DCBOOKS
Malayalam News Literature Website

ലോക പ്രമേഹദിനത്തില്‍ പരിചയപ്പെടാം ‘ഡയബറ്റിക് കുക്കറി ബുക്ക്’

ലോകാരോഗ്യ സംഘടനയുടെ കീഴിലുള്ള അന്തര്‍ദേശീയ ഡയബറ്റിക് ഫെഡറേഷന്‍ 140 രാജ്യങ്ങളില്‍ നവംബര്‍ 14 ലോക പ്രമേഹദിനമായി ആചരിക്കുന്നു. 1921 ല്‍ ചാള്‍സ് ബെസ്റ്റിനോടൊപ്പം ഇന്‍സുലിന്‍ കണ്ടുപിടിത്തത്തിന് സഹായകമായ പരീക്ഷണങ്ങള്‍ നടത്തിയ ഫ്രെഡറിക് ബന്റിംഗിന്റെ പിറന്നാളാണ് നവംബര്‍ 14.

ഇന്ന് പ്രമേഹം പകര്‍ച്ചവ്യാധി പോലെ പടരുകയാണ്. കുട്ടികളെന്നോ മുതിര്‍ന്നവരെന്നോ ഇല്ലാതെ എല്ലാവര്‍ക്കും പ്രമേഹം കണ്ടുവരുന്നു. ലോകത്ത് 19.4 കോടി ജനങ്ങള്‍ക്ക് പ്രമേഹമുണ്ട്. 2025 ആകുമ്പോഴേക്കും ഇത് 33 കോടിയാവും എന്നാണ് കണക്കുകള്‍. നമ്മുടെ ജീവിത ശൈലിയില്‍ വന്ന മാറ്റവും ഭക്ഷണക്രമത്തില്‍ ഉണ്ടായ മാറ്റവുമാണ് പ്രമേഹത്തെ വളര്‍ത്തുന്നത്. എന്നാല്‍ ചിലപ്പോഴൊക്കെ മറ്റ് മരുന്നുകളില്‍ നിന്നും പ്രമഹം ഉണ്ടാകാന്‍ സാധ്യതയുണ്ട്. ഓരോ കൊല്ലം 32 ലക്ഷം പേരാണ് പ്രമേഹമൂലം മരിക്കുന്നത്. വികസിത രാജ്യങ്ങളില്‍ മരണകാരണമായ രോഗങ്ങളില്‍ നാലാം സ്ഥാനം പ്രമേഹത്തിനാണ്. പ്രമേഹം കാരണം ലോകത്ത് ഓരോ മിനിട്ടിലും ആറു പേര്‍ മരിക്കുന്നു എന്നാണ് കണക്കുകള്‍. ഹൃദയാഘാതം, സ്‌ട്രോക്ക്, വൃക്കത്തകരാറ്, എന്നിവ മൂലമുള്ള മരണത്തിനും അന്ധതക്കും പ്രമേഹം വന്‍ തോതില്‍ വഴിവയ്ക്കുന്നുണ്ട്.

പ്രമേഹനിയന്ത്രണത്തിന് ഭക്ഷണത്തിന് വലിയ പങ്കുണ്ട്. അതുകൊണ്ടുതന്നെ ഏതൊക്കെ ഭക്ഷണങ്ങള്‍ ഏതളവില്‍ കഴിക്കണം, എന്തൊക്കെ കഴിക്കാന്‍ പാടില്ല എന്നത് എല്ലാവരും അറിഞ്ഞിരിക്കണം. മാത്രമല്ല പ്രമേഹരോഗികള്‍ക്കുള്ള പാചകവിധികളും അറിഞ്ഞിരിക്കേണ്ടത് ഇന്നത്തെക്കാലത്ത് അത്യാവശ്യമാണ്. അതിനു സഹായിക്കുന്ന പാചക പുസ്തകമാണ് ലില്ലി ബാബു ജോസ് തയ്യാറാക്കിയ ഡയബറ്റിക് കുക്കറി.

പ്രമേഹരോഗികള്‍ക്കും അല്ലാത്തവര്‍ക്കും കഴിക്കാവുന്ന രുചിക്കൂട്ടുകളാണ് ഈ പുസ്തകത്തിന്റെ ഉള്ളടക്കം.

പ്രമേഹരോഗികള്‍ക്കും അല്ലാത്തവര്‍ക്കും കഴിക്കാവുന്ന രുചിയൂറുന്ന ഒരു വിഭവം പരിചയപ്പെടുത്തുകയാണിവിടെ.

എഗ്ഗ് സാന്‍വിച്ച്

ചേരുവുകള്‍
1. പുഴുങ്ങിയ മുട്ടയുടെ വെള്ള അരിഞ്ഞത്- 2 എണ്ണം
2. കൊഴുപ്പുകുറഞ്ഞ തൈര് -2 ടേബിള്‍ സ്പൂണ്‍
3. കാപ്‌സിക്കം അരിഞ്ഞത് – 2 ടേബിള്‍ സ്പൂണ്‍
4. ഗരംമസാലപ്പൊടി – 1/2 ടീസ്പൂണ്‍
5. ഉപ്പ്, കുരുമുളക് പൊടി- പാകത്തിന്
6. ബ്രൗണ്‍ ബ്രഡ് ടോസ്റ്റ് ചെയ്തത് – 2 സ്ലൈസസ്
7. ലെറ്റൂസില അരിഞ്ഞത് – 1/2 കപ്പ്

പാകം ചെയ്യുന്ന വിധം

തൈരിലേക്ക് ഗരംമസാലപ്പൊടി, പാകത്തിന് ഉപ്പ്, കുരുമുളക് പൊടി എന്നിവ ചേര്‍ത്ത് ഒരു ഫോര്‍ക്കുകൊണ്ടടിക്കുക. ഇതിലേക്ക് കാപ്‌സിക്കം പൊടിയായി അരിഞ്ഞതും മുട്ടവെള്ള പൊടിയായി അരിഞ്ഞതും ലെറ്റൂസില അരിഞ്ഞതും ചേര്‍ത്തിളക്കി ടോസ്റ്റ് ചെയ്ത ഒരു ബ്രൗണ്‍ ബ്രഡ് സ്ലൈസിന്റെ പുറത്തുവെച്ചശേഷം മറ്റൊരു ബ്രഡ് സ്ലൈസ്‌കൊണ്ടു മൂടി ഒന്നമര്‍ത്തിയശേഷം ഉപയോഗിക്കാം…

കടപ്പാട് ;ഡയബറ്റിക് കുക്കറി ബുക്ക്

 

Comments are closed.