DCBOOKS
Malayalam News Literature Website

ദിവസത്തിന്റെ ശേഷിപ്പുകള്‍- ലൈല സൈന്‍ എഴുതുന്നു….

കസുവോ ഇഷിഗുറോയുടെ ‘റിമെയ്ന്‍സ്ഓഫ് ദ ഡേ’ മലയാളത്തിലേക്ക് മൊഴിമാറ്റിയ ലൈല സൈന്‍ നോവലിനെക്കുറിച്ചും നോവലിസ്റ്റിനെക്കുറിച്ചും എഴുതുന്നു…

ഈ വര്‍ഷത്തെ നൊബേല്‍സമ്മാനം പ്രഖ്യാപിക്കുമ്പോള്‍ സ്വീഡിഷ് അക്കാദമി, അവാര്‍ഡ് സമ്മാനപത്രത്തില്‍ കസുവോ ഇഷിഗുറോയുടെ രചനകളെക്കുറിച്ച് ഇങ്ങനെ രേഖപ്പെടുത്തി: ”അദ്ദേഹം, അതിശക്തമായ, വൈകാരിക സംഘര്‍ഷങ്ങള്‍ നിറഞ്ഞ രചനകളിലൂടെ നമ്മുടെ കാഴ്ചകള്‍ക്കും സങ്കല്പത്തിനുമപ്പുറത്തുള്ള ഒരു ഭാവനാലോകത്തിന്റെ അങ്ങേയപ്പുറത്തുള്ള,അടിത്തട്ട് കാണിച്ചുതന്നു” ഇതാണ് അദ്ദേഹത്തെ നൊബേല്‍ സമ്മാനത്തിന് അര്‍ഹനാക്കിയത്.

ജപ്പാനിലെനാഗസാക്കിയില്‍ 1954- ലായിരുന്നു ഇഷിഗുറോയുടെ ജനനം. അഞ്ചാമത്തെ വയസ്സില്‍ കുടുംബത്തോടൊപ്പം അദ്ദേഹം ബ്രിട്ടനിലേക്ക് ചേക്കേറി. ആദ്യകാല നോവലുകള്‍ ജപ്പാനിലേക്കുള്ള ഒരു തിരിഞ്ഞുനോട്ടമായിരുന്നു. അവയൊന്നും അത്രയധികം ശ്രദ്ധനേടിയില്ല. ജാപ്പനീസ് കുടുംബത്തിന്റെ ചിട്ട വട്ടങ്ങളില്‍ വളര്‍ന്നതുകൊണ്ടാവാം അദ്ദേഹത്തിന്റെ രചനകള്‍ ബ്രിട്ടീഷ് സമകാലികരില്‍നിന്നും വ്യത്യസ്തമായ ഒരു കാഴ്ചപ്പാട് വച്ചുപുലര്‍ത്തിയിരുന്നു. 1980-കളില്‍ ഇംഗ്ലണ്ടില്‍ ഉയര്‍ന്നുവന്ന പുത്തന്‍ കാല്‍പ്പനിക രചയിതാക്കള്‍ക്കൊപ്പം ഇഷിഗുറോ ലോക വായനക്കാരുടെ ശ്രദ്ധ പിടിച്ചുപറ്റി.

1989-ല്‍ വായനക്കാരെ അക്ഷരാര്‍ത്ഥത്തില്‍ ആഹ്ലാദിപ്പിച്ച് ‘റിമെയ്ന്‍സ്ഓഫ് ദ ഡേ’ ബുക്കര്‍ പ്രൈസ് നേടി. സംസ്‌കാരവും ചരിത്രവും മാറി മറിയുന്ന ഒരു കാലഘട്ടത്തില്‍ തലയുയര്‍ത്തിപ്പിടിച്ചു നില്‍ക്കാന്‍ പാടുപെടുന്ന വാര്‍ദ്ധക്യത്തിലേക്കെത്തി നില്‍ക്കുന്ന ഒരു ബട്‌ലറുടെ കഥയാണ് ‘റിമെയ്ന്‍സ് ഓഫ് ദ ഡേ’ യില്‍ പ്രതിപാദിക്കുന്നത്. തന്റെ യജമാനനായ ഡാര്‍ലിംങ്ടണ്‍ പ്രഭുവിനുവേണ്ടണ്ടി ജീവിതം നയിക്കുന്ന സ്റ്റീവന്‍സ്
എന്ന ബട്‌ലറുടെ ഓര്‍മ്മകളിലൂടെയാണ് കഥ മുന്നോട്ടുപോകുന്നത്. തന്റെ സഹപ്രവര്‍ത്തകയായിരുന്ന മിസ് കെന്റന്റെ കത്തിലൂടെ ഭൂതകാല സ്മരണകളിലേക്ക് ഊളിയിടുന്ന സ്റ്റീവന്‍സിന്റെ മനോവ്യാപാരങ്ങളിലൂടെ കഥ വികസിക്കുന്നു. ഡാര്‍ലിംങ്ടണ്‍ പ്രഭുവിനോടുള്ള അതീവദൃഢമായ കൂറും ഭക്തിയുമായിരുന്നു സ്റ്റീവന്‍സിന്റെ ജീവിതം.നൂറ്റാണ്ടുകളുടെ എണ്ണമറ്റ രഹസ്യങ്ങള്‍ക്ക് മൂകസാക്ഷിയായ ഡാര്‍ലിംങ്ടണ്‍ ഹാളില്‍ തന്റെ യജമാനനുവേണ്ടണ്ടി സ്റ്റീവന്‍സ് ജീവിച്ചുപോകുന്നു. തന്റെ ജോലിയോടുള്ള കടപ്പാട്, മരണക്കിടക്കയില്‍പോലും അച്ഛന്റെ അടുത്തിരിക്കുന്നതില്‍നിന്ന് സ്റ്റീവന്‍സിനെ വിലക്കി. മിസ്സ് കെന്റനോടുള്ള പ്രണയംപോലും തിരിച്ചറിയാന്‍ ജോലിയോടുള്ള പ്രതിബദ്ധത സ്റ്റീവന്‍സിനെ അനുവദിച്ചില്ല. തന്റെ പുതിയ യജമാനനായ ഫാരഡെയുടെ നിരന്തരമായ നിര്‍ബന്ധം മൂലം തന്റെ പഴയ ഊര്‍ജ്ജസ്വലത വീണ്ടെണ്ടടുക്കാന്‍ യാത്രപോകുന്ന സ്റ്റീവന്‍സിന്റെ വര്‍ത്തമാനകാലവും ഭൂതകാലസ്മൃതിയും കൂടിക്കലര്‍ന്ന വൈകാരിക മുഹൂര്‍ത്തങ്ങളിലൂടെയാണ് കഥ മുന്നോട്ട്‌പോകുന്നത്.

ഡാര്‍ലിംങ്ടണ്‍ ബംഗ്ലാവിലെ ഗൃഹാതുരത നിറഞ്ഞ ഓര്‍മ്മകള്‍ വരച്ച കെന്റന്റെ കത്തില്‍ കുടുംബജീവിതത്തിന്റെ അസ്വസ്ഥതകളും അതൃപ്തിയും പ്രകടമായിരുന്നു. തന്റെ യാത്രയില്‍ കെന്റനേയും കണ്ടണ്ട്, അവരെ തിരിച്ച് ടാര്‍ലിംങ്ടണ്‍ ഹാളിലേക്ക് കൂട്ടാമെന്ന ചിന്തയോടെയാണ് സ്റ്റീവന്‍സ് യാത്ര തിരിക്കുന്നത്. ഇംഗ്ലണ്ടിന്റെ മനോഹരമായ ഉള്‍നാടന്‍ഗ്രാമപ്രദേശങ്ങളിലൂടെയുള്ള യാത്രകളിലൂടെ കഥ മുന്നോട്ടു നീങ്ങുന്നു. പലപ്പോഴും സ്റ്റീവന്‍സിന്റെ മനസ്സിലൂടെ ജീവിതനിരാസവും വിരഹവും വിഷാദവുമെല്ലാം കടന്നുപോകുന്നുണ്ട്. പലപ്പോഴും ഇത്തരം വൈകാരിക മുഹൂര്‍ത്തങ്ങള്‍ വായനക്കാരെ പിടിച്ചുകുലുക്കുന്നുണ്ട്. പലപ്പോഴും മിസ്സ് കെന്റനോടുള്ള പ്രണയം ശ്ലഥബിംബങ്ങളിലൂടെയാണ് കഥാകാരന്‍ കോറിയിടുന്നത്.

എല്ലാ ഓര്‍മ്മകളും വര്‍ത്തമാനകാല ജീവിതവുംകൂടി ഇഴപിരിഞ്ഞതാണ്. അതുകൊണ്ടണ്ടാകാം സ്വീഡിഷ് അക്കാദമിയുടെ സ്ഥിരം സെക്രട്ടറിയായ സാറാ ഡാനിയസ് ഇങ്ങനെ പറഞ്ഞത്:”നിങ്ങള്‍ ജെയിന്‍ ഓസ്റ്റിനെയും, ഫ്രാന്‍സ് കാഫ്കയെയും സംയോജിപ്പിച്ചാല്‍ കിട്ടുന്നത് കസുവോ ഇഷിഗുറോ എന്ന എഴുത്തുകാരനായിരിക്കും. പക്ഷേ, ഈ മിശ്രണത്തിന്റെ പൂര്‍ണ്ണതയ്ക്കായി നിങ്ങളെയും മഴ്‌സല്‍പ്രൂസ്റ്റിനെയും ചേര്‍ക്കേണ്ടിവരും. എന്നിട്ട് നിങ്ങള്‍ ഇതൊന്നിളക്കൂ. ഒരുപാടിളക്കരുത്. അപ്പോള്‍ നിങ്ങള്‍ക്ക് ഇഷിഗുറോയുടെ എഴുത്തിന്റെ രൂപം കിട്ടും.”

 

Comments are closed.