DCBOOKS
Malayalam News Literature Website

സംവിധായകന്‍ ഐ.വി ശശി അന്തരിച്ചു

പ്രശസ്ത സംവിധായകന്‍ ഐ.വി ശശി (69) അന്തരിച്ചു. അസുഖ ബാധിതനായി ചെന്നൈയിലെ സ്വകാര്യാശുപത്രിയിലായിരുന്നു അന്ത്യം. മലയാളത്തിനു പുറമേ തമിഴ്, ഹിന്ദി ഭാഷകളിലായി നൂറ്റന്‍പതിലേറെ ചിത്രങ്ങള്‍ സംവിധാനം ചെയ്തു. ദേശീയ പുരസ്‌കാര ജേതാവായ ഇദ്ദേഹത്തെ സംസ്ഥാന സര്‍ക്കാര്‍ ജെ.സി.ഡാനിയേല്‍ പുരസ്‌കാരം നല്‍കി ആദരിച്ചിട്ടുണ്ട്. നടി സീമയാണ് പത്‌നി. അനു, അനി എന്നിവരാണ് മക്കള്‍.

മലയാള സിനിമയുടെ ചരിത്രംതന്നെ തിരുത്തിയെഴുതിയ സംവിധായകനാണ് ഐവി ശശി. അദ്ദേഹം സൃഷ്ടിച്ച ഓരോ ചിത്രങ്ങളും അന്നോളം കണ്ട സിനിമ രീതികളേയും ചിന്തകളേയും തിരുത്തിയെഴുതുന്നയാരുന്നു. അതിരാത്രം, മൃഗയ, ഇന്‍സ്‌പെകര്‍ ബല്‍റാം, അവരുടെ രാവുകള്‍, ഇതാ ഇവിടെ വരെ, ദേവാസുരം, അടിയൊഴുക്കുകള്‍ തുടങ്ങി ഏകദേശം 150 ഓളം സിനിമകള്‍ സംവിധാനം ചെയ്തിട്ടുണ്ട്. തന്റേതായ ഒരു ശൈലിയിലും സംവിധായക രീതിയിലും അദ്ദേഹത്തിന്റെ സിനിമകള്‍ മലയാള സിനിമ ചരിത്രത്തില്‍ വേറിട്ടു നില്‍ക്കുന്നു.

കോഴിക്കോട് വെസ്റ്റ്ഹില്‍ സ്വദേശിയായ ഐ.വി.ശശി മദ്രാസ് സ്‌കൂള്‍ ഓഫ് ആര്‍ട്‌സില്‍ നിന്ന് ചിത്രകലയില്‍ ഡിപ്ലോമ നേടിയശേഷമാണ് സിനിമയിലെത്തിയത്. ആരൂഡം എന്ന ചിത്രത്തിന് മികച്ച ദേശീയപുരസ്‌കാരവും മികച്ച സംവിധാകനുള്ള ചലച്ചിത്ര പുരസ്‌കാരവും (രണ്ടുതവണ) നേടിയ അദ്ദേഹം അവസാനമായി സംവിധാനം ചെയ്ത ചിത്രം വെള്ളത്തൂവല്‍ ആണ്.

 

Comments are closed.