്നുണ്ട്.

ക്രിമിനല്‍ കേസെടുക്കാവുന്ന ചട്ടലംഘനങ്ങള്‍ ആത്മകഥയിലുണ്ടെന്ന മൂന്നംഗ സമിതിയുടെ കണ്ടെത്തല്‍ പുറത്തുവന്നതിന്റെ തൊട്ടുപിന്നാലെയാണ് ഔദ്യോഗികജീവിതത്തിലെ വെല്ലുവിളികള്‍ തുറന്നു പറഞ്ഞുകൊണ്ട് ജേക്കബ് തോമസ്സിന്റെ രണ്ടാമത്തെ പുസ്തകം പുറത്തിറങ്ങിയത്. ആത്മകഥയില്‍ വെളിപ്പെടുത്താതിരുന്നതും കേരളത്തിന്റെ രാഷ്ട്രീയ സാമൂഹികരംഗങ്ങളില്‍ കോളിളക്കമുണ്ടാക്കാവുന്നതുമായ ഒട്ടേറെ വിവാദങ്ങള്‍ കാര്യവും കാരണവും – നേരിട്ട വെല്ലുവിളികള്‍ ‘ എന്ന ഈ പുസ്തകത്തിലും ജേക്കബ് തോമസ് പങ്കുവയ്ക്കുന്നുണ്ട്. മുപ്പതിലധികം വര്‍ഷത്തെ ഔദ്യോഗിക ജീവിതത്തിനിടയില്‍ താന്‍ കടന്നുപോയ വകുപ്പുകളും അവിടുത്തെ അഴിമതിക്കഥകളും അഴിമതിക്കെതിരെ നിലകൊണ്ടപ്പോള്‍ അനുഭവിക്കേണ്ടിവന്ന പ്രതിസന്ധികളും അതിനെ നേരിട്ടതുമൊക്കെ മറയില്ലാതെ തുറന്നു പറയുന്നു പുസ്തകത്തില്‍.

പാറ്റൂര്‍ ഭൂമിയിടപാട്, ഫയര്‍ ഫോഴ്‌സിന്റെ എന്‍ ഒ സി എന്ന പൊറാട്ടു നാടകം, ‘ഉന്നതരുടെ’ വയല്‍-കായല്‍ കയ്യേറ്റങ്ങള്‍, ബന്ധുനിയമന വിവാദത്തിന്റെ വസ്തുകള്‍, കേരളത്തില്‍ നടക്കുന്ന മതംമാറ്റവിവാദങ്ങള്‍ തുടങ്ങി കോളിളക്കമുണ്ടാക്കുന്ന ഒട്ടേറെ വിഷയങ്ങള്‍ ഈ പുസ്തകം ചര്‍ച്ചചെയ്യുന്നുണ്ട്. വിജിലന്‍സിന്റെ തലപ്പത്തേക്ക് തന്നെ കൊണ്ടുവന്നത് ഏറെ ആലോചനകള്‍ക്കൊടുവിലായിരുന്നുവെന്നും, ചില അഴിമതിക്കാര്‍ക്ക് കുടപിടിക്കുവാനായി അവിടെനിന്നും തൂത്തെറിയുവാന്‍ ഒരാലോചനയും വേണ്ടിവന്നില്ലെന്നും പുസ്തകത്തില്‍ ആഞ്ഞടിക്കുന്നു. കേരളത്തില്‍ വളര്‍ന്നുവരുന്ന ന്യൂനപക്ഷ -ഭൂരിപക്ഷ വര്‍ഗ്ഗീയതയെയും മതത്തിന്റെ അടിസ്ഥാനത്തില്‍ നടക്കുന്ന ബ്രെയിന്‍ വാഷിങ്ങും മൂടിവയ്ക്കുന്നത് വോട്ടുബാങ്ക് പോകുമോ എന്ന ഭയം മൂലമാണെന്ന ഗൗരവതരമായ പ്രസ്ഥാവനയും അദ്ദേഹം നടത്തുന്നുണ്ട്.

ജൈവകൃഷി ജനപ്പെരുപ്പമുള്ള ഒരു സംസ്ഥാനത്തിനോ രാജ്യത്തിനോ അനുയോജ്യമല്ലെന്നും രാസവളങ്ങളുടെ നിയന്ത്രിതമായ ഉപയോഗംകൊണ്ടു മാത്രമേ ഭക്ഷ്യോല്‍പ്പാദനത്തില്‍ സ്വയംപര്യാപ്തത നേടാനാവൂ എന്ന് കാര്യകാരണങ്ങള്‍ സഹിതം വിശദമാക്കിക്കൊണ്ട് സര്‍ക്കാരിന്റെ നയവൈകല്യങ്ങളെയും വിമര്‍ശനാത്മകമായി സമീപിക്കുന്നു.

വിവാദങ്ങള്‍ക്കപ്പുറം ഏതൊരു വായനക്കാരനും ഉള്‍ക്കാഴ്ചകള്‍ പകര്‍ന്നുകൊടുക്കുന്നു എന്നതാണ് കാര്യവും കാരണത്തെ വ്യത്യസ്തമാക്കുന്നത്. സിവില്‍ സര്‍വ്വീസ് പോലെ ഉയര്‍ന്ന സ്വപ്‌നങ്ങള്‍ കാണുന്നവരും തൊഴില്‍ മേഖല തിരഞ്ഞെടുക്കുവാന്‍ കാര്യശേഷി ആവശ്യമായിട്ടുള്ളവരും നിര്‍ബന്ധമായും വായിച്ചിരിക്കണ്ട പുസ്തകമാണിത്.

സംവാദത്തില്‍ പങ്കെടുക്കുവാന്‍ താല്‍പ്പര്യമുള്ള വിദ്യാര്‍ത്ഥികള്‍ വിളിക്കുക- 9946108783

 

 

Comments are closed.