DCBOOKS
Malayalam News Literature Website

ഒടുവില്‍ സത്യം തെളിഞ്ഞു; നടന്‍ ദിലീപ് ജയിലിലേക്ക്

dileep-യുവനടിയെ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ച കേസില്‍ ഗൂഢാലോചനക്കുറ്റത്തിനു നടന്‍ ദിലീപിനെ പോലീസ് അറസ്റ്റ്‌ചെയ്തു. അറസ്റ്റിലായ ദിലീപിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. ഇന്നുരാവിലെ ദിലീപിനെ അങ്കമാലി മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയാണ് റിമാന്‍ഡ് ചെയ്തത്. തുടര്‍ന്ന് രാവിലെ എഴരയോടെ ആലുവ സബ്ജയിലടച്ചു. ഇന്നലെ പുലര്‍ച്ചെ രഹസ്യകേന്ദ്രത്തിലേക്കു വിളിച്ചുവരുത്തിയ ദിലീപിനെ 12 മണിക്കൂര്‍ ചോദ്യംചെയ്ത ശേഷമാണ് സന്ധ്യയോടെ അറസ്റ്റ് രേഖപ്പെടുത്തിയത്. ജാമ്യമില്ലാ വകുപ്പുകളാണ് ദിലീപിനെതിരെ ചുമത്തിയിരുന്നത്.അതേസമയം, തെറ്റു ചെയ്യാത്തതിനാല്‍ ഭയമില്ലെന്ന് മജിസ്‌ട്രേറ്റിന്റെ വസതിയില്‍നിന്ന് ജയിലിലേക്കു കൊണ്ടുപോകവെ മാധ്യമപ്രവര്‍ത്തകരോട് ദിലീപ് പറഞ്ഞു. സഹായി അപ്പുണ്ണിയും കസ്റ്റഡിയിലുള്ളതായാണ് സൂചന. തെളിവുകള്‍ നിരത്തി പൊലീസ് നടത്തിയ ശാസ്ത്രീയമായ ചോദ്യംചെയ്യലില്‍ പിടിച്ചുനില്‍ക്കാനാകാതെ പൊട്ടിക്കരഞ്ഞ ദിലീപ് ഒരുഘട്ടത്തില്‍ ബോധക്ഷയം നടിച്ചും ചോദ്യങ്ങള്‍ ഒഴിവാക്കാന്‍ ശ്രമിച്ചെന്നാണു സൂചന.

ഏറെ വിവാദങ്ങള്‍ക്കു വഴിയൊരുക്കിയ കേസിലെ നിര്‍ണായക അറസ്റ്റു വിവരം മുഖ്യമന്ത്രിയുടെ ഓഫിസ് നേരിട്ടാണ് ഇന്നലെ സ്ഥിരീകരിച്ചത്. വ്യക്തിവൈരാഗ്യം മൂലമാണു നടിയെ തട്ടിക്കൊണ്ടുപോയി അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്താനുള്ള ക്വട്ടേഷന്‍ നല്‍കിയതെന്ന് അന്വേഷണ സംഘം വെളിപ്പെടുത്തി. 2013ല്‍ എറണാകുളം എംജി റോഡിലെ സ്വകാര്യ ഹോട്ടലില്‍ താരസംഘടനയായ ‘അമ്മ’യുടെ പരിപാടി നടക്കുന്നതിനിടയിലാണു ദിലീപ് ക്വട്ടേഷന്‍ സംബന്ധിച്ചു മുഖ്യപ്രതി സുനില്‍കുമാറിനോടു (പള്‍സര്‍ സുനി) സംസാരിച്ചത്. മറ്റു ചില നടന്മാര്‍ക്കും ഇതു സംബന്ധിച്ച അറിവുണ്ടായിരുന്നതായി ചോദ്യംചെയ്യലില്‍ ദിലീപ് സമ്മതിച്ചു. പണത്തിനു പുറമെ ദിലീപിന്റെ സിനിമകളില്‍ അഭിനയിക്കാനുള്ള അവസരവും വാഗ്ദാനം ചെയ്താണു സുനില്‍കുമാറിനെ വശത്താക്കിയത്. നാലു വര്‍ഷം മുന്‍പു നടത്തിയ ഗൂഢാലോചന മുതലുള്ള വ്യക്തമായ തെളിവുകള്‍ ശേഖരിച്ച ശേഷമാണു പൊലീസ് അറസ്റ്റിലേക്കു നീങ്ങിയത്.

കേസില്‍ ആദ്യം അറസ്റ്റിലായ സുനില്‍കുമാര്‍ ബ്ലാക്‌മെയില്‍ ചെയ്തു പണം തട്ടാന്‍ ശ്രമിക്കുന്നതായി ആരോപിച്ചു ദിലീപ് സമര്‍പ്പിച്ച പരാതിയാണ് അന്വേഷണത്തില്‍ വഴിത്തിരിവായത്. ദിലീപ് ഉന്നയിച്ച കാര്യങ്ങള്‍ വാസ്തവവിരുദ്ധമാണെന്നു പൊലീസിനു ബോധ്യപ്പെട്ടതോടെ കുരുക്കു മുറുകി. അന്വേഷണം തന്നിലേക്കെത്തുന്നതായി വിവരം ലഭിച്ചതോടെയാണ് പൊലീസിനെ കബളിപ്പിക്കാനുള്ള നീക്കങ്ങള്‍ നാദിര്‍ഷയുമായി ചേര്‍ന്ന് ദിലീപ് ആസൂത്രണം ചെയ്തതെന്നാണു പൊലീസ് നിഗമനം.

Comments are closed.