DCBOOKS
Malayalam News Literature Website

ഈ മുന്‍കാഴ്ചയുടെ പേരിലാവും ‘ബിരിയാണി’ ഓര്‍മ്മിക്കപ്പെടുക…

സന്തോഷ് എച്ചിക്കാനം എഴുതി ‘ബിരിയാണി‘ എന്ന കഥസൃഷ്ടിച്ച വിവാദങ്ങളൊക്കെ കെട്ടടങ്ങിയെങ്കിലും ആ കഥയിലൂടെ അദ്ദേഹംപറഞ്ഞുവെച്ച ആശയം എന്നും നിലനില്‍ക്കുന്നതാണ്. മലയാള ചെറുകഥാസാഹിത്യത്തില്‍ തന്നെ ഈടുറ്റരചനയായി ബിരിയാണി നിലനിര്‍ത്തുന്നതും അതുതന്നെയാണ്. ‘ബിരിയാണി‘ എന്ന കഥാസമാഹരത്തിന് പുതിയൊരുപതിപ്പുകൂടിയിറങ്ങുമ്പോള്‍ ഡോ അബ്ദുല്‍ ലത്തിഫ് എഴുതിയ പഠനക്കുറിപ്പ് പുസ്തകത്തെ കൂടുതല്‍ സ്വീകാര്യമാക്കുന്നു.

ബിരിയാണിയില്‍ തെളിയുന്ന ‘ഡയസ്‌പോറ’

അമേരിക്കയിലെ ഡ്യൂക്ക് സര്‍വ്വകലാശാലയിലെ കള്‍ച്ചറല്‍ ആന്ത്രപ്പോളജി വിഭാഗത്തില്‍ പ്രൊഫസറായ എങ്‌സങ്‌ഹോയുമായി ജലീല്‍ പി.കെ.എം. നടത്തുന്ന ഒരു അഭിമുഖമുണ്ട് ചെമ്മാട് ദാറുല്‍ഹുദാ ഇസ്ലാമിക് യൂണിവേഴ്‌സിറ്റി പ്രസിദ്ധീകരണമായ ‘തെളിച്ചം’ വാര്‍ഷികപ്പതിപ്പില്‍. മാപ്പിളയുണ്ടായ യാത്രകള്‍ എന്ന പേരില്‍ പ്രത്യേക ഡയസ്‌പോറ പതിപ്പാണ് ഇത്. ദേശീയത അപ്രസക്തമായി, ദേശാന്തരബന്ധങ്ങള്‍ തിരിച്ചു പിടിക്കണം എന്ന എങ് സങ്‌ഹോയുടെ മുഖവാചകമാണ് വാര്‍ഷികപ്പതിപ്പിന്റെ ഹൈലൈറ്റ്. സ്വന്തം കാല്‍ക്കീഴില്‍ കുഴിച്ചു കുഴിച്ച് അവനവന്റെ ഇന്നലെയെ ഉറപ്പിക്കുന്നതിന്റെ കാലം കഴിഞ്ഞെന്നും വലിയ കണ്ണാടിയിലൂടെ നോക്കിയാല്‍ ദേശം, വംശം എന്നിവയുടെ സ്വതന്ത്രാസ്തിത്വം അലിഞ്ഞില്ലാതാവുമെന്നും പുതിയ ഡയസ്‌പോറ പഠനങ്ങള്‍ സമര്‍ത്ഥിച്ചുകൊണ്ടിരിക്കുന്നു.

അകത്തേക്കും പുറത്തേക്കുമുള്ള അനേകം സഞ്ചാരങ്ങളാണ് കേരളത്തെ രൂപപ്പെടുത്തിയിരിക്കുന്നത്. പുറത്തേക്ക് കാണുന്നതു പോലെ നിലനില്‍ക്കുന്നതല്ല ഇവിടെ കാണുന്ന സെക്ടുകള്‍. ഒന്നു തര്‍ക്കിച്ചു നോക്കിയാല്‍ ഹിന്ദു എന്ന സങ്കല്പം ചിതറിപ്പോകും. ‘നായര്‍ ഒരു മതമാണ്’ എന്ന എം.പി. നാരായണപ്പിള്ളയുടെ പഴയ കലാകൗമുദി ലേഖനം ഇവിടെ ഓര്‍ക്കാം. സൂക്ഷിച്ചുനോക്കിയാല്‍ ഇസ്‌ലാം എന്ന പൊതുസംജ്ഞയ്ക്കകത്തും സുന്നി, ഷിയ, അഹമ്മദിയാ തുടങ്ങിയ മതങ്ങളെ കാണാം. ഈ മതങ്ങള്‍ക്കകത്തെല്ലാം പരസ്പരം കലഹിക്കുന്ന ഉപജാതികളുണ്ട്, സാംസ്‌കാരിക ധാരക ളുണ്ട്. ജമാഅത്തെ ഇസ്‌ലാമി സ്ഥാപകനായ അബുള്‍ അഅ്‌ലാ മൗദൂതി 1953-ല്‍ പാക്ക് ജയിലില്‍ വധശിക്ഷയ്ക്കു വിധിക്കപ്പെടുന്നത് ഇരുന്നൂറോളം അഹമ്മദീയ മുസ്‌ലിങ്ങള്‍ കൊല്ലപ്പെട്ട കലാപത്തിലെ പങ്കാളിത്തം ആരോപിച്ചാണ്. മലബാറിലെ മാപ്പിളമാരെപ്പോലെ ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ ഭാഗങ്ങളിലെല്ലാം സങ്കര സമൂഹങ്ങളെ കാണാമെന്ന് എങ്‌സങ്‌ഹോ നിരീക്ഷിക്കുന്നുണ്ട്. കേരളത്തിലെ ക്രിസ്ത്യാനികളും പരസ്പരം ചേരാതെ പല അടരുകളില്‍ വൈവിധ്യവും വൈരുദ്ധ്യവും ഉള്‍വഹിക്കുന്നവരാണ്. സന്തോഷ് ഏച്ചിക്കാനത്തിന്റെ ‘ബിരിയാണി‘ എന്ന കഥയിലെ കലന്തന്‍ ഹാജി എന്ന കാസര്‍ക്കോടന്‍ മുതലാളിക്ക് കുറേക്കൂടി ഈടു കിട്ടുക കേരളം എന്ന ഭൂപ്രദേശത്തിനകത്തെ വൈവിധ്യങ്ങള്‍ കണ്ണി ചേരുന്ന മലയാളി എന്ന പൊതു സ്വത്വത്തിലാണ്.

റുബുല്‍ഖാലി മരുഭൂമിയിലൂടെ സഞ്ചരിക്കുന്ന വി. മുസഫര്‍ അഹമ്മദ്, നാല്പതോളം ഒട്ടകങ്ങളെ ഒറ്റയ്ക്ക് മേയ്ക്കുന്ന എത്യോപ്യാക്കാരനായ യൂസുഫ് മുഹമ്മദിനെ കണ്ടു മുട്ടുന്നുണ്ട്. (മരുമരങ്ങള്‍) സഞ്ചിയില്‍ ഉച്ചനേരത്ത് കഴിക്കാനുള്ള കുബ്ബൂസ്, തന്നെ തന്റെ രാഷ്ട്രത്തെക്കാളും സമ്പന്നനാക്കുന്നു എന്നാണ് യൂസുഫ് മുഹമ്മദ് പറയുന്നത്. ഈ നിമിഷം ഞാന്‍ എന്റെ നാടിനെ ഓര്‍ത്തു എന്ന് പിന്നീട് മുസഫര്‍ പറയുന്നുണ്ട്. തൊട്ടടുത്ത് ഒരു മനുഷ്യന്‍ നില്‍ക്കുമ്പോള്‍ അയാളില്‍ തന്നെത്തന്നെയാണോ അപരനെയാണോ കാണേണ്ടത് എന്നത് വലിയൊരു ചോദ്യമാണ്. മലയാളി പരന്നു വായിച്ച നോവലാണ് ബെന്യാമിന്റെ ‘ആടുജീവിതം‘. സാഹ സികമായി രക്ഷപ്പെട്ടെത്തുന്ന നജീബ് മരുഭൂമി താണ്ടി വഴിയരികില്‍ നില്‍ക്കുമ്പോള്‍ ഒരു മുന്തിയ കാര്‍ അയാള്‍ക്കു മുന്നില്‍ വാതില്‍ തുറക്കുന്നുണ്ട്. വര്‍ഷങ്ങളുടെ വൃത്തികേടിന്റെ നാറ്റമല്ല, അണയാന്‍ പോകുന്ന ജീവന്റെ നാളമാണ് പേരില്ലാത്ത ആ കോടീ ശ്വരന്‍ അറബി കാണുന്നത്. കലന്തന്‍ ഹാജിമാര്‍ ഒറ്റയ്ക്ക് ഉരു ഓടിച്ചു ചെല്ലുമ്പോള്‍ ആരും അവരെ ആട്ടിയകറ്റിയിട്ടില്ല. ആ കപ്പലോട്ടങ്ങള്‍ സാര്‍ത്ഥകമായതുകൊണ്ടാണ് രണ്ടാം തലമുറ അമേരിക്കയില്‍ കാര്‍ഡിയാക് സര്‍ജ്ജന്റെ പണിയെടുക്കുന്നത്; അവര്‍ ബാംഗ്ലൂരില്‍ നിക്കാഹ് നടത്തുന്നത്.

കലന്തന്‍ ഹാജിയുടെ പോരിശ പറയാന്‍ നാലുകെട്ടും കൊട്ടാ രവുമൊക്കെ വരച്ചിടുന്ന അതേ ലാഘവത്തില്‍ പ്രവാസത്തിന്റെ ഗതി ആധുനിക വിദ്യാഭ്യാസത്തിലേക്കും മെട്രോ നഗരങ്ങളിലേക്കും അമേരിക്ക എന്ന സ്വപ്‌നഭൂമിയിലേക്കും നീങ്ങുന്നത് കഥാകാരന്‍ കാണിച്ചു തരുന്നു. മലയാളി ഉണ്ടാക്കിവെച്ച അവനെ ക്കുറിച്ചുള്ള ബോധ്യങ്ങള്‍ ഈ കഥയില്‍ ചോദ്യം ചെയ്യപ്പെടുന്നുണ്ട്. മലയാളിയുടെ ഏതു പാരമ്പര്യത്തിന്റെ (ഹിന്ദു, മുസ്‌ലിം, ക്രിസ്ത്യന്‍, മാര്‍ക്‌സിസ്റ്റ് ബോധങ്ങള്‍) സ്‌കെയിലുകൊണ്ടളന്നാലും മലയാളി നല്ലവനാണ്, കരുണ്യവാനാണ്, വൃത്തിയുള്ളവനാണ്. അതുകൊണ്ടാണല്ലോ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍നിന്ന് മനുഷ്യന്‍ മലയാളത്തിലേക്കൊഴുകുന്നത്. ഇവിടെ ബംഗാളിയും ആസാമിയും മനുഷ്യനായി പരിഗണിക്കപ്പെടുന്നു. കടകള്‍, ബസ്സ്, തീവണ്ടി തുടങ്ങിയ പൊതു ഇടങ്ങളില്‍ അവന് സ്വീകാര്യതയുണ്ട്, നല്ല കൂലിയുണ്ട് എന്നെല്ലാമാണ് പൊതുവില്‍ മലയാളിവച്ചു പുലര്‍ത്തുന്ന ധാരണ. കുറഞ്ഞ വിലയ്ക്ക് കിട്ടുന്ന അവന്റെ അധ്വാനശേഷിയും ക്രയശേഷിയും മലയാളിയുടെ കച്ചവടമനസ്സ് സ്വീകരിച്ചിട്ടുണ്ട്. മീന്‍കച്ചവടക്കാര്‍ മുതല്‍ ബാങ്കുകള്‍വരെ അന്യദേശക്കാരനു വേണ്ടി ഉത്പന്നങ്ങള്‍ നിരത്തുന്നു. ബംഗാളിയോട് അവന്റെ ഭാഷയില്‍ സംസാരിക്കുന്ന ചന്തയില്‍ ബംഗാളിക്കു പക്ഷെ, നിരക്ക് വേറെയാണ്. ബാങ്കുകളില്‍ ക്യൂ വേറെയാണ്. ഇന്ത്യന്‍ എന്ന അസ്തിത്വത്തെ ചോദ്യംചെയ്യും മട്ടില്‍ അവര്‍ക്ക് വേറെ തിരിച്ചറിയല്‍രേഖകളാണ്. പള്ളികളില്‍ വെള്ളിയാഴ്ച പ്രാര്‍ത്ഥനയ്ക്ക് ആളു തികയ്ക്കാനും വിദ്യാലയത്തില്‍ ഡിവിഷന്‍ പോകാതെ നോക്കാനും ബംഗാളികള്‍ വേണം. പക്ഷേ, കൂട്ടിത്തൊടീക്കാന്‍ പറ്റാത്ത വിശ്വാസക്കുറവിന്റെയും വൃത്തികേടിന്റെയും ഒരു ആവരണം മലയാളി അവനുമേല്‍ ചാര്‍ത്തിയിട്ടുണ്ട്. ആസാമില്‍ തോട്ടമുണ്ടാക്കാനും റെയില്‍വെ ലൈന്‍ വലിക്കാനും പോയ, മരുഭൂമിയില്‍ എണ്ണയ്ക്കുവേണ്ടി ലക്ഷ്യമില്ലാതെ അലയാന്‍ പോയ മലയാളിയുടെ ദൈന്യത, ദാരിദ്ര്യം ഇവയൊന്നും കേരളത്തിലേക്ക് പച്ചപ്പു തേടിയെത്തുന്ന അന്യദേശക്കാരില്‍ നമുക്കു കാണാന്‍ കഴിയുന്നില്ല. അവന്‍ ക്രിമിനലോ തീവ്രവാദിയോ മയക്കു മരുന്നിന് അടിമയോ ഒക്കെ ആവാം. ഇസ്രായേലിലെ പുതുമുറക്കവികളില്‍ പ്രസിദ്ധനായ അമീര്‍ ഓര്‍ ഒരു ഭക്ഷണത്തിനിടയ്ക്ക് ടി.പി. രാജീവനോട് ‘രാജീവന്‍ എപ്പോഴെങ്കിലും മീന്‍ പിടിച്ചിട്ടുണ്ടോ’ എന്ന് ചോദിക്കുന്നുണ്ട് (പുറപ്പെട്ടു പോകുന്ന വാക്ക്). തുടര്‍ന്ന് ഗ്രീക്ക് ദ്വീപില്‍ മീന്‍ പിടുത്തക്കാരനായി ജീവിച്ച അനുഭവം അദ്ദേഹം വിവരിക്കുന്നു.

മക്കളും ചെറുമക്കളും കൊച്ചുമക്കളും ഗര്‍ഭിണികളുമടങ്ങുന്ന ഒരു വലിയ സംഘം മീനുകള്‍ വലക്കണ്ണികളിലൂടെ പുറത്തേക്കു നോക്കുന്നതു കണ്ടപ്പോള്‍ സമീറിന് നാസി ക്യാമ്പുകളിലകപ്പെട്ട തന്റെ മുത്തശ്ശനെയും മുത്തശ്ശിയെയും ഓര്‍മ്മ വരുന്നു. ഫോര്‍ച്യൂണറില്‍ വന്നിറങ്ങുന്ന അസൈനാര്‍ച്ച എന്ന മലയാളി സൗദിയിലെ പാലത്തിനു ചുവട്ടില്‍ വിശന്നിരിക്കുന്ന മലയാളിയെ ഓര്‍ക്കുന്നേയില്ല എന്നതാണ് ‘ബിരിയാണി‘ ഉണ്ടാക്കുന്ന വലിയ ഞെട്ടല്‍. അന്യദേശക്കാരനില്‍ ഉരച്ചു നോക്കിയാല്‍ മലയാളിക്ക് അവന്റെ തനിമുഖം തെളിഞ്ഞുകിട്ടും. ജനസംഖ്യയുടെ പത്തു ശതമാനത്തിലധികമെത്തിനില്‍ക്കുന്ന അന്യദേശക്കാരുടെ അംഗസംഖ്യ മലയാളിയുടെ സംസ്‌കാരത്തെ സൂക്ഷ്മമായി സ്വാധീനിച്ചുകൊണ്ടിരിക്കുക
യാണ്.

സാഹിത്യരൂപങ്ങളില്‍ കഥകളിലാണ് സാങ്കേതികവിദ്യയും സാമൂഹിക മാറ്റങ്ങളും ആദ്യം അടയാളപ്പെടുക.‘ബിരിയാണി‘ പ്രസക്തമാകുന്നത് മുഖ്യപ്രമേയത്തിന് സമാന്തരമായി ആഖ്യാനം ചെയ്യപ്പെട്ട ‘ഡയസ്‌പോറിക്’ ഗൃഹാതുരത്വംകൊണ്ടാണ്. അതുകൊണ്ടുതന്നെ കേരളത്തെ ആധാരമാക്കിയുള്ള ഡയസ്‌പോറ പഠനങ്ങളുടെ പാഠപുസ്തകമായി മാറാനിടയുള്ള ചെറുകഥയാണിത്. സാമൂഹ്യമാധ്യമങ്ങളില്‍ ‘ബിരിയാണി‘യുമായി ബന്ധപ്പെട്ട് വന്ന ചര്‍ച്ചകളിലൊന്നില്‍ എം.സി. അബ്ദുള്‍നാസര്‍ ചൂണ്ടിക്കാണി ക്കുന്നതു പോലെ ഈ മുന്‍കാഴ്ചയുടെ പേരിലാവും കഥ ഓര്‍മ്മിക്കപ്പെടുക.

Comments are closed.