DCBOOKS
Malayalam News Literature Website

ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയില്‍ ഡി സി ബുക്‌സ് പത്താം വര്‍ഷത്തിലേക്ക്…

ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ പുസ്തകോത്സവമായ ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയില്‍ മലയാളത്തിലെ മികച്ച പ്രസാധകരായ ഡി സി ബുക്‌സ് പങ്കെടുത്തുതുടങ്ങിയിട്ട് ഒരു ദശകം പൂര്‍ത്തിയാകുന്നു. അറബിഭാഷയ്ക്കും സാഹിത്യത്തിനും പ്രാധാന്യം നല്‍കിയിരുന്ന പുസ്തകമേളയെ വൈവിധ്യപൂര്‍ണ്ണമാക്കിയത് ഡി സി ബുക്‌സിന്റെ പങ്കാളിത്തമായിരുന്നു. ഷാര്‍ജ എക്‌സ്‌പോ സെന്ററില്‍ ഒരുക്കിയിരിക്കുന്ന ഇന്ത്യയന്‍ പവലിയനിലെ ശ്രദ്ധേയ സാന്നിദ്ധ്യമാണ് ഇന്നും ഡി സി ബുക്‌സിന്റേത്. അറബിഭാഷയിലുള്ള പ്രസാധകര്‍ക്കുമാത്രം നല്‍കിയിരുന്ന പുരസ്‌കാരം മറ്റു രാജ്യങ്ങള്‍ക്ക് നല്‍കാന്‍ ഷാര്‍ജ ബുക്ക് അതോറിറ്റി തീരുമാനിച്ചപ്പോള്‍ ആദ്യ അംഗീകാരം തന്നെ ഡി സി ബുക്‌സിന് ലഭിച്ചു. ഈ പുരസ്‌കാരം നേടുന്ന ഇന്ത്യയിലെ ആദ്യത്തെ പ്രസാധകസ്ഥാപനവും ഡി സി ബുക്‌സാണ്.

2017 നവംബര്‍ 1 മുതല്‍ ആരംഭിച്ച 36-ാമത് ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയിലും ഇന്ത്യയില്‍ നിന്നുള്ള പ്രമുഖ പ്രസാധകരെ ഏകോപിപ്പിക്കുന്നത് ഡിസി ബുക്‌സാണ്. ഡി സി ബുക്‌സിന് 40 സ്റ്റാളുകളാണ് മേളയില്‍ ഉള്ളത്.

എന്റെ പുസ്തകത്തിലെ ലോകം’ എന്ന പ്രമേയത്തില്‍ നടക്കുന്ന പുസ്തകമേളയില്‍ മലയാളത്തില്‍ നിന്ന് മുപ്പതോളം എഴുത്തുകാരടക്കം ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് നൂറിലേറെ പ്രമുഖ എഴുത്തുകാരും ചിന്തകരും കലാകാരന്മാരും സംബന്ധിക്കുന്നുണ്ട്. യുകെ ആണ് ഇത്തവണത്തെ അതിഥി രാജ്യം. പുസ്തകപ്രദര്‍ശനവും വില്‍പനയും കൂടാതെ, ചര്‍ച്ചകള്‍, കവിയരങ്ങ്, കുട്ടികളുടെ പരിപാടി, എഴുത്തുകാരനുമായി മുഖാമുഖം, കലാപരിപാടികള്‍, പാചകവേദി, പ്രദര്‍ശനം എന്നിവയും മേളയില്‍ ഒരുക്കിയിട്ടുണ്ട്. നവംബര്‍ 11 വരെ നീളുന്ന പുസ്തകമേളയിലേക്കുള്ള പ്രവേശനം സൗജന്യമാണ്.

Comments are closed.