DCBOOKS
Malayalam News Literature Website

ഡി സി അന്താരാഷ്ട്രപുസ്തകമേളയും സാംസ്‌കാരികോത്സവവും ജൂലൈ 30 മുതല്‍ ആഗസ്റ്റ് 15 വരെ

kochi-book-fst

ഇരുപത്തിയഞ്ചാമത് ഡി സി അന്താരാഷ്ട്രപുസ്തകമേളയ്ക്കും സാംസ്‌കാരികോത്സവത്തിനും ജുലൈ 30 ന് മറൈന്‍ ഡ്രൈവ് ഗ്രൗണ്ടില്‍ തുടക്കമാവും. വൈകീട്ട് 5.30 ന് മേയര്‍ സൗമിനി ജെയിന്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ കവിയും സാംസ്‌കാരിക പ്രവര്‍ത്തകനുമായ സച്ചിദാനന്ദന്‍ പുസ്തകോത്സവം ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ സെബാസ്റ്റിയന്‍ പോള്‍, സേതു, റഫീക്ക് അഹമ്മദ് എന്നിവര്‍ പങ്കെടുക്കും. സച്ചിദാനന്ദന്റെ ഏറ്റവും പുതിയ കവിതാസമാഹാരമായ ‘സമുദ്രത്തിലേക്കു മാത്രമല്ല’ എന്ന പുസ്തകം ചടങ്ങില്‍ പ്രകാശിപ്പിക്കും.

17 ദിവസം നീളുന്ന പുസ്തകമേളയില്‍ ഇന്ത്യയിലും വിദേശത്തുമുള്ള 350 ലേറെ പ്രസാധകര്‍ പങ്കെടുക്കുന്നുണ്ട്. പെന്‍ഗ്വിന്‍-റാന്‍ഡം ഹൗസ്, ഹാപ്പര്‍കോളിന്‍സ്, ഒക്‌സ്‌ഫോഡ് യൂണിവേഴ്സ്റ്റി പ്രസ് തുടങ്ങി പ്രമുഖപ്രസാധകരാണ് മേളയില്‍ പങ്കെടുക്കുന്നത്. എല്ലാദിവസവും വൈകീട്ട് 5.30 ന് പുസ്തകപ്രകാശനങ്ങളും സാംസ്‌കാരിക പരിപാടികളും നടക്കും.

ജൂലൈ 31 ന് മലയാളം സര്‍വ്വകലാശാല വൈസ്ചാന്‍സിറും കവിയുമായ കെ. ജയകുമാര്‍ എഴുതിയ ‘നില്പുമരങ്ങള്‍’, കുരീപ്പുഴ ശ്രീകുമാറിന്റെ ‘ഉപ്പ’, സെബാസ്റ്റ്യന്‍ എഴുതിയ ‘അറ്റുപോകാത്തവര്‍’ എന്നീ കവിതാപുസ്തകങ്ങള്‍ പ്രകാശിപ്പിക്കും. കെ. ജയകുമാര്‍, മ്യൂസ് മേരി ജോര്‍ജ്,സെബാസ്റ്റ്യന്‍, കുരീപ്പുഴ ശ്രീകുമാര്‍ എന്നിവര്‍ പങ്കെടുക്കും.

അറുപതിലെത്തിയ മലയാളത്തിന്റെ പ്രിയപ്പെട്ട കവി ബാലചന്ദ്രന്‍ചുള്ളിക്കാടിന്റെ അറുപതുകവിതകളുടെ സമാഹാരമായ ‘രക്തകിന്നരം’ ആഗസ്റ്റ് ഒന്നിന് പ്രകാശിപ്പിക്കും. സുഗതകുമാരിയാണ് കവിതകളുടെ തിരഞ്ഞെടുപ്പ് നിര്‍വ്വഹിച്ചിരിക്കുന്നത്. ചടങ്ങില്‍ മലയാള കഥയുടെ അറുപതുവര്‍ഷങ്ങളെ അടയാളപ്പെടുത്തിക്കൊണ്ട് എന്‍ എസ് മാധവന്‍ എഡിറ്റ് ചെയ്ത ‘കേരളം 60-മലയാള കഥകള്‍’ എന്ന പുസ്തകവും പ്രകാശിപ്പിക്കും. എന്‍.എസ്. മാധവന്‍, പ്രിയ എ എസ്, കെ എ സെബാസ്റ്റ്യന്‍, കെ എന്‍ ഷാജി, സെബാസ്റ്റ്യന്‍, എസ് ഹരീഷ് എന്നിവര്‍ പങ്കെടുക്കും.

രണ്ടാം തീയതി ബെന്യാമിന്റെ ഏറ്റവും പുതിയ നോവലായ ‘മാന്തളിരിലെ ഇരുപത് കമ്മ്യൂണിസ്റ്റ് വര്‍ഷങ്ങള്‍’ എന്ന നോവലിന്റെ കവര്‍ചിത്രത്തിന്റെ പ്രകാശനം നടക്കും. തുടര്‍ന്ന് ബെന്യാമിന്റെ എന്റെ പ്രിയപ്പെട്ട കഥകള്‍, വി. മുസഫര്‍ അഹമ്മദ് എഴുതിയ’ മരിച്ചവരുടെ നോട്ടുപുസ്തകം’ എന്നീ പുസ്തകങ്ങള്‍ പ്രകാശിപ്പിക്കും. ചടങ്ങില്‍ സി രാധാകൃഷ്ണന്‍, അയ്മനം ജോണ്‍, മനോജ് കുറൂര്‍, കെ.വി.മണികണ്ഠന്‍, രാജീവ് ശിവശങ്കര്‍ എന്നിവര്‍ പങ്കെടുക്കും.

മൂന്നാം തീയതി കവിതാപുസ്തകങ്ങളുടെ പ്രകാശനം നടക്കും. എസ് ജോസഫിന്റെ  ‘മഞ്ഞ പറന്നാല്‍’, വി എം ഗിരിജയുടെ “മൂന്ന് ദീര്‍ഘകവിതകള്‍”, കെ ടി സൂപ്പിയുടെ ‘മഴയില്‍ ബുദ്ധന്‍’, അസീം താന്നിമൂടിന്റെ ‘കാണാതായ വാക്കുകള്‍’, ആര്യാംബികയുടെ ‘കാട്ടിലോടുന്ന തീവണ്ടി’, എം എസ് ബനേഷിന്റെ ‘നല്ലയിനം പുലയ അച്ചാറുകള്‍’, ‘അല്ലിയുടെ നിന്നിലേക്കുള്ള വഴികള്‍’ എന്നീ പുസ്തകങ്ങളാണ് പ്രകാശിപ്പിക്കുന്നത്. എസ് ജോസഫ്, വി എം ഗിരിജ, എസ് കലേഷ്, അജീഷ് ദാസന്‍, ആര്യാംബിക, എം എസ് ബനേഷ്, അസീം താന്നിമൂട്, കെ ടി സൂപ്പി, അല്ലി എന്നിവര്‍ പങ്കെടുക്കും.

നാലാം തീയതി പി കെ രാജശേഖരന്റെ ‘കഥാന്തരങ്ങള്‍’,പുരുഷാധിപത്യത്തിനെതിരെ 1882 ല്‍ പ്രസിദ്ധീകരിച്ച താരാബായ് ശിന്ദെയുടെ സ്ത്രീപുരുഷ തുലനം എന്നീ പുസ്തകങ്ങള്‍ പ്രകാശിപ്പിക്കും.സുനില്‍ പി ഇളയിടം, സിസ്റ്റര്‍ ജെസ്മി, പി എഫ് മാത്യൂസ്,  പി കെ രാജശേഖരന്‍ എന്നിവര്‍ പങ്കെടുക്കും.

അഞ്ചാം തീയതി ‘സമ്പൂര്‍ണ്ണ ജൈവകൃഷി സാധ്യതയും സാധുതയും’ എന്ന വിഷയത്തില്‍ രവിചന്ദ്രന്‍ സി നയിക്കുന്ന പൊതുസംവാദം നടക്കും.

ആറാം തീയതി സി ആര്‍.ഓമനക്കുട്ടന്റെ കഥകളുടെ പ്രകാശനം നടക്കും. ചടങ്ങില്‍ പ്രൊഫ.എം കെ സാനു, സത്യന്‍ അന്തിക്കാട്, വി പി ഗംഗാധരന്‍, ജോണ്‍ പോള്‍, എന്‍ സുഗതന്‍, സി ആര്‍.ഓമനക്കുട്ടന്‍ എന്നിവര്‍ പങ്കെടുക്കും.

ഏഴാം തീയതി ഐ സ് ആര്‍ ഒ യുടെ മുന്‍ ചെയര്‍മാന്‍ ജി മാധവന്‍നായരുടെ ആത്മകഥ ‘അഗ്നി പരീക്ഷകള്‍’ പ്രകാശിപ്പിക്കും. ഇന്ത്യന്‍ ബഹിരാകാശ ഗവേഷണരംഗത്തെ ഉള്ളറകളിലേക്ക് വെളിച്ചം വീശുന്ന കൃതിയാണ് ‘അഗ്നിപരീക്ഷകള്‍’.

എട്ടാം തീയതി മലയാളി ഗേയുടെ ആത്മകഥ ‘രണ്ടു പുരുഷന്മാര്‍ ചുംബിക്കുമ്പോള്‍’, കന്നട എഴുത്തുകാരനായ വസുധേന്ദ്രയുടെ ഗേ കഥകളുടെ സമാഹാരമായ ‘മോഹനസ്വാമി’ എന്നീ പുസ്തകങ്ങള്‍ പ്രകാശിപ്പിക്കും. ചടങ്ങില്‍ ലാസര്‍ ഷൈന്‍, ശീതള്‍ ശ്യാം, ജിജോ കുര്യാക്കോസ്, അരുന്ധതി ബി, കിഷോര്‍ കുമാര്‍, ആഷ് അഷിത എന്നിവര്‍ പങ്കെടുക്കും.

ഒന്‍പതാം തീയതി താഹാമാടായി രചിച്ച ‘മാമുക്കോയയുടെ മലയാളികള്‍’ എന്ന പുസ്തകം പ്രകാശിപ്പിക്കും. മാമുക്കോയ, വി ടി മുരളി, വി ആര്‍ സുധീഷ്, താഹാമാടായി എന്നിവര്‍ പ്രസംഗിക്കും.

പത്താം തീയതി പുതുനോവലുകളുടെ പ്രകാശനം നടക്കും. വി എം ദേവദാസിന്റെ ചെപ്പും പന്തും, ലിജി മാത്യുവിന്റെ ‘ദൈവാവിഷ്ടര്‍’, പ്രദീപ് ഭാസ്‌കറിന്റെ കാമാഖ്യ, ഫ്രാന്‍സിസ് നെറോണയുടെ ‘അശരണരുടെ സുവിശേഷം’, പി കണ്ണന്‍കുട്ടിയുടെ ‘ബഹുരൂപികള്‍’, ഷീബ ഇ കെയുടെ ‘മഞ്ഞ നദിയിലെ സൂര്യന്‍’, ബീനയുടെ ഒസ്സാത്തി എന്നിവയാണ് പ്രകാശിപ്പിക്കുന്ന നോവലുകള്‍. ടി ഡി രാമകൃഷ്ണന്‍, എന്‍ ഇ സുധീര്‍, ഫ്രാന്‍സിസ് നെറോണ, പ്രദീപ് ഭാസ്‌കര്‍, ലിജി മാത്യു, കണ്ണന്‍കുട്ടി, ഷീബ ഇ കെ, ലതാലക്ഷ്മി, ബീന, വി എം ദേവദാസ് എന്നിവര്‍ പങ്കെടുക്കും.

പതിന്നൊന്നാം തീയതി ജോസ് പനച്ചിപ്പുറത്തിന്റെ ‘വെടിക്കും പുലിക്കും തമ്മില്‍’, തമ്പി ആന്റണിയുടെ ഭൂതത്താന്‍കുന്ന്‌, റിമ കല്ലിങ്കല്‍, ആഷിക് അബു എന്നിവര്‍ എഡിറ്റ് ചെയ്ത അതെന്റെ ‘ഹൃദയമായിരുന്നു-മലയാളത്തിന്റെ ഇഷ്ട പ്രണയമൊഴികള്‍’, ബിപിന്‍ ചന്ദ്രന്‍ എഡിറ്റ് ചെയ്ത ‘ഓര്‍മ്മയുണ്ടോ ഈ മുഖം-മലയാളത്തിലെ പ്രശസ്ത സിനിമാ സംഭാഷണങ്ങള്‍’ എന്നീ പുസ്തകങ്ങള്‍ പ്രകാശിപ്പിക്കും. രണ്‍ജിപണിക്കര്‍, ലാല്‍ ജോസ്, ജോസ് പനച്ചിപ്പുറം, ബെന്യാമിന്‍, തമ്പി ആന്റണി എന്നിവര്‍ പങ്കെടുക്കും.

പന്ത്രണ്ടാം തീയതി ആരാച്ചാരിനുശേഷം കെ ആര്‍ മീര എഴുതിയ ‘സൂര്യനെ അണിഞ്ഞ ഒരു സ്ത്രീ’ എ്ന്ന നോവലിന്റെ കവര്‍ചിത്രപ്രകാശനം നടക്കും. ചടങ്ങില്‍ ഭഗവാന്റെ മരണം, ഇ പി ശ്രീകുമാറിന്റെ അദ്ധ്വാനവേട്ട, വി ജയദേവിന്റെ ഭയോളജി, സോക്രട്ടീസ് കെ വാലത്തിന്റെ ‘ന്യായവിധി’, വിനോയ് തോമസിന്റെ ‘രാമച്ചി’, കെ വി പ്രവീണിന്റെ ‘ഓര്‍മ്മച്ചിപ്പ്’, അജിജേഷ് പച്ചാട്ടിന്റെ ‘ദൈവക്കളി’ എന്നീ പുതുകഥകളുടെ പ്രകാശനവും നടക്കും. ഗ്രേസി, പി എഫ് മാത്യുസ്, പ്രമോദ് രാമന്‍, ഇ പി ശ്രീകുമാര്‍, വി ജയദേവ്, സോക്രട്ടീസ് കെ വാലത്ത്, വിനോയ് തോമസ്, അജിജേഷ് പച്ചാട്ട്, കെ വി പ്രവീണ്‍ എന്നിവര്‍ പങ്കെടുക്കും.

പതിമൂന്നാം തീയതി ജോര്‍ജ് പുളിക്കന്‍ എഴുതിയ രാഷ്ട്രീയ മുദ്രാവാക്യങ്ങളുടെസമാഹാരമായ തോറ്റചരിത്രം കേട്ടിട്ടില്ല, എന്‍ എം പിയേഴ്‌സണ്‍ എഴുതിയ വിമോചന സമര ചരിത്രം കൊന്തയും പൂണൂലും എന്നീ പുസ്തകങ്ങള്‍ പ്രകാശിപ്പിക്കും. ചടങ്ങില്‍ വി ഡി സതീശന്‍, എന്‍ പി രാജേന്ദ്രന്‍, അഡ്വ.ജയശങ്കര്‍, ജോര്‍ജ് പുളിക്കന്‍, എന്‍ എം പിയേഴ്‌സണ്‍ എന്നിവര്‍ പങ്കെടുക്കും.

പതിനാലാം തീയതി ഡോ.ബാബു ജോസഫിന്റെ’ പദാര്‍ത്ഥം മുതല്‍ ദൈവകണം വരെ’, ഡോ ടി പി സേതുമാധവന്റെ ‘പഠനവും തൊഴിലും വിജയമന്ത്രങ്ങള്‍’, പ്രൊഫ എസ് ശിവദാസിന്റെ ‘അല്‍ഹസന്‍ മുതല്‍ സി വി രാമന്‍വരെ’ എന്നീ പുസ്തകങ്ങള്‍ പ്രകാശിപ്പിക്കും. ഡോ. വി പി എന്‍ നമ്പൂതിരി, ഡോ.ബി.അശോക്, ഡോ.ബാബു ജോസഫ്, പ്രൊഫ എസ് ശിവദാസ്, ടി പി സേതുമാധവന്‍ എന്നിവര്‍ പങ്കെടുക്കും.

പുസ്തകമേളയുടെ ഭാഗമായി വിദ്യാര്‍ത്ഥികള്‍ക്കായി രചനാമത്സരങ്ങളും വിവിധ ദിവസങ്ങളില്‍ ഒരുക്കുന്നുണ്ട്.

Comments are closed.