fbpx
DCBOOKS
Malayalam News Literature Website

‘ധീര നൂതന ലോകം’; വായനയ്ക്കും പുനര്‍വായനയ്ക്കും തിരഞ്ഞെടുക്കേണ്ട ക്ലാസിക് സൃഷ്ടി

വായനയ്ക്കും പുനര്‍വായനയ്ക്കും തിരഞ്ഞെടുക്കേണ്ട ക്ലാസിക് സൃഷ്ടിയാണ് ആല്‍ഡസ് ഹക്‌സ്‌ലിയുടെ Brave New World എന്ന നോവല്‍. ഇതിന്റെ മലയാള പരിഭാഷ ധീര നൂതന ലോകം എന്ന പേരില്‍ ഇപ്പോള്‍ പുറത്തിറങ്ങി. ജോണി എം എല്‍ ആണ് വിവര്‍ത്തകന്‍.

പുസ്തകത്തെക്കുറിച്ച് വിവര്‍ത്തകന് പറയാനുള്ളത്;

അദൈ്വതത്തിന്റെ ‘ധീര നൂതന ലോകം

നോവല്‍ സാഹിത്യത്തില്‍ ഫ്യുച്വറിസത്തിനു പരമ പ്രധാനമായ സ്ഥാനമുണ്ട്. മേരി ഷെല്ലിയിലും എച്ച് ജി വെല്‍സിലും ജൂള്‍ വേണിലും ഒക്കെ നാമിതു കണ്ടിട്ടുണ്ട്. ആദ്യകാലത്തെ ഫ്യുച്വറിസ്റ്റ് നോവലുകളില്‍ ശാസ്ത്രം എങ്ങിനെ പുതിയ മനുഷ്യനെ സൃഷ്ടിക്കുന്നു, ആ മനുഷ്യന്റെ സ്വഭാവം എന്തായിരിക്കാം, അവന്‍ മനുഷ്യനെത്തന്നെ ഭക്ഷിക്കുന്ന അവസ്ഥയിലേയ്ക്ക് വളരുമോ എന്നുള്ള ആകാംക്ഷകള്‍ ആയിരുന്നെങ്കില്‍, ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാം ദശകത്തിലേയ്ക്ക് പ്രവേശിക്കുമ്പോള്‍ നാം ശാസ്ത്രം സാധിതമാക്കുന്ന ഏകോപിതമായ ഒരു സമൂഹത്തിന്റെ ചിത്രണങ്ങളിലേയ്ക്കും അവന്‍ അന്യഗ്രഹ യാത്രകള്‍ നടത്തുന്നതിലേയ്ക്കും സമയത്തിലൂടെ സഞ്ചരിക്കുന്നതിലേക്കും നോവലുകളിലൂടെ എത്തിച്ചേരുന്നു (വെല്‍സ്). മൂന്നാം ദശകത്തില്‍ ശാസ്ത്രം പ്രത്യയശാസ്ത്രമായി മാറുന്നതും (ഹക്‌സ്‌ലി) നാലാം ദശകത്തില്‍, ശാസ്ത്രം കേന്ദ്രീകൃതമായ അധികാരവും പ്രത്യയശാസ്ത്ര പിടിവാശിയും ആകുന്നത് കാണുന്നു (ഓര്‍വെല്‍). എല്ലാ എഴുത്തുകാരും ഭാവിയെ സങ്കല്പിക്കുകയാണ്. അവരുടെ കാഴ്ചപ്പാടില്‍ ശാസ്ത്രീയമായ ആധുനികത എന്നത് അവര്‍ കണ്ട ലോകത്തില്‍ നിന്ന് തികച്ചും വ്യത്യസ്തമായ ഒരു ലോകത്തിന്റെ ആവിര്‍ഭാവം ആയിരുന്നു. അവിടെ മതത്തിന്റെ സ്ഥാനം ശാസ്ത്രം ഏറ്റെടുക്കുന്നു.

സാന്ദര്‍ഭികമായി പറയട്ടെ, ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ രണ്ടാം ദശകത്തില്‍ ഡാന്‍ ബ്രൗണ്‍ എഴുതി ഈ അടുത്തിടെ പ്രസിദ്ധീകൃതമായ ‘ഒറിജിന്‍’ അഥവാ ‘ഉല്പത്തി’ എന്ന നോവലും ഒരു ഫ്യുച്വറിസ്റ്റ് യാഥാര്‍ഥ്യത്തെയാണ് നോവല്‍ വിഷയമാക്കുന്നത്. ശാസ്ത്രം മതത്തെ മാറ്റുകയും തികച്ചും ശാസ്ത്രീയമായ ജീവിതം സാധ്യമാവുകയും ചെയ്താല്‍ അതിന്റെ സ്വഭാവം എന്തായിരിക്കും? ഏകദേശം തൊണ്ണൂറു വര്‍ഷങ്ങള്‍ക്കു മുന്‍പ് ആള്‍ഡ്‌സ് ഹക്‌സിലി തന്റെ ധീര നൂതന ലോകം എന്ന നോവലിലൂടെ പറയാന്‍ ശ്രമിച്ചത് ആ ലോകത്തിന്റെ കഥയായിരുന്നു. ഇപ്പോള്‍ മലയാളത്തില്‍ വിവര്‍ത്തനം ചെയ്യപ്പെട്ടിരിക്കുന്ന ഈ പുസ്തകം ഒരു പക്ഷെ ഡാന്‍ ബ്രൗണിന്റെ ഫ്യുച്വറിസത്തെക്കാള്‍ ഒരു പടി മുന്നിലാണെന്ന് പറയേണ്ടി വരും. വെല്‍സിന്റെ നോവലുകള്‍ക്ക് ഒരു പാരഡി രചിക്കുക എന്ന ഉദ്ദേശ്യത്തോടെ ആരംഭിച്ച നോവല്‍ രചന ഒടുവില്‍ വളരെ താത്വികവും സംഭ്രമജനകവുമായ ഒരു ആഖ്യാനമായി മാറുകയായിരുന്നു എന്ന് ഹക്‌സിലി തന്നെ സമ്മതിച്ചിട്ടുണ്ട്.

ഈ പുസ്തകം വിവര്‍ത്തനം ചെയ്യുന്ന വേളയിലെല്ലാം എന്റെ മനസ്സില്‍ ആവര്‍ത്തിച്ചു വന്നു കൊണ്ടിരുന്ന ചിത്രം, ജര്‍മന്‍ സംവിധായകനായ ഫ്രിറ്റ്‌സ് ലാങ് 1927ല്‍ സംവിധാനം ചെയ്ത ‘മെട്രോപോളിസ്’ എന്ന സിനിമയായിരുന്നു. ആ സിനിമയിലുടനീളം ഭാവി നഗരത്തെ ഏകോപിതമായ ഒരു അധികാര കേന്ദ്രം നിയന്ത്രിക്കുന്നതായി കാണിക്കുന്നു. യന്ത്രങ്ങള്‍ മനുഷ്യപ്രവര്‍ത്തിയെ നിയന്ത്രിക്കുന്നു എന്ന ഒരു യാഥാര്‍ഥ്യത്തെ ദൃശ്യവല്‍ക്കരിക്കാന്‍ വലിയ യന്ത്രങ്ങളും പല്‍ച്ചക്രങ്ങളും ലിവറുകളും ഉള്ള ഒരു സെന്‍ട്രല്‍ യൂണിറ്റിനെ കാണിക്കുന്നു. ഇതിനു സമാനമായ യാഥാര്‍ഥ്യമാണ് 1936ല്‍ ചാര്‍ളി ചാപ്ലിന്‍ തന്റെ മോഡേണ്‍ ടൈംസ് എന്ന സിനിമയിലും കാണിക്കുന്നത്. ഹക്‌സിലി ധീര നൂതന ലോകം എഴുതിക്കഴിഞ്ഞിട്ട് ഏകദേശം അഞ്ചു വര്‍ഷം കഴിഞ്ഞിട്ടേയുള്ളൂ അപ്പോള്‍. ഓര്‍വെല്‍ വല്യേട്ടന്റെ കണ്ണുകളെ ആവിഷ്‌ക്കരിക്കാന്‍ പിന്നെയും പതിമൂന്നു വര്‍ഷങ്ങള്‍ കഴിയും. അതായത് അക്കാലത്തു മിക്കവാറും മനുഷ്യ ഭാവന ‘ഭാവി ലോകം’ എന്ന പ്രഹേളികയെ ആവിഷ്‌കരിക്കാന്‍ അതിന്റെ സര്‍വ്വ പ്രതിഭയെയും എടുത്തുപയോഗിക്കുകയായിരുന്നു. അതിനുമെത്രയോ മുന്‍പ് തന്നെ നീത്‌ഷെയും ബെര്‍ണാഡ് ഷായും ഒരു ഭാവി മനുഷ്യനെ കണ്ടെത്തിക്കഴിഞ്ഞിരുന്നു.

‘ധീര നൂതന ലോകത്തില്‍’ ഹക്‌സ്‌ലി പക്ഷെ പറയാന്‍ ശ്രമിക്കുന്നത് സൂപ്പര്‍മാന്‍ ആയി മാറിയ മനുഷ്യന്‍ അവന്റെ ആ അവസ്ഥയില്‍ ലോകത്തെയും ബന്ധങ്ങളെയും എങ്ങിനെ കൈകാര്യം ചെയ്യുന്നു എന്നതാണ്. ഹെന്റി ഫോര്‍ഡിന്റെയും സിഗ്മണ്ട് ഫ്രോയ്ഡിന്റെയും കാലത്തിനു ഏകദേശം 650 വര്‍ഷങ്ങള്‍ക്കു ശേഷമാണ് ധീര നൂതന ലോകത്തിലെ കഥ നടക്കുന്നത്. മനുഷ്യന്‍ അവന്റെ പുതിയ ലോകം കണ്ടെത്തി കഴിഞ്ഞു. ആ പ്രപഞ്ചത്തിന്റെ അധിപതിയായി മുസ്തഫ മോണ്ട് എന്നൊരു ദൈവസമാന വ്യക്തിത്വം. പ്രധാന കഥാപാത്രങ്ങളായ ബെര്‍ണാഡ് മാര്‍ക്‌സ്, ഹെംഹോള്‍ട്‌സ് വാട്‌സണ്‍, ലെനിനാ ക്രൗണ്‍ എന്നിവര്‍ പുതിയ ലോകത്തിലെ ശാസ്ത്രജ്ഞരാണ്. അവര്‍ അവിടെ വികാരങ്ങള്‍ക്ക് അതീതനായ കുട്ടികളെ സൃഷ്ടിക്കുന്നു. അവരെ നിയമങ്ങള്‍ ഉറക്കത്തില്‍ പഠിപ്പിക്കുന്നു (ഹിപ്‌നോപീഡിയ). പക്ഷെ താന്‍ ഒരു ആല്‍ഫ മെയില്‍ (പൂര്‍ണ്ണ പുരുഷന്‍) അല്ലെന്ന ബോധത്തില്‍ ജീവിക്കുന്ന മാര്‍ക്‌സും, തന്റെ കവി പ്രതിഭ മുദ്രാവാക്യവും പ്രചാരണ സാഹിത്യവും എഴുതാന്‍ വേണ്ടി ഉപയോഗിച്ച് മനം മടുത്ത വാട്‌സണും സ്‌നേഹം എന്ന വികാരത്തെ കടിച്ചൊതുക്കി സ്വതന്ത്ര രതിയെ പ്രാപിക്കുന്ന ലെനിനായും ഈ പുതിയ ലോകത്തും പലതരം അസ്ത്വിത്വ പ്രശ്‌നങ്ങള്‍ പേറുന്നവരാണ്. ഒടുവില്‍ പഴയ മനുഷ്യരെ താമസിച്ചിരിപ്പിക്കുന്ന റിസര്‍വ് ഭൂമിയില്‍ നിന്ന് ലിന്‍ഡയെയും അവളുടെ മകനായ ജോണിനെയും അവര്‍ പുതിയ ലോകത്തേയ്ക്ക് കൊണ്ട് വരുന്നു. ഷേക്‌സ്പിയറുടെ നാടകങ്ങളിലെ ഡയലോഗുകളിലൂടെ മാത്രം സംവദിക്കാന്‍ ശീലിച്ച ജോണ്‍ പുതിയ ലോകത്തിന്റെ ആകര്‍ഷണവും അതെ സമയം ശാപവുമാകുന്നു. കഥ അവന്റെ ആത്മഹത്യയില്‍ കലാശിക്കുന്നു.

ഓര്‍വെല്‍ ‘1984’ എഴുതുമ്പോള്‍, അദ്ദേഹത്തിന് പ്രത്യയശാസ്ത്ര കേന്ദ്രിതമായ പുതിയ ലോകത്തിന്റെ ഭീഷണത്വം എന്തെന്ന് വ്യക്തമായി അറിയാമായിരുന്നു. എന്നാല്‍ ഹക്‌സിലി ധീരമായ ആ നൂതന ലോകത്തെ കുറിച്ചെഴുതുമ്പോള്‍, ആ ലോകത്തിന്റെ ഗുണങ്ങളെ പുകഴ്ത്തുകയാണോ അതോ പഴയ ജീവിതത്തിന്റെ നന്മകളിലേയ്ക്ക് പിന്തിരിഞ്ഞു നോക്കാന്‍ വായനക്കാരെ പ്രേരിപ്പിക്കുകയാണോ, അതോ വന്ന ലോകത്തെയും വരാനിരിക്കുന്ന ലോകത്തെയും രണ്ടു തട്ടുകളില്‍ വെച്ച ശേഷം അതില്‍ വേണ്ടത് ഏതെന്ന് തെരഞ്ഞെടുക്കാന്‍ വായനക്കാരോട് പറയുകയാണോ എന്ന് നമുക്ക് തീര്‍ത്തു പറയാന്‍ കഴിയുന്നില്ല. പുതിയ ലോകത്തിന്റെ അഴുക്കും പൊടിയുമില്ലാത്ത ചരിത്രവും കവിതയും പ്രണയവും വികാരങ്ങളും ഇല്ലാത്ത ലോകത്തു നിന്ന് നാം പഴയ ലോകത്തിന്റെ അഴുക്കിലും പൊടിയിലും ഭ്രാന്തിലും ഇണ ചേരലിലും എത്തുമ്പോള്‍ ഒരു തരാം സന്നിഗ്ദാവസ്ഥയില്‍ പെട്ട് പോകുന്നു. ഒരു പക്ഷെ ഹക്‌സിലി ഈ നോവല്‍ എഴുതിയ ആ അന്തരാള ദശകത്തിന്റെ ഒരു പൊതു സ്വഭാവം ആയിരുന്നിരിക്കാം ഒന്നിനുമൊരു നിശ്ചയമില്ലായ്മ.

മതവും ശാസ്ത്രവും തമ്മിലുള്ള കിടമത്സരത്തില്‍ ആരാണ് ജയിക്കുക? ഈ മത്സരത്തില്‍ ആരുടെ പക്ഷമാണ് രാഷ്ട്രീയം പിടിക്കുക? അങ്ങിനെയുള്ള കിടമത്സരത്തിനിടെ ആവിര്‍ഭവിയ്ക്കുന്ന സമൂഹത്തിന്റെ സ്വഭാവം എന്തായിരിക്കും? അതില്‍ വ്യക്തിയായ മനുഷ്യന്റെ നില എവിടെയാണ് എന്നിങ്ങനെ ഒരു പിടി ചോദ്യങ്ങള്‍ നോവല്‍കാരന്മാര്‍ പത്തൊമ്പതാം നൂറ്റാണ്ടൊടുക്കം മുതല്‍ അവരുടെ കൃതികളിലൂടെ ഉയര്‍ത്തിയിരുന്നു. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും ആ ചോദ്യങ്ങള്‍ക്കു അറുതി വന്നിട്ടില്ല. പല ലോക രാഷ്ട്രങ്ങളും ഇന്ന് മതത്തെ രാഷ്ട്രീയത്തില്‍ നിന്ന് മാറ്റി നിറുത്തി ചിന്തിക്കാന്‍ തുടങ്ങിയിരിക്കുന്നു. അതെ സമയം അതിനെതിരുവശത്തായി മതാധിഷ്ഠിത രാജ്യങ്ങളും ഉണ്ടായി വരുന്നു. ശാസ്ത്രം ദിനംപ്രതി മുന്നേറിക്കൊണ്ടിരിക്കുന്നു ഈ കാലയളവില്‍ എത്രനാള്‍ മതത്തിനു മനുഷ്യന്റെ ചോദ്യങ്ങള്‍ക്കു ഉത്തരം നല്‍കാന്‍ കഴിയും? ഹക്‌സിലി ധീര നൂതന ലോകത്തില്‍ അതിനൊരു ഉത്തരം പറയുന്നുണ്ട്. ഭാവി സമൂഹങ്ങള്‍ക്ക് മതം ആവശ്യമില്ല. മതങ്ങള്‍ ഏത് ആവശ്യമാണോ ഇപ്പോള്‍ നിറവേറ്റിക്കൊണ്ടിരിക്കുന്നത് അത് ശാസ്ത്രത്തിനു നിറവേറ്റാന്‍ കഴിയും. പക്ഷെ അപ്പോഴും ഉച്ചനീചത്വങ്ങള്‍ ഉള്ള സമൂഹം നിലനില്‍ക്കും; ഒരു പുതിയ ചാതുര്‍വര്‍ണ്യം ഉയര്‍ന്നു വരും. ഹക്‌സ്‌ലി അത് പറയാതെ പറയുന്നു. അങ്ങിനെ വരുമ്പോള്‍, എവിടെയാണ് അതിനൊരു പരിഹാരം? പ്രകൃതിയിലേക്കുള്ള മടക്കം തന്നെ. അവിടെ കാടുകള്‍ ഉണ്ട്, ആചാരങ്ങളുണ്ട്, ആഭിചാരങ്ങളുണ്ട്. വികാരങ്ങളെ മറക്കാനാണ് പുതിയ ലോകത്തില്‍ സോമ പാനമെങ്കില്‍ പഴയ ലോകത്തില്‍ വികാരങ്ങളെ ഉണര്‍ത്താനാണ് അത് ചെയ്യുന്നത്. വികാരമുള്ള ലോകത്തില്‍ മാത്രമേ കവിതയും ഭ്രാന്തും ആത്മഹത്യയും ഉള്ളൂ. അവയൊന്നും ഇല്ലാത്ത പുതിയ ലോകത്തില്‍ ചോദ്യം ചെയ്യപ്പെടാത്ത ചാതുര്‍വര്‍ണ്ണ്യമേ ഉള്ളൂ. ഹക്‌സിലി ഈ ഭീഷണ സമൂഹത്തിന്റെ ചിത്രം കൂടി വരച്ചിടുന്നു.

ഹക്‌സിലി ഇന്ന് ജീവിച്ചിരുന്നെങ്കില്‍ധീര നൂതന ലോകത്തെ തിരുത്തി എഴുതുമായിരുന്നോ? ഓര്‍വെലിന് അത് ചെയ്യേണ്ടി വരില്ല കാരണം ഓര്‍വെല്‍ പറഞ്ഞതാണിപ്പോള്‍ നടക്കുന്നത്. ഹക്‌സിലി പക്ഷെ ധീര നൂതന ലോകത്തെ തിരുത്തി എഴുതുമായിരുന്നു. അദ്ദേഹം സങ്കല്‍പ്പിച്ച ധീര നൂതന ലോകത്തില്‍ നാമിനിയും എത്തിയില്ലെങ്കിലും, അതിലേക്കുള്ള യാത്രയില്‍ നാം ശാസ്ത്രത്തെയും മതത്തെയും കൂട്ടിക്കുഴച്ചു സന്ദര്‍ഭാനുസരണം എടുത്തുപയോഗിക്കാവുന്ന പ്രത്യയശാഷ്ട്രങ്ങള്‍ ആക്കി മാറ്റിയിരിക്കുന്നു. ഇവിടെ ഇപ്പോള്‍ രണ്ടു ലോകങ്ങളില്ല; ഒന്നാം ലോകവും അതിന്റെ അഴുക്കു കൂനകളും മാത്രമേ ഉള്ളൂ. ഹക്‌സിലിയുടെ ലോകത്തില്‍ ഒരു നൂതന ലോകവും ഒരു പുരാതന ലോകവും ഉണ്ട്, അവയ്ക്കു തമ്മില്‍ ഇടപാടുകള്‍ ഇല്ല എന്ന് മാത്രം. പക്ഷെ ഇപ്പോള്‍ നാം ജീവിക്കുന്ന ലോകത്തില്‍ നൂതനമായ ഒന്നാം ലോകവും അതിന്റെ ഫാക്ടറികളും അഴുക്കുകളും പിന്നാമ്പുറങ്ങളും ഒക്കെ തമ്മില്‍ കൊള്ളക്കൊടുക്കകള്‍ ഉണ്ട്; അതൊക്കെ ഇരുട്ടിലാണ് നടക്കുന്നതെന്ന് മാത്രം. ഹക്‌സിലിയുടെ ലോകത്ത് വിശപ്പില്ല; അധികാരം മാത്രമേയുള്ളൂ. അധികാരി വിശപ്പിനും മറവിയ്ക്കും രതിയ്ക്കും വേണ്ട ഗുളികകളും സോമരസവും നല്കിക്കൊണ്ടേയിരിക്കുന്നു. നമ്മുടെ ലോകത്തിലാകട്ടെ അധികാരി നമ്മളെ ഒരു കണ്ണാടിക്കൂട്ടിലിരുന്നു ഭക്ഷണം കഴിച്ചു കൊണ്ട് നോക്കിക്കൊണ്ടേയിരിക്കുന്നു.

ധീര നൂതന ലോകത്തില്‍ കവിതയില്ലാതെ വാട്‌സണ്‍ വലയുന്നത്, പ്രണയമില്ലാതെ മാര്‍ക്‌സ് പൊട്ടിത്തെറിക്കുന്നത്, മതമില്ലാത്തതു കൊണ്ടാണോ? എല്ലാവര്ക്കും രതി നല്‍കുന്ന ലെനിനാ മൃദുലവികാരങ്ങള്‍ ഇല്ലാത്തവളായത് അവള്‍ക്കു മത ബോധമില്ലാത്തതു കൊണ്ടാണോ? ഹക്‌സിലി  ഈ ചോദ്യങ്ങള്‍ക്കു ഉത്തരം നല്‍കുന്നില്ല. ശാസ്ത്രം മതത്തെ പൂര്‍ണ്ണമായും വിഴുങ്ങുന്ന ഒരു ലോകമാണ് ധീര നൂതന ലോകം. ഡാന്‍ ബ്രൗണ്‍ ‘ഒറിജിന്‍ ‘എഴുതുമ്പോള്‍ മതാധിപത്യത്തെ ചോദ്യം ചെയ്യുകയും പക്ഷെ മതത്തിന്റെ ഭാവനയെ ഉയര്‍ത്തിപ്പിടിക്കുകയും ചെയ്യുന്നു. ധീര നൂതന ലോകം പുതിയ കാലത്തിന്റെ പഴയ വായന ആയിരിക്കുന്നത് പോലെ തന്നെ പഴയ കാലത്തിന്റെ പുതിയ വായന കൂടിയായിരിക്കുന്നു. കാരണം ഹക്‌സിലി ഒറ്റയ്ക്കല്ല. ഇന്നത്തെ ഓരോ എഴുത്തുകാരനും പ്രതിസന്ധികളും യുദ്ധങ്ങളും ഇല്ലാത്ത ഒരു സമത്വ സുന്ദര സമാധാന ലോകത്തെയാണ് എഴുതിയിടുന്നത്. പക്ഷെ അങ്ങിനെയൊരു ലോകം വന്നാല്‍, അവിടെ എഴുത്തുകാരുണ്ടാവുമോ എന്ന ചോദ്യം ഹക്‌സിലി വാട്‌സണിലൂടെ ഉയര്‍ത്തുന്നു. നമുക്ക് കവിതയുടെയും പ്രണയത്തിന്റെയും രതിയുടെയും സമാധാനം വേണം; അത് നല്‍കുവാന്‍ മതത്തിനു കഴിയുമെങ്കില്‍ മതം മതി, ശാസ്ത്രത്തിനാണ് കഴിയുന്നതെങ്കില്‍ ശാസ്ത്രം മതി. ഇവയ്ക്കു രണ്ടിനും അത് നല്കാന്‍ കഴിയുമോ? എങ്കില്‍ നമ്മുടെ തെരഞ്ഞെടുപ്പാണ് അവിടെ പ്രധാനം. തെരഞ്ഞെടുക്കുമ്പോള്‍ എന്റേത് നിന്റേതില്‍ നിന്ന് മെച്ചമെന്നുള്ള തോന്നലുകള്‍ ഉണ്ടാകുന്നു. അവിടെ യുദ്ധം തുടങ്ങുന്നു. അപ്പോള്‍ രണ്ടിലൊന്ന് ഇല്ലാതാകണം. ആ ഇല്ലാതാകലിലെയ്ക്കുള്ള ഒരു ഭാവനാ സഞ്ചാരമാണ് ‘ധീര നൂതന ലോകം.’

Comments are closed.