DCBOOKS
Malayalam News Literature Website

ദിലീപ് ഒന്നാം പ്രതി ആയേക്കും; കുറ്റപത്രം ഉടന്‍ സമര്‍പ്പിക്കും

നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിനെ ഒന്നാം പ്രതിയാക്കാന്‍ അന്വേഷണ സംഘം തീരുമാനിച്ചു. കുറ്റപത്രം സമര്‍പ്പിക്കുന്നതിന് മുന്നോടിയായി നടന്ന അന്വേഷണ സംഘത്തിന്റെ യോഗത്തിലാണ് ഇക്കാര്യത്തില്‍ തീരുമാനമായത്. അന്വേഷണത്തിന്റെ മേല്‍നോട്ട ചുമതലയുള്ള എ.ഡി.ജി.പി. ബി.സന്ധ്യയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തില്‍ കേസിലെ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ സുരേശനും പങ്കെടുത്തു.

ദിലീപിനെതിരെ ഉടന്‍ കുറ്റപത്രം നല്‍കുമെന്ന് എസ് പി എ വി ജോര്‍ജ് പറഞ്ഞു. കൃത്യം നടത്തിയത് ദിലീപിന്റെ അറിവോടെയും മോല്‍നോട്ടത്തിലുമാണെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. ദിലീപ് പറഞ്ഞതനുസരിച്ച് ക്വട്ടേഷന്‍ ഏറ്റെടുത്തയാളാണ് പള്‍സര്‍ സുനി എന്ന സുനില്‍ കുമാര്‍. മാത്രമല്ല കുറ്റകൃത്യത്തില്‍ ഏര്‍പ്പെട്ടവര്‍ക്ക് നടിയോട് വിരോധമോ മുന്‍വൈരാഗ്യമോ ഉണ്ടെന്നു കണ്ടെത്താനായിട്ടില്ല. അതോടെ എട്ടുവകുപ്പുകള്‍ ചുമത്തി ഗുരുതര ആരോപണങ്ങളോടെയാണ് ദിലീപിനെതിരെ കുറ്റപത്രം തയ്യാറാക്കുന്നതെന്നാണ് വിവരങ്ങള്‍.

നടിയെ ആക്രമിച്ച കേസില്‍ പള്‍സര്‍ സുനിയടക്കമുള്ള പ്രതികള്‍ക്കെതിരെ നേരത്തെ കുറ്റപത്രം നല്‍കിയിരുന്നു. ഗൂഢാലോചന കേസില്‍ ദിലീപിനെതിരെ ഇതിന് അനുബന്ധമായാണ് കുറ്റപത്രം നല്‍കുക. നടിയുടെ അശ്‌ളീലദൃശ്യങ്ങള്‍ പകര്‍ത്താന്‍ ദിലീപ് ക്വട്ടേഷന്‍ നല്‍കിയെന്ന സുനിയുടെ വെളിപ്പെടുത്തല്‍ അടിസ്ഥാനമാക്കിയാണ് തുടരന്വേഷണം നടത്തി ദിലീപിനെ പ്രതിയാക്കിയത്.

അറസ്റ്റിലായ ദിലീപ് 85 ദിവസത്തെ ജയില്‍വാസത്തിനുശേഷമാണ് ആലുവ സബ് ജയിലില്‍ നിന്ന് ജാമ്യത്തിലിറങ്ങിയത്. ഗൂഢാലോചനക്കുറ്റത്തിന് പുറമേ കൂട്ട മാനഭംഗം, തട്ടിക്കൊണ്ടുപോകല്‍, തെളിവ് നശിപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങളും ദിലീപിനെതിരെ ചുമത്തിയാകും കുറ്റപത്രം നല്‍കുക. ഗായിക റിമി ടോമിയടക്കം 21 പേരുടെ രഹസ്യമൊഴികളും സാക്ഷിമൊഴികളും കുറ്റസമ്മത മൊഴികളും ഫോറന്‍സിക് പരിശോധനാ ഫലവും ഫോണ്‍ കോള്‍ രേഖ, ടവര്‍ ലൊക്കേഷന്‍ വിവരങ്ങളും തുടങ്ങിയവ അടിസ്ഥാനമാക്കിയാണ് കുറ്റപത്രം തയ്യാറാക്കിയത്.

ദൃശ്യങ്ങള്‍ പകര്‍ത്താനുപയോഗിച്ച മൊബൈല്‍ ഫോണും മെമ്മറികാര്‍ഡും ഇനിയും കണ്ടെടുക്കാന്‍ കഴിഞ്ഞിട്ടില്ല. ഇവ കണ്ടെത്താന്‍ തുടരന്വേഷണത്തിന് പൊലീസ് കോടതിയില്‍ അനുമതി തേടും. ഇതോടൊപ്പം കേസിന്റെ വിചാരണയ്ക്കായി പ്രത്യേക കോടതി വേണമെന്ന ആവശ്യം സര്‍ക്കാരിനോട് ഉന്നയിക്കുന്നുണ്ട്.

Comments are closed.